swayamvara
pulimoottil

വൈറ്റ് ഹൗസിലെ ട്രംപിന്റെ പ്രിയപ്പെട്ടവർക്ക് വൻ തുക സമ്മാനം; രേഖകൾ പുറത്തുവന്നതോടെ വിവാദ കെടുങ്കാറ്റ്, വിശദീകരണവുമായി വൈറ്റ് ഹൗസ്

വൈറ്റ് ഹൗസിലെ ട്രംപിന്റെ പ്രിയപ്പെട്ടവർക്ക് വൻ തുക സമ്മാനം; രേഖകൾ പുറത്തുവന്നതോടെ വിവാദ കെടുങ്കാറ്റ്, വിശദീകരണവുമായി വൈറ്റ് ഹൗസ്

വാഷിംഗ്ടൺ: മുൻനിര സഹായികൾക്ക് പതിനായിരക്കണക്കിന് ഡോളർ പണമായി സമ്മാനം നൽകിയ സംഭവത്തിൽ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപും വൈറ്റ് ഹൗസും പ്രതിരോധത്തിലായി. ട്രംപിന്റെ സഹായികളായ നതാലി ഹാർപ്പ്, മാർഗോ മാർട്ടിൻ, ചേംബർലെയ്ൻ ഹാരിസ് എന്നിവർക്ക് 45,000 ഡോളർ (ഏകദേശം 38 ലക്ഷത്തിലധികം രൂപ) വീതവും വാൾട്ട് നൗട്ടയ്ക്ക് 20,000 ഡോളറും സമ്മാനമായി നൽകിയെന്നാണ് ഔദ്യോഗിക സാമ്പത്തിക വെളിപ്പെടുത്തൽ രേഖകളിലുള്ളത്.

‘അവധിക്കാല പണസമ്മാനം’ എന്നാണ് രേഖകളിൽ ഈ തുകയെ വിശേഷിപ്പിച്ചിരിക്കുന്നത്. സർക്കാരിൽനിന്ന് പ്രതിവർഷം ലഭിക്കുന്ന 1,50,000 ഡോളർ ശമ്പളത്തിന് പുറമെയാണ് ജീവനക്കാർക്ക് ഈ തുക ലഭിച്ചത്. സർക്കാർ ഉദ്യോഗസ്ഥർ ഔദ്യോഗിക പദവിക്ക് പുറത്തുനിന്ന് പ്രതിഫലം സ്വീകരിക്കുന്നത് ഫെഡറൽ നിയമപ്രകാരം നിയന്ത്രിക്കപ്പെട്ടിരിക്കുന്ന സാഹചര്യത്തിൽ, പണസമ്മാനം നൽകിയത് നിയമപരമാണോ എന്നതടക്കമുള്ള ചർച്ചകൾക്ക് ഇത് വഴിവെച്ചിട്ടുണ്ട്.

അതേസമയം, നടപടിയെ ന്യായീകരിച്ച് വൈറ്റ് ഹൗസ് വക്താവ് ഡേവിസ് ഇംഗിൾ രംഗത്തെത്തി. തന്റെ കൂടെയുള്ള ജീവനക്കാർക്കും സഹായികൾക്കും ക്രിസ്മസ് കാലയളവിൽ ട്രംപ് സമ്മാനങ്ങൾ നൽകുന്നത് വർഷങ്ങളായി തുടരുന്ന പതിവാണെന്ന് അദ്ദേഹം പറഞ്ഞു. ജീവനക്കാരുടെ ഔദ്യോഗിക ചുമതലകളുമായി ബന്ധപ്പെട്ട പ്രതിഫലമല്ല ഈ തുകയെന്നും വ്യക്തിപരമായ സമ്മാനം മാത്രമാണെന്നും വൈറ്റ് ഹൗസ് വ്യക്തമാക്കി.

അതുകൊണ്ടുതന്നെ നിലവിലെ നിയമങ്ങളോ പൊതുപെരുമാറ്റച്ചട്ടങ്ങളോ ലംഘിച്ചിട്ടില്ലെന്നാണ് ഭരണകൂടത്തിന്റെ വാദം. കീഴുദ്യോഗസ്ഥർ മേലധികാരികളിൽനിന്ന് സമ്മാനങ്ങൾ സ്വീകരിക്കുന്നതിന് ഫെഡറൽ നിയമങ്ങളിൽ പ്രത്യേക വിലക്കുകളില്ലെന്നും വൈറ്റ് ഹൗസ് ചൂണ്ടിക്കാട്ടി. ‘വാഷിംഗ്ടൺ പോസ്റ്റ്’ ആണ് ട്രംപ് സഹായികൾക്ക് നൽകിയ വൻ തുകയുടെ വിവരങ്ങൾ ആദ്യം പുറത്തുവിട്ടത്.

Share Email
LATEST excelnclexrn
More Articles
Top