വാഷിംഗ്ടണ്: അമേരിക്കയില് ജനിക്കുന്ന കുട്ടികള്ക്ക് ലഭിക്കുന്ന ജന്മാവകാശ പൗരത്വം നിയന്ത്രിക്കാനുള്ള നടപടികളുടെ ഭാഗമായി കുട്ടികള്ക്കായി പാസ്പോര്ട്ടിന് അപേക്ഷിക്കുമ്പോള് മാതാപിതാക്കളുടെ പൗരത്വമോ കുടിയേറ്റ പദവിയോ തെളിയിക്കുന്ന രേഖകള് സമര്പ്പിക്കുന്നത് നിര്ബന്ധമാക്കാന് ഡോണള്ഡ് ട്രംപ് ഭരണകൂടം ഒരുങ്ങുന്നു. മാതാപിതാക്കളോ നിയമപരമായ രക്ഷിതാക്കളോ സ്വന്തം പൗരത്വം അല്ലെങ്കില് യുഎസിലെ കുടിയേറ്റ പദവി തെളിയിക്കണമെന്ന വ്യവസ്ഥ ഉള്പ്പെടുത്തിയ കരട് മാര്ഗനിര്ദേശമാണ് സ്റ്റേറ്റ് ഡിപ്പാര്ട്ട്മെന്റ് തയ്യാറാക്കിയതെന്ന് റോയിട്ടേഴ്സ് റിപ്പോര്ട്ട് ചെയ്തു.
നിലവിലെ നിയമപ്രകാരം യുഎസില് ജനിച്ച കുട്ടിയുടെ പാസ്പോര്ട്ടിന് അപേക്ഷിക്കുമ്പോള് മാതാപിതാക്കള് കുട്ടിയുമായുള്ള ബന്ധവും സര്ക്കാര് അനുവദിച്ച ഫോട്ടോ തിരിച്ചറിയല് രേഖയും ഹാജരാക്കിയാല് മതിയാകും. അപേക്ഷാ ഫോമില് മാതാപിതാക്കളുടെ പൗരത്വ നില രേഖപ്പെടുത്തേണ്ടതുണ്ടെങ്കിലും, കുടിയേറ്റ പദവി തെളിയിക്കുന്ന രേഖകള് സാധാരണയായി നിര്ബന്ധമല്ല. പുതിയ നിര്ദേശം നടപ്പായാല് സാധുവായ യുഎസ് പാസ്പോര്ട്ട്, ജനന സര്ട്ടിഫിക്കറ്റ് തുടങ്ങിയ പൗരത്വ രേഖകളോ ക94 ഫോം, ഗ്രീന് കാര്ഡ് തുടങ്ങിയ കുടിയേറ്റ രേഖകളോ സമര്പ്പിക്കേണ്ടിവരും.
പുതിയ നിര്ദേശപ്രകാരം മാതാപിതാക്കളുടെ വിവരങ്ങളും പൗരത്വം അല്ലെങ്കില് കുടിയേറ്റ പദവിയുടെ തെളിവുകളും പരിശോധിച്ച ശേഷമായിരിക്കും കുട്ടിക്ക് യുഎസ് പൗരത്വത്തിന് അര്ഹതയുണ്ടോ എന്ന് സര്ക്കാര് നിര്ണയിക്കുക.
ജന്മാവകാശ പൗരത്വം നിയന്ത്രിക്കാനുള്ള ട്രംപിന്റെ നീക്കത്തിനെതിരെ നിലവില് വിവിധ കോടതികളില് നിയമപോരാട്ടം തുടരുകയാണ്. ട്രംപിന്റെ മുന് ഉത്തരവ് ഭരണഘടനാവിരുദ്ധമാണെന്ന് യുഎസ് സുപ്രീം കോടതി നേരത്തെ വിധിച്ചിരുന്നു. പുതിയ ഉത്തരവ് പ്രാബല്യത്തില് വരുന്നത് തടയണമെന്നാവശ്യപ്പെട്ട് കുട്ടികള്ക്കുവേണ്ടി ക്ലാസ്-ആക്ഷന് ഹര്ജികളും നല്കിയിട്ടുണ്ട്. ബൈഡന് നിയമിച്ച യുഎസ് ജില്ലാ ജഡ്ജി ഡെബോറ ബോര്ഡ്മാനും ട്രംപിന്റെ പുതിയ ഉത്തരവിനെക്കുറിച്ച് സംശയങ്ങള് പ്രകടിപ്പിക്കുകയും ഹര്ജി ഭേദഗതി ചെയ്യാന് പരാതിക്കാര്ക്ക് അനുമതി നല്കുകയും ചെയ്തു.
അമേരിക്കന് പൗരത്വത്തിന്റെ അടിസ്ഥാന വ്യവസ്ഥകളില് മാറ്റം വരുത്താനുള്ള ട്രംപ് ഭരണകൂടത്തിന്റെ പ്രധാന അജന്ഡകളിലൊന്നാണ് ജന്മാവകാശ പൗരത്വ നിയന്ത്രണം. ട്രംപിന്റെ ആദ്യ ഉത്തരവ് യുഎസ് പൗരനോ നിയമപരമായി സ്ഥിരതാമസാവകാശമുള്ള ഗ്രീന് കാര്ഡ് ഉടമയോ ആയ കുറഞ്ഞത് ഒരു മാതാപിതാവുള്ള കുട്ടികള്ക്ക് മാത്രമായി ജനനസമയത്തെ സ്വമേധയാ ലഭിക്കുന്ന പൗരത്വം പരിമിതപ്പെടുത്താനായിരുന്നു. എന്നാല്, ഭരണഘടനയുടെ 14-ാം ഭേദഗതിയിലെ സിറ്റിസണ്ഷിപ്പ് ക്ലോസ് ലംഘിക്കുന്നതാണ് ഉത്തരവെന്ന് സുപ്രീം കോടതി വിധിച്ചിരുന്നു.
Trump administration moves to make parents’ citizenship and immigration documents mandatory for children’s passports.

















