റൗഫ് കോടത്തൂര്‍
അബ്ദുള്‍ പുന്നയൂര്‍ക്കുളം രചിച്ച ‘പറക്കും പക്ഷിയെ പ്രണയിക്കുന്നവര്‍’ എന്ന നോവലിനെപ്പറ്റിയാണ് ഇവിടെ പ്രതിപാദിക്കുന്നത്. പ്രമേയം: ജോലി തേടി അമേരിക്കയിലെത്തുന്ന ഒരു നാടന്‍ ചെറുപ്പക്കാരന്റെ യൗവ്വനം നീന്തിക്കടന്ന വൈതരണികള്‍ പശ്ചാത്തലമാക്കി അരങ്ങേറുന്ന ഒരു ശുദ്ധ പ്രണയമാണ് തുടക്കം. കേന്ദ്ര കഥാപാത്രമായ ഷാഫിയിലൂടെ അനാവരണം ചെയ്യപ്പെടുന്ന സാഹസങ്ങളുടെ പ്രവാഹം വായനക്കാരെയും കൂടെ കൊണ്ടുപോകുന്ന നിലയിലേക്ക് പുരോഗമിക്കുന്നു.
പ്രണയ മൊട്ടുകള്‍, സുഗന്ധം പരത്തുന്ന പൂക്കളായി വിടരുന്നു, സിന്ധ്യ എന്ന അമേരിക്കന്‍ സുന്ദരിയിലൂടെ. അധികം വൈകാതെ ആ പൂക്കള്‍ വാടി തളര്‍ന്നു മണ്ണില്‍ വീണടിയുന്നു. ഇതിലേക്ക് നയിച്ച പ്രകൃതിയുടെ നിഗൂഡ ആസൂത്രണം വായനക്കാരുടെ ഹൃദയത്തെ സ്പര്‍ശിക്കുന്നുണ്ട്. ആ പക്ഷി പറന്നകലുന്നതും നോക്കി നിസ്സഹായനായി നില്‍ക്കുന്ന നായകന്റെ കൂടെ വായനക്കാരെയും കാണാനാവും. മറ്റൊരു പക്ഷിയെ സമൂഹം കൊണ്ടുവരുന്നുണ്ട്; ഒപ്പം സംഘര്‍ഷങ്ങളുടെ കൂമ്പാരവും. ഇതിലൂടെയെല്ലാം നീന്തിക്കയറുന്ന നായകന്‍ അവശനും രോഗിയും വിധിയുടെ ഇരയുമായി മാറുന്നു. പറന്നകന്നുകൊണ്ടിരിക്കുന്ന ഈ നാടന്‍ പക്ഷി തിരികെ പറക്കുന്നുണ്ട്, താന്‍ താറുമാറാക്കിയ ചില്ലകളുടെ കൂട്ടിലേക്ക്.
അനുഭവങ്ങളുടെ അനാട്ടമിയും ഫിസിയോളജിയും മനോഹരമായി വിവരിക്കുന്ന ആഖ്യാന മികവ്
നോവലില്‍ ഉടനീളം ഒരു സ്‌ത്രൈണ മനസ്സിന്റെ ചലനങ്ങള്‍ കൃത്യമായി നിരീക്ഷിച്ചുകൊണ്ടുള്ള നോവലിസ്റ്റിന്റെ മുന്നോട്ടുള്ള യാത്ര ശ്രദ്ധേയമാണ്.
.
