തിരുവനന്തപുരം: കേരള ബാങ്കിന്റെ തിരുവനന്തപുരത്തുള്ള ആസ്ഥാന ഓഫീസിൽ വിജിലൻസ് സംഘത്തിന്റെ മിന്നൽ പരിശോധന. വിവിധ ശാഖകളിലേക്ക് സിസിടിവിയും അലാം സംവിധാനങ്ങളും വാങ്ങാനുള്ള ടെൻഡർ നടപടികളിൽ വൻ അപാകതകളും ക്രമക്കേടുകളും നടന്നിട്ടുണ്ടെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് ഈ നടപടി. ഒരു പ്രത്യേക കമ്പനിക്ക് മാത്രം കരാർ ലഭിക്കുന്ന രീതിയിൽ ടെൻഡറിലെ വ്യവസ്ഥകളിൽ തിരിമറി നടത്തിയെന്നാണ് പ്രധാന ആരോപണം.
സംസ്ഥാനത്തെ അഞ്ച് ജില്ലകളിലെ ബാങ്ക് ശാഖകളിലേക്ക് സെക്യൂരിറ്റി ഉപകരണങ്ങൾ സ്ഥാപിക്കുന്നതിനാണ് ബാങ്ക് മാനേജ്‌മെന്റ് അടുത്തിടെ ടെൻഡർ ക്ഷണിച്ചിരുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം എന്നീ ജില്ലകളിലായുള്ള 317 ശാഖകളിൽ സിസിടിവി കാമറകളും 149 ശാഖകളിൽ അലാം സംവിധാനങ്ങളും സ്ഥാപിക്കാനായിരുന്നു പദ്ധതിയമിട്ടിരുന്നത്. എന്നാൽ, മത്സരസാധ്യതകൾ ഒഴിവാക്കി മുൻകൂട്ടി തീരുമാനിച്ച ഒരു ഏജൻസിക്ക് കരാർ ഉറപ്പിക്കാൻ അധികൃതർ വഴിവിട്ട ഇടപെടൽ നടത്തിയെന്നാണ് ഉയർന്ന പരാതി.
ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ ബാങ്കിലെ പ്രധാന രേഖകളും ടെൻഡർ ഫയലുകളും വിജിലൻസ് സംഘം വിശദമായി പരിശോധിച്ചു വരികയാണ്. ടെൻഡർ നടപടികളിൽ മാനദണ്ഡ ലംഘനം നടന്നിട്ടുണ്ടോ എന്നും ഉന്നത ഉദ്യോഗസ്ഥർക്ക് ഇതിൽ പങ്കുണ്ടോയെന്നും വിജിലൻസ് അന്വേഷിക്കും. പരിശോധന പൂർത്തിയായ ശേഷം വരും ദിവസങ്ങളിൽ കൂടുതൽ നടപടികളിലേക്ക് കടക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.

















