പ്രതിയെ കുടുക്കിയത് ഡേറ്റിംഗ് സൈറ്റിലെ പ്രൊഫൈലും ഡിഎന്എ പരിശോധനയും
വിസ്കോണ്സിന്: റോഡരികില് ഉപേക്ഷിച്ച രണ്ട് സ്യൂട്ട്കേസുകളില് സ്ത്രീകളുടെ മൃതദേഹങ്ങള് കണ്ടെത്തിയ സംഭവം യുഎസിലെ വിവിധ സംസ്ഥാനങ്ങളിലായി നടന്ന കൊലപാതക അന്വേഷണത്തിന് വെളിച്ചമായി. ഒടുവില് പ്രതിയായ മുന് പോലീസ് ഉദ്യോഗസ്ഥന് ശിക്ഷിക്കപ്പെടുകയും ചെയ്തു. ഓണ്ലൈന് ബിഡിഎസ്എം ഡേറ്റിങ് സൈറ്റിലെ പ്രൊഫൈലും ഡിഎന്എ പരിശോധനാ ഫലങ്ങളുമാണ് കേസില് നിര്ണായകമായത്. മുന് പൊലീസ് ഉദ്യോഗസ്ഥനായ സ്റ്റീവന് സെലിച്ചാണ് പ്രതി.
ലോറ സൈമണ്സണ്, ജെന്നി ഗെയ്മസ് എന്നീ സ്ത്രീകളാണ് കൊല്ലപ്പെട്ടത്. 2014 ജൂണിലാണ് വിസ്കോണ്സിനിലെ റോഡരികില് സ്യൂട്ട്കേസുകള് കണ്ടെത്തിയത്.
സംഭവസ്ഥലത്തെത്തിയ പൊലീസ് ഉദ്യോഗസ്ഥന് ഒരു സ്യൂട്ട്കേസ് തുറന്നപ്പോള് കെട്ടിയിട്ട നിലയില് സ്ത്രീയുടെ അഴുകിയ മൃതദേഹം കണ്ടെത്തുകയായിരുന്നു. രണ്ടാമത്തെ സ്യൂട്ട്കേസില് കറുത്ത പ്ലാസ്റ്റിക് കവറിനുള്ളിലായിരുന്നു മറ്റൊരു സ്ത്രീയുടെ മൃതദേഹം. മൃതദേഹങ്ങള് തിരിച്ചറിയാന് ആവശ്യമായ രേഖകളൊന്നും ലഭിച്ചില്ല. മൃതദേഹങ്ങള് ഴുകിയിരുന്നതിനാല് തുടക്കത്തില് ഡിഎന്എ പരിശോധന നടത്താനും കഴിഞ്ഞില്ല. തുടര്ന്ന് അന്വേഷണം വിസ്കോണ്സിനില്നിന്ന് മിനസോട്ടയിലേക്കും വ്യാപിപ്പിച്ചു. 2013 നവംബറില് കാണാതായ 37കാരിയായ ലോറ സൈമണ്സണിന്റെ കേസും അന്വേഷണസംഘം പരിശോധിച്ചു.
മകളുടെ മരണത്തെത്തുടര്ന്ന് മാനസികപ്രയാസങ്ങള് നേരിട്ടിരുന്ന സൈമണ്സണ്, 2013 നവംബറില് അമ്മയുടെ വീട്ടുമുറ്റത്ത് വാന് ഉപേക്ഷിച്ചാണ് അപ്രത്യക്ഷയായത്. വാഹനത്തിനുള്ളില് മൊബൈല് ഫോണ്, പേഴ്സ്, മരുന്നുകള്, വാഹനവും സാധനങ്ങളും സംബന്ധിച്ച നിര്ദേശങ്ങളടങ്ങിയ കുറിപ്പ് എന്നിവ കണ്ടെത്തി. ആറു കുട്ടികളുടെ അമ്മയായ സൈമണ്സണ് കുടുംബത്തെ ഉപേക്ഷിച്ച് സ്വമേധയാ പോകില്ലെന്ന് സുഹൃത്തുക്കള് പൊലീസിനോട് പറഞ്ഞു. ഇതിനിടെ, ഓണ്ലൈന് ബിഡിഎസ്എം ഡേറ്റിങ് സമൂഹത്തില് അവര് ‘Mrhandcuffs’ എന്ന പേരിലുള്ള ഒരാളുമായി ആശയവിനിമയം നടത്തിയിരുന്നതായി സുഹൃത്ത് കണ്ടെത്തി. തുടര്ന്നുള്ള അന്വേഷണത്തില് ഇയാള് മുന് മില്വാക്കി മേഖലയിലെ പൊലീസ് ഉദ്യോഗസ്ഥനായ സ്റ്റീവന് സെലിച്ചാണെന്ന് തിരിച്ചറിഞ്ഞു. 2001ല് അധികാരം ദുരുപയോഗം ചെയ്ത് സ്ത്രീകളെ ഭീഷണിപ്പെടുത്തിയെന്ന ആരോപണങ്ങള്ക്കു പിന്നാലെ വെസ്റ്റ് ആലിസ് പൊലീസ് വകുപ്പില്നിന്ന് സെലിച്ച് രാജിവെച്ചിരുന്നു. എന്നാല്, അദ്ദേഹം ആരോപണങ്ങള് നിഷേധിച്ചിരുന്നു.
