ഹാല്‍മിട്ടണ്‍: അറ്റ്‌ലാന്റിക് സമുദ്രത്തില്‍ തകര്‍ന്നു വീണ മെഡിക്കല്‍ എയര്‍ ആംബുലന്‍സ് വിമാനത്തില്‍ മരണപ്പെട്ട ആറു പേരില്‍ കനേഡിയന്‍ നഴ്‌സും. ഹാമില്‍ട്ടണില്‍ നിന്ന് ബര്‍മുഡ വഴി ബോസ്റ്റണിലേക്ക് പോയ മെഡിക്കല്‍ എയര്‍ ആംബുലന്‍സാണ് അപകടത്തില്‍പ്പെട്ടത്.. ഇതിനു പിന്നാലെയാണ് മരിച്ച ആറു പേരില്‍ ഉള്‍പ്പെട്ട നാലു കാനഡക്കാരുടെ പേരുകള്‍ യുഎസ് കോസ്റ്റ് ഗാര്‍ഡ് പുറത്തുവിട്ടത്.
നയാഗ്ര സ്വദേശിനിയും ഫ്‌ളൈറ്റിലെ നഴ്‌സുമായ സാാറ ജെയ്ന്‍ പാറ്റണ്‍, ഒക്വില്ല സ്വദേശി ഫിലിപ്പ് ഗ്രിഗറി ചില്‍ഡര്‍ഹോസ്, ബ്രാന്റ്‌ഫോര്‍ഡില്‍ നിന്നുള്ള തോമസ് ഹെന്റി ഫാര്‍ക്വഹര്‍, ജോലീന്‍ ബെത്ത് വീര്‍ എന്നിവരാണ് വിമാനത്തിലുണ്ടായിരുന്നത്. ഹാമില്‍ട്ടണിലെ ലാറ്റിറ്റിയൂഡ് എയര്‍ ആംബുലന്‍സ് ഉടമസ്ഥതയിലുള്ള ഗള്‍ഫ് സ്ട്രീം ജി 100 വിമാനത്തില്‍ രണ്ട് ബെര്‍മുഡ സ്വദേശികളും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു.
66കാരിയായ മര്‍ലിന്‍ ലവോണ്‍ ബീനും മകന്‍ സെര്‍ജിയോ വെയ്ന്‍ ലോട്ടിമോറുമാണ് യാത്രക്കാരെന്ന് ബെര്‍മുഡ സര്‍ക്കാര്‍ നേരത്തെ സ്ഥിരീകരിച്ചിരുന്നു. സംഭവത്തില്‍ അതീവ ദുഃഖം രേഖപ്പെടുത്തിയ യുഎസ് കോസ്റ്റ് ഗാര്‍ഡ് നോര്‍ത്ത് ഈസ്റ്റ് ഡിസ്ട്രിക്ട് കമാന്‍ഡര്‍ റിയര്‍ അഡ്മിറല്‍ മാത്യു ലേക്ക്, ദുരന്തത്തില്‍ ബാധിക്കപ്പെട്ട കുടുംബങ്ങളോടും സുഹൃത്തുക്കളോടും അനുശോചനം അറിയിച്ചു.
ലാറ്റിറ്റിയൂഡ് എയര്‍ ആംബുലന്‍സ് പ്രസിഡന്റ് പീറ്റര്‍ ബൈല്‍ മരണപ്പെട്ട ജീവനക്കാരെക്കുറിച്ച് ഏറെ സംസാരിച്ചു. ജീവനക്കാര്‍ സുഹൃത്തുക്കളും കമ്പനിയുടെ കുടുംബാംഗങ്ങളുമാണെന്നും പറഞ്ഞു. വിമാനത്തിന്റെ ക്യാപ്റ്റനായ ഫിലിപ്പ് ചില്‍ഡര്‍ഹോസിനെ വലിയ ആത്മാര്‍ത്ഥത ഉള്ള വ്യക്തിയെന്നാണ് ബൈല്‍ വിശേഷിപ്പിച്ചത്. ഫസ്റ്റ് ഓഫീസര്‍ തോമസ് ഫാര്‍ക്വഹറിനെ എല്ലാവര്‍ക്കും ആശ്രയിക്കാവുന്ന ‘ജന്റില്‍ ഗെയിന്റെന്നും അദ്ദേഹം വിശേഷിപ്പിച്ചു. ഫ്‌ലൈറ്റ് നഴ്സ് സാറ പാറ്റണെ സന്തോഷവും കരുണയും നിറഞ്ഞ വ്യക്തിയായി ഓര്‍ക്കുന്നതായി ബൈല്‍ പറഞ്ഞു.
റസ്പിറേറ്ററി തെറാപ്പിസ്റ്റായ ജോലീന്‍ വീറിനെയും കുടുംബത്തെയും സുഹൃത്തുക്കളെയും ഏറെ സ്‌നേഹിച്ചിരുന്ന, മറ്റുള്ളവരെ സഹായിക്കുന്നതില്‍ വലിയ താല്‍പര്യമുണ്ടായിരുന്ന വ്യക്തിയായാണ് ബൈല്‍ അനുസ്മരിച്ചത്.
വിമാനം കാനഡയില്‍ രജിസ്റ്റര്‍ ചെയ്തതായതിനാല്‍ സംഭവത്തെക്കുറിച്ചുള്ള അന്വേഷണം ട്രാന്‍സ്‌പോര്‍ട്ടേഷന്‍ സേഫ്ടി ഓഫ് കാനഡ നിര്‍വഹിക്കും.
Four of the six people who died when a medical ambulance crashed into the Atlantic Ocean were Canadians; two were from Bermuda.


















