വാഷിംഗ്ടണ്‍: പണപ്പെരുപ്പം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി യുഎസ് ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് കാല്‍ ശതമാനം ഉയര്‍ത്തി. 2023 ജൂലൈയ്ക്ക് ശേഷം ആദ്യമായാണ് ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് വര്‍ധിപ്പിക്കുന്നത്. ഇതോടെ രാജ്യത്തെ പലിശനിരക്ക് 3.75 ശതമാനം മുതല്‍ നാലു ശതമാനം വരെയുള്ള പരിധിയിലെത്തി. ഇറാന്‍ യുദ്ധത്തെ തുടര്‍ന്നുണ്ടായ മാസങ്ങളായുള്ള വിലക്കയറ്റം നിയന്ത്രിക്കുന്നതിനാണ് പുതിയ നടപടി.
പലിശ നിരക്ക് ഉയര്‍ത്തിയ ഫെഡറല്‍ റിസര്‍വിന്റെ തീരുമാനത്തെ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വിമര്‍ശിച്ചു. പലിശനിരക്ക് കുറയ്ക്കണമെന്ന ആവശ്യം അദ്ദേഹം വീണ്ടും ഉന്നയിച്ചു.അമേരിക്കയ്ക്കായി പലിശനിരക്ക് വേഗത്തില്‍ കുറയ്ക്കണമെന്നായിരുന്നു ട്രംപിന്റെ പ്രതികരണം. അതേസമയം, ഫെഡറല്‍ റിസര്‍വ് ചെയര്‍മാന്‍ കെവിന്‍ വാര്‍ഷില്‍ തനിക്ക് ഇപ്പോഴും വിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു. പലിശനിരക്ക് നിലവില്‍ വളരെ ഉയര്‍ന്നതാണെന്നും ഇത് ഉചിതമായ നിലയല്ലെന്നും ട്രംപ് വ്യക്തമാക്കി.
പലിശനിരക്ക് ഉയര്‍ത്താനുള്ള തീരുമാനം ഫെഡറല്‍ റിസര്‍വിന്റെ 12 അംഗ നയരൂപീകരണ ബോര്‍ഡ് ഏകകണ്ഠമായാണ് അംഗീകരിച്ചത്. പണപ്പെരുപ്പം ഏറെക്കാലമായി ഉയര്‍ന്ന നിലയില്‍ തുടരുകയാണെന്നും വില സ്ഥിരത കൈവരിക്കുന്നതിനാണ് മുന്‍ഗണനയെന്നും വാര്‍ഷ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഒ
പലിശനിരക്ക് വര്‍ധിപ്പിച്ചതിന് പിന്നാലെ യുഎസിലെ പ്രധാന ഓഹരി സൂചികകള്‍ ഇടിഞ്ഞു.
ഡൗ ജോണ്‍സ് ഇന്‍ഡസ്ട്രിയല്‍ ആവറേജ് 630 പോയിന്റ് അഥവാ 1.2 ശതമാനം ഇടിഞ്ഞപ്പോള്‍ എസ് ആന്‍ഡ് പി 500 0.4 ശതമാനം താഴ്ന്നു. നാസ്ഡാക് 0.01 ശതമാനം കുറഞ്ഞു. ഇതിനിടെ ഇറാന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് ആഗോള എണ്ണവില ബാരലിന് 105 ഡോളറിന് മുകളിലായി. യുഎസില്‍ ഒരു ഗാലന്‍ പെട്രോളിന്റെ ശരാശരി വില 4.36 ഡോളറിലെത്തിയതോടെ യുദ്ധത്തിന് മുമ്പത്തേതിനേക്കാള്‍ 1.30 ഡോളറിലധികം വര്‍ധിച്ചതായി എഎഎ കണക്കുകള്‍ വ്യക്തമാക്കുന്നു.
പണപ്പെരുപ്പം ഉയര്‍ന്ന നിലയില്‍ തുടരുമ്പോഴും ഓഗസ്റ്റില്‍ രാജ്യത്തെ തൊഴിലുടമകള്‍ 1.62 ലക്ഷം പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചതായി നേരത്തെയുള്ള കണക്കുകള്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഉയര്‍ന്ന എണ്ണവില, ഇന്ധനച്ചെലവ്, ക്രെഡിറ്റ് കാര്‍ഡ്, ഭവനവായ്പ തുടങ്ങിയവയിലെ വര്‍ധിച്ച വായ്പച്ചെലവ് എന്നിവ സമ്പദ്വ്യവസ്ഥയില്‍ സമ്മര്‍ദം സൃഷ്ടിക്കുന്നുണ്ട്. ഹോര്‍മുസ് കടലിടുക്കിലൂടെ ആഗോള ക്രൂഡ് എണ്ണ വിതരണത്തിന്റെ ഏകദേശം അഞ്ചിലൊന്ന് കടന്നുപോകുന്നതിനാല്‍ സംഘര്‍ഷത്തെ തുടര്‍ന്ന് എണ്ണവിതരണത്തില്‍ ഉണ്ടായ നിയന്ത്രണങ്ങളും വിലക്കയറ്റത്തിന് കാരണമായിട്ടുണ്ട്.
US Federal Reserve raises interest rates for first time since 2023
















