Caritas hospital

എഐ വികസനം നിര്‍ത്തിവയ്ക്കണമെന്നു  ട്രംപിനോടും ഷി ജിന്‍പിങ്ങിനോടും ആവശ്യപ്പെട്ട് യുഎസ് സെനറ്റര്‍

എഐ വികസനം നിര്‍ത്തിവയ്ക്കണമെന്നു  ട്രംപിനോടും ഷി ജിന്‍പിങ്ങിനോടും ആവശ്യപ്പെട്ട് യുഎസ് സെനറ്റര്‍

വാഷിംഗടണ്‍: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) വികസനം താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാന്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങും തമ്മില്‍ ഉടമ്പടിയുണ്ടാക്കണമെന്ന് യുഎസ് സെനറ്റര്‍ ബെര്‍ണി സാന്‍ഡേഴ്‌സ് ആവശ്യപ്പെട്ടു. എഐ വികസനത്തിന്റെ വേഗം കുറയ്ക്കണമെന്ന പ്രമുഖ ടെക് കമ്പനികളുടെ മേധാവികളുടെ ആഹ്വാനം സ്വാഗതം ചെയ്തു കൊണ്ടാണ് സാന്‍ഡേഴ്‌സിന്റെ പ്രതികരണം. മനുഷ്യരാശിയുടെ ഭാവി അപകടത്തിലാണെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

ആന്ത്രോപിക് സിഇഒ ഡാരിയോ അമോഡെയ്, ഓപ്പണ്‍എഐ സിഇഒ സാം ആള്‍ട്ട്മാന്‍, എക്‌സ്എഐ മേധാവി ഇലോണ്‍ മസ്‌ക് എന്നിവര്‍ എഐ വികസനത്തിന്റെ വേഗം കുറയ്ക്കണമെന്ന അപൂര്‍വ നിലപാട് സ്വീകരിച്ചതിന് പിന്നാലെയാണ് സാന്‍ഡേഴ്‌സിന്റെ പ്രസ്താവന. ‘എഐയുടെ വികസനം മന്ദഗതിയിലാക്കണമെന്നും അതിന്റെ അതിര്‍ത്തികള്‍ നിയന്ത്രിതമായി വികസിപ്പിക്ക ണമെന്നും ഡാരിയോ അമോഡെയ്, ഇലോണ്‍ മസ്‌ക്, സാം ആള്‍ട്ട്മാന്‍ എന്നിവര്‍ ഇപ്പോള്‍ സമ്മതിക്കുന്നു. അതൊരു തുടക്കമാണ്, പക്ഷേ മതിയാകില്ല,’ സാന്‍ഡേഴ്‌സ് എക്‌സില്‍ കുറിച്ചു.

ഒരു പാറക്കെട്ടിലേക്ക് അതിവേഗം പായുന്ന വാഹനത്തിന്റെ ആക്‌സിലറേറ്ററില്‍ നിന്ന് കാല്‍ പിന്‍വലിക്കുന്നത് മാത്രം പോരാ; ബ്രേക്ക് തന്നെ അമര്‍ത്തണം,’ അദ്ദേഹം വ്യക്തമാക്കി. മനുഷ്യന്റെ നിയന്ത്രണത്തിനപ്പുറം സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ കഴിയുന്ന, മനുഷ്യരേക്കാള്‍ ബുദ്ധിശക്തിയുള്ള എഐ സംവിധാനങ്ങളുടെ വികസനം തടയേണ്ടതുണ്ടെന്നും സാന്‍ഡേഴ്‌സ് പറഞ്ഞു. ഇത്തരം സാങ്കേതികവിദ്യകള്‍ നിയന്ത്രണം നഷ്ടപ്പെടല്‍, സൈബര്‍ ആക്രമണങ്ങള്‍, ജൈവ ഭീകരവാദം, ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി എന്നിവയ്ക്ക് കാരണമാകാമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അടുത്തതായി നടക്കാനിരിക്കുന്ന എഐ ഉച്ചകോടിയില്‍ ട്രംപും ഷി ജിന്‍പിങ്ങും വിഷയം ചര്‍ച്ച ചെയ്ത് എഐ വികസനം താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുന്നതിനും സൂപ്പര്‍ഇന്റലിജന്‍സ് നിരോധിക്കുന്നതിനുമായി ഉടമ്പടിയിലെത്തണമെന്നും സാന്‍ഡേഴ്‌സ് ആവശ്യപ്പെട്ടു. സൂപ്പര്‍ഇന്റലിജന്റ് എഐയുടെ വികസനം സ്ഥിരമായി നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഈ മാസം ആദ്യം അദ്ദേഹം പുതിയ നിയമനിര്‍മാണ നിര്‍ദേശവും അവതരിപ്പിച്ചിരുന്നു. മനുഷ്യനിയന്ത്രണത്തിന് പുറത്തായി സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ കഴിയുന്ന എഐ സംവിധാനങ്ങളുടെ വികസനം തടയുകയാണ് ബില്ലിന്റെ ലക്ഷ്യം.

അതേസമയം, എഐയുടെ അപകടസാ ധ്യതകളെക്കുറിച്ച് ആന്ത്രോപിക് സിഇഒ ഡാരിയോ അമോഡെയ് നേരത്തെ തന്റെ ബ്ലോഗില്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. എഐയുടെ കഴിവുകള്‍ മെച്ചപ്പെടുത്തുന്നതിന്റെ വേഗം കുറയ്‌ക്കേണ്ടത് അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. അമോഡെയിയുടെ നിലപാടിനോട് സാം ആള്‍ട്ട്മാനും ഇലോണ്‍ മസ്‌കും പിന്തുണ അറിയിച്ചു. എഐ വികസനത്തിന് കൂടുതല്‍ ജാഗ്രതയും സ്വതന്ത്രമായ വിലയിരുത്തലുകളും ആവശ്യമാണെന്ന് ആള്‍ട്ട്മാന്‍ വ്യക്തമാക്കി. ‘ഡാരിയോ ശരിയാണ്,’ എന്നാണ് മസ്‌കിന്റെ പ്രതികരണം.

US Senator asks Trump and Xi Jinping to halt AI development.

Share Email
LATEST excelnclexrn
Top