നോവലിലെ രണ്ട് സ്ത്രീകഥാപാത്രങ്ങള്‍ നായകന്റെ ജീവിതത്തെ കാര്യമായി മാറ്റി മറിക്കുന്നുണ്ട്. സിന്ധ്യ എന്ന അമേരിക്കന്‍ വനിത ഷാഫി (പ്രധാന കഥാപാത്രം ) യുടെ അനാര്‍ഭാടമായ ജീവിതത്തിലേക്ക് ഒരു കുളിര്‍ക്കാറ്റ് പോലെ കടന്നുവരുന്നുണ്ട്. നന്മകള്‍ കൊണ്ട് സമൃദ്ധമായ സിന്ധ്യയിലൂടെ അയാള്‍ പ്രണയത്തിന്റെ മധുരവും നോവും അറിയുകയായി. കഷ്ടപ്പാടിന്റെ ദുര്‍ഘടവഴികള്‍ താണ്ടി അമേരിക്കയിലെത്തിയ ഷാഫി ആദ്യമായി പ്രണയത്തിന്റെ നിഗൂഢ രീതികള്‍ അനുഭവിക്കാന്‍ തുടങ്ങി. സ്‌നേഹവും ത്യാഗസന്നദ്ധതയും വേണ്ടുവോളം നിറച്ചുവെച്ച ഒരു സ്വര്‍ണ്ണപാത്രം പോലെ സിന്ധ്യ അയാളുടെ ഉണ്‍മയില്‍ നിറഞ്ഞു. അവര്‍ വിവാഹിതരായി. പ്രണയത്തിന്റെ കുളിരാര്‍ന്ന വസന്തം, ജീവിതം ഒരുക്കിവെച്ച ഋതുഭേദങ്ങളിലേക്കു സംക്രമിക്കുന്ന ദയാരഹിതമായ രീതികള്‍ നോവലിസ്റ്റ് മനോഹരമായി വരച്ചുകാട്ടുന്നുണ്ട്.
ഈ ഘട്ടത്തില്‍ കഥയുടെ ഒഴുക്ക് മനഃശാസ്ത്ര വീക്ഷണ കോണിലൂടെയാണ്. നന്മകളാല്‍ മാത്രം ജീവിതം പുഷ്ടിപ്പെടുത്തുന്ന സിന്ധ്യ തന്റെ അഗതി സ്‌നേഹവും സേവന സന്നദ്ധതയും ദൈവസമര്‍പ്പണവും തടസ്സമില്ലാതെ, ഒരു നഴ്‌സ് എന്നനിലയില്‍ നിരന്തരം തെളിയിച്ചുകൊണ്ടിരുന്നു. തന്റെ ഗര്‍ഭപാത്ര മുഴകള്‍ അപകടകരമായ രീതിയിലേക്ക് വളര്‍ന്നിട്ടും ചികിത്സ തേടാതെ, സ്വീകരിക്കാതെ അവള്‍ സൗമ്യയായി മുന്നോട്ട് പോകുന്നു. ഒരിക്കലും അതിന്റെ കാരണം ഷാഫിക്ക് മനസ്സിലായില്ല; വായനക്കാര്‍ക്കും.
ഈ മൗനത്തിലൂടെയാണ് കഥാകാരന്‍ സ്ത്രീയുടെ മനഃശാസ്ത്രപരമായ വൈരുദ്ധ്യങ്ങള്‍ വായനക്കാരുടെ മുന്നിലേക്ക് വെച്ചു തരുന്നത്. സ്ത്രീക്ക് ഒരിക്കലും കൈവിടാനാവാത്ത നിര്‍ബന്ധങ്ങള്‍ അവളില്‍ ഒളിപ്പിച്ചു വച്ചിരിക്കുന്നു. ഇവിടെ നായകന്‍ പ്രണയത്തിന്റെ അന്ധതയില്‍നിന്ന് തെന്നിമാറി ജീവിതമെന്ന മഹാ യാഥാര്‍ഥ്യത്തിലേക്ക് നോക്കുന്നു, വിവാഹ മോചനം നേടുന്നു… എങ്കിലും വിസ്മയകരമായ ഒരു കാര്യം, സിന്ധ്യ ഇപ്പോഴും ആ പ്രണയ മാസ്മരികതയില്‍ തന്നെ തുടരുന്നു.
ഷാഫി ഡിവോഴ്സിന് നിര്‍ബന്ധിക്കുമ്പോഴും സിന്ധ്യ പറയുന്നുണ്ട് ‘ I’ll never give you a divorce in a million years. Don’t even think about it.’ നോവലിസ്റ്റ് ഇതൊക്കെ പറയുമ്പോഴും സ്വയം വികാരത്തിനു വിധേയനാവുന്നില്ല. ആഖ്യാന മികവ് ഈ നിയന്ത്രിത ശൈലിയിലൂടെ വെളിപ്പെടുന്നു.
