ലോസ് ആഞ്ചലസ്: ലോസ് ആഞ്ചലസിനു സമീപം കാര്‍സണ്‍ നഗരത്തില്‍ ജലാശയത്തില്‍ അടുത്തടുത്ത ദിവസങ്ങളില്‍ രണ്ടു മൃതദേഹങ്ങള്‍ കണ്ടെത്തി. പെണ്‍കുട്ടിയുടെയും പുരുഷന്റെയും മൃതദേഹങ്ങള്‍ തിരിച്ചറിയാനുള്ള ശ്രമം അധികൃതര്‍ ആരംഭിച്ചു.. രണ്ട് മരണങ്ങളും വ്യത്യസ്ത സംഭവങ്ങളായാണ് അന്വേഷിക്കുന്നതെന്നും ലോസ് ആഞ്ചലസ് കൗണ്ടി ഷെരീഫ്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് അറിയിച്ചു.
ചൊവ്വാഴ്ചയാണ് കാര്‍സണ്‍ നഗരത്തിലെ ഡൊമിങ്വെസ് ചാനല്‍ ബൈക്ക് പാതയ്ക്ക് സമീപം ജലത്തില്‍ പൊങ്ങിക്കിടക്കുന്ന നിലയില്‍ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ഡൗണ്‍ടൗണ്‍ ലോസ് ആഞ്ചലസില്‍ നിന്ന് ഏകദേശം 15 മൈല്‍ തെക്കായാണ് കാര്‍സണ്‍ സ്ഥിതി ചെയ്യുന്നത്. മരിച്ച പെണ്‍കുട്ടിക്ക് 13 വയസില്‍ താഴെയാണ് പ്രായമെന്നാണ് മെഡിക്കല്‍ എക്‌സാമിനര്‍ ഓഫീസിന്റെ പ്രാഥമിക നിഗമനം.മൃതദേഹം പൂര്‍ണമായി ജീര്‍ണിച്ച നിലയിലായിരുന്നുവെന്ന് അധികൃതര്‍ പറഞ്ഞു. പെണ്‍കുട്ടിയെക്കുറിച്ചുള്ള വിവരങ്ങള്‍ അധികൃതര്‍ക്ക് ലഭ്യമായിട്ടില്ല. ബുധനാഴ്ച രാവിലെ ഇതേ ഡൊമിങ്വെസ് ചാനലില്‍ നിന്ന് ഏതാനും അകലെയായി മറ്റൊരു മൃതദേഹവും കണ്ടെത്തി.
ഏകദേശം 50 വയസ്സ് പ്രായമുള്ള കറുത്ത വര്‍ഗക്കാരനായ പുരുഷന്റേതാണ് മൃതദേഹമെന്നാണ് അധികൃതരുടെ നിഗമനം. ഇയാള്‍ മരിച്ചിട്ട് 24 മണിക്കൂറില്‍ താഴെയായിരിക്കാമെന്നും പ്രാഥമിക പരിശോധനയില്‍ വ്യക്തമായ പരിക്കുകളോ അക്രമത്തിന്റെ സൂചനകളോ കണ്ടെത്തി യിട്ടില്ലെന്നും ഷെരീഫ്‌സ് ഓഫീസ് അറിയിച്ചു. ഈ മരണത്തിലും പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പുരോഗമിക്കുകയാണ്.ഇരുവരുടെയും വ്യക്തി വിവരങ്ങള്‍ കണ്ടെത്തുന്നതിനായി ലഭ്യമായ എല്ലാ മാര്‍ഗങ്ങളും പരിശോധിച്ചുവരികയാണെന്ന് കാര്‍സണ്‍ മേയര്‍ പ്രോ ടെംപോര്‍ സെഡ്രിക് ഹിക്‌സ് പറഞ്ഞു.
Two bodies, including that of a girl, were found in a body of water near the city of Carson.

