സ്യൂട്ട്കേസുകളില് കണ്ടെത്തിയ മൃതദേഹങ്ങളിലൊന്ന് സൈമണ്സണിന്റേതാണെന്ന് തിരിച്ചറിയാന് അവരുടെ കണങ്കാലിലെ ഹൃദയത്തിന്റെ ചിത്രവും മകള് അലിസയുടെ പേരുമടങ്ങിയ പ്രത്യേക ടാറ്റൂ സഹായിച്ചു. രണ്ടാമത്തെ മൃതദേഹത്തിന് ചുറ്റിയിരുന്ന കയറില്നിന്ന് ലഭിച്ച ഡിഎന്എ തെളിവുകളും സെലിച്ചിലേക്ക് അന്വേഷണത്തെ നയിച്ചു. ചോദ്യം ചെയ്യലില് ഇരുവരെയും കൊലപ്പെടുത്തിയതായി സെലിച്ച് സമ്മതിച്ചു. രണ്ടാമത്തെ ഇര ഒറിഗണിലെ കോട്ടേജ് ഗ്രോവ് സ്വദേശിയായ 19കാരി ജെന്നി ഗെയ്മസാണെന്നും കണ്ടെത്തി. ഓണ്ലൈന് ഡേറ്റിങ് സൈറ്റിലൂടെ പരിചയപ്പെട്ട ഗെയ്മസിനെ ലൈംഗിക പ്രവര്ത്തനത്തിനിടെ ശ്വാസംമുട്ടി അബദ്ധത്തില് കൊലപ്പെടുത്തിയതാണെന്നായിരുന്നു സെലിച്ചിന്റെ വാദം. ഗെയ്മസിന്റെ മൃതദേഹം ഒരു വര്ഷത്തിലേറെ ഫ്രിഡ്ജില് സൂക്ഷിച്ചശേഷം മിനസോട്ടയിലെ റോച്ചസ്റ്ററില്വെച്ച് സൈമണ്സണിനെയും സമാനമായ രീതിയില് ഉപേക്ഷിക്കുകയായിരുന്നുവെന്നുംഇയാള് മൊഴി നല്കി.
2016ല് ഗെയ്മസിന്റെ മരണവുമായി ബന്ധപ്പെട്ട് ഫസ്റ്റ് ഡിഗ്രി റെക്ക്ലസ് ഹോമിസൈഡ് കുറ്റവും മൃതദേഹം ഒളിപ്പിച്ച കുറ്റവും സെലിച്ച് സമ്മതിച്ചു. ഇതിന് 35 വര്ഷത്തെ തടവും 10 വര്ഷത്തെ അധിക മേല്നോട്ടവും ശിക്ഷയായി ലഭിച്ചു. 2017ല് സൈമണ്സണിന്റെ മരണവുമായി ബന്ധപ്പെട്ട് സെക്കന്ഡ് ഡിഗ്രി കൊലപാതകക്കുറ്റവും സമ്മതിച്ചതോടെ 25 വര്ഷത്തെ തടവുശിക്ഷ കൂടി വിധിച്ചു. വിസ്കോണ്സിനിലെ വാള്വര്ത്ത് കൗണ്ടിയില് മൃതദേഹം ഒളിപ്പിച്ചതുമായി ബന്ധപ്പെട്ട രണ്ട് കുറ്റങ്ങളില് 10 വര്ഷത്തെ അധിക ശിക്ഷയും ലഭിച്ചു.
Former police officer sentenced to over 70 years in prison in case involving the discovery of two women’s bodies in a suitcase.
A dating site profile and DNA testing led to the accused being caught.



