അധികം വൈകാതെ ശാഫി സ്വദേശത്തു നിന്ന് ഒരു സുന്ദരിയെ വിവാഹം കഴിക്കുന്നു. അതില്‍ ഒരു ആണ്‍കുട്ടി ജനിക്കുന്നു. ഇവിടെ സാബി എന്ന ഭാര്യ ഇയാളുടെ ജീവിതത്തെ സംഘര്‍ഷത്തിലാഴ്ത്തുന്നു.
പൊസ്സസ്സീവ്‌നെസ്സും മറ്റ് നിര്‍ബന്ധങ്ങളും നിബന്ധനകളും കുടുംബത്തില്‍ വിളളലുകള്‍ സൃഷ്ടിക്കുന്നു. വികലവും പ്രയോഗിച്ചു പരിചയമില്ലാത്തതുമായ ധാരണകള്‍ ഗാര്‍ഹിക ജീവിതത്തില്‍ നിര്‍ണ്ണായകമായിത്തീരുന്ന ദൃശ്യമാണ് നോവലിസ്റ്റ് കാണിച്ചു തരുന്നത്. സാബിയുടെ വിശ്വാസങ്ങള്‍, മൂല്യസംഹിതകള്‍ എല്ലാം തന്നെ, നിരന്തര മാനസികമാത്സര്യങ്ങള്‍ക്ക്
വഴിയൊരുക്കുന്നു. മകന്റെ ബാല്യ കൗമാരങ്ങളെ പോലും ഏകപക്ഷീയമായി സ്വാധീനിക്കുന്ന അവസ്ഥയിലേക്ക് അഭിപ്രായവ്യത്യാസങ്ങള്‍ കനക്കുന്നു. ഷാഫി സ്വന്തം കുടുംബത്തില്‍ അനാഥത്വം നേരിടുന്ന ദയനീയ ദൃശ്യം; അതിവൈകാരികത ഒട്ടും കലര്‍ത്താതെ അനാവരണം ചെയ്യപ്പെടുന്നുണ്ട്.
സിന്ധ്യയും സാബിയും രണ്ട് ധ്രുവങ്ങളിലാണെങ്കിലും അവരില്‍ പൊതുവായി കാണുന്ന ഒന്ന് അവരുടെ നിര്‍ബന്ധങ്ങളാണ്. അയവില്ലാത്ത നിലപാടുകള്‍. സിന്ധ്യയില്‍ കാണുന്നത് യുക്തിരഹിതമായ, സ്വയം ഉരുകി തീര്‍ന്നു കൊണ്ടിരിക്കുമ്പോഴും സജീവമായിരിക്കുന്ന സഹജീവി സ്‌നേഹം. ഒരിക്കല്‍ മുളച്ച പ്രണയം കൈവിടാതിരിക്കാനുള്ള ദൃഢനിശ്ചയം ഇതൊക്കെ സന്ധ്യയില്‍ പ്രകടമാണ്. സാബിയില്‍ കാണുന്നത് distorted ധാരണകളാണ്. സിന്ധ്യയുടെ സ്‌നേഹത്തിന്റെ സുഗന്ധം ഷാഫി അറിഞ്ഞുവരുമ്പോഴേക്കും സമയം വൈകിയതായി തോന്നുന്നു!
സമൂഹവും ചെറുപ്പകാലത്തുണ്ടാവുന്ന ഇന്‍ഡോക്ട്രിനേഷനും മനുഷ്യരെ തെറ്റായ വഴിയിലൂടെ നയിക്കുന്നു എന്ന സന്ദേശം നല്‍കുന്നതില്‍ നോവല്‍ വിജയിച്ചിരിക്കുന്നു.
Those who love the flying bird

















