വാഷിംഗടണ്‍: ടെന്നസിയില്‍ ക്രിസ്റ്റ പൈക്കിന്റെ വധശിക്ഷ നടപ്പാക്കല്‍ പരാജയപ്പെട്ട സംഭവത്തില്‍ വധശിക്ഷ നടപ്പാക്കലുമായി ബന്ധപ്പെട്ട എല്ലാ തെളിവുകളും സംരക്ഷിക്കണമെന്ന് കോടതി ഉത്തരവിട്ടു. പൈക്കിന് സെപ്റ്റംബര്‍ 30ന് നാഷ്വില്ലില്‍ പെന്റോബാര്‍ബിറ്റലിന്റെ രണ്ട് ഡോസുകള്‍ നല്‍കിയെങ്കിലും വധശിക്ഷ നടപ്പാക്കല്‍ പരാജയപ്പെടുകയായിരുന്നു. തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച പൈക്ക് ഇപ്പോഴും ചികിത്സയില്‍ തുടരുകയാണെന്ന് അവരുടെ അഭിഭാഷകര്‍ അറിയിച്ചു. 1995ല്‍ 19കാരിയായ കോളിന്‍ സ്ലെമ്മറെ കൊലപ്പെടുത്തിയ കേസില്‍ കുറ്റക്കാരിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് പൈക്കിന് വധശിക്ഷ വിധിച്ചത്.
വധശിക്ഷാ ശ്രമവുമായി ബന്ധപ്പെട്ട തെളിവുകള്‍ നശിപ്പിക്കപ്പെടാതിരിക്കാന്‍ അടിയന്തര ഉത്തരവ് വേണമെന്ന് ആവശ്യപ്പെട്ട് പൈക്കിന്റെ അഭിഭാഷകര്‍ കഴിഞ്ഞ ആഴ്ച ഡേവിഡ്സണ്‍ കൗണ്ടി ചാന്‍സറി കോടതിയെ സമീപിച്ചിരുന്നു. വധശിക്ഷ നടപ്പാക്കുന്നതിനിടെ ഭരണഘടനാപരമായ അവകാശങ്ങള്‍ ലംഘിക്കപ്പെട്ടെന്നും സംഭവം ക്രൂരവും അസാധാരണവുമായ ശിക്ഷയായി കണക്കാക്കാമെന്നും അഭിഭാഷകര്‍ ആരോപിച്ചു. ബുധനാഴ്ച നടന്ന വാദം കേള്‍ക്കലിന് ശേഷം ചാന്‍സലര്‍ ഐഷിയ മൈല്‍സ് തെളിവുകള്‍ സംരക്ഷിക്കാനുള്ള ഹര്‍ജി അംഗീകരിച്ചു. വധശിക്ഷയുമായി ബന്ധപ്പെട്ട എല്ലാ ഫോട്ടോകളും വീഡിയോകളും ഓഡിയോ റെക്കോര്‍ഡിംഗുകളും നിരീക്ഷണ ദൃശ്യങ്ങളും, മരുന്നുകള്‍, സിറിഞ്ചുകള്‍, ഐവി ലൈനുകള്‍, ട്യൂബുകള്‍, കുറിപ്പുകള്‍, ലോഗുകള്‍, ചെക്ക്‌ലിസ്റ്റുകള്‍, സംഭവ റിപ്പോര്‍ട്ടുകള്‍, സാക്ഷിമൊഴികള്‍ എന്നിവ സംരക്ഷിക്കണമെന്നാണ് ഉത്തരവ്.
വധശിക്ഷ നടപ്പാക്കുന്നതിനിടെ പ്രോട്ടോക്കോളില്‍ നിന്ന് ഉണ്ടായ മാറ്റങ്ങള്‍, താമസങ്ങള്‍, ഉപകരണങ്ങളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍, സങ്കീര്‍ണതകള്‍ തുടങ്ങിയവയുമായി ിബന്ധപ്പെട്ട എല്ലാ വിവരങ്ങളും സംരക്ഷിക്കണമെന്നും കോടതി നിര്‍ദേശിച്ചു. പൈക്കിന് പെന്റോബാര്‍ബിറ്റലിന്റെ രണ്ട് മാരക ഡോസുകള്‍ നല്‍കുന്നതിനിടെ അവര്‍ കരയുകയും വേദനയോടെ ശബ്ദമുണ്ടാക്കുകയും ശക്തമായി ശ്വസിക്കുകയും ചെയ്തതായി അഭിഭാഷകര്‍ കോടതിയെ അറിയിച്ചു. തന്റെ കൈ പൊട്ടിത്തെറിക്കാനിരിക്കുന്നതുപോലെ തോന്നുന്നുവെന്ന് പൈക്ക് പറഞ്ഞതായും ഹര്‍ജിയില്‍ പറയുന്നു. ഐവി പ്രവേശനം ഉറപ്പാക്കാന്‍ കുറഞ്ഞത് ഏഴ് സൂചികള്‍ ഉപയോഗിച്ചെന്നും അതിലൊന്ന് പുറത്തെടുക്കുമ്പോള്‍ 90 ഡിഗ്രി വളഞ്ഞ നിലയിലായിരുന്നെന്നും അഭിഭാഷകര്‍ ആരോപിച്ചു.
സംഭവത്തിന് പിന്നാലെ ടെന്നസി ഗവര്‍ണര്‍ ബില്‍ ലീ സംസ്ഥാനത്ത് നിശ്ചയിച്ചിരുന്ന വധശിക്ഷകള്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാന്‍ ഉത്തരവിടുകയും ടെന്നസി ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് കറക്ഷന്‍സ് കമ്മീഷണര്‍ ഫ്രാങ്ക് സ്ട്രാഡ രാജിവയ്ക്കുകയും ചെയ്തു. വധശിക്ഷാ നടപടിക്രമം പാലിച്ചോയെന്നും നിലവിലെ പ്രോട്ടോക്കോളില്‍ കൂടുതല്‍ മാറ്റങ്ങള്‍ ആവശ്യമുണ്ടോയെന്നും പരിശോധിക്കാന്‍ മുന്‍ യുഎസ് അറ്റോര്‍ണി എഡ് സ്റ്റാന്റണിന്റെ നേതൃത്വത്തില്‍ സ്വതന്ത്ര അന്വേഷണം നടത്തുമെന്നും ഗവര്‍ണറുടെ ഓഫീസ് അറിയിച്ചു. അതേസമയം, പൈക്കിന്റെ വധശിക്ഷ വീണ്ടും നിശ്ചയിക്കുമോയെന്ന ചോദ്യത്തിന് സംസ്ഥാനത്തിന്റെ ഭാഗത്തുനിന്ന് വ്യക്തമായ മറുപടി ലഭിച്ചിട്ടില്ല. വധശിക്ഷ പരാജയപ്പെട്ടതിനെ തുടര്‍ന്ന് പൈക്കിന്റെ ശിക്ഷ പരോള്‍ ലഭിക്കാത്ത ജീവപര്യന്തമായി മാറ്റണമെന്ന് അവരുടെ അഭിഭാഷകര്‍ ഗവര്‍ണറോട് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.
Court orders preservation of evidence regarding the failed execution of Christa Pike.


















