എ.എസ് ശ്രീകുമാര്‍
കോട്ടയം: കായികാവേശത്തിന്റെയും ആരോഗ്യബോധത്തിന്റെയും ലഹരി പകരാന്‍ റബറിന്റെ നാടായ കോട്ടയം ഒരുങ്ങിയിരിക്കുന്നു. ജെ.സി.ഐ കോട്ടയം സംഘടിപ്പിക്കുന്ന ‘റബ്ബര്‍ സിറ്റി റണ്‍ 2026’ മാരത്തണ്‍ നാളെ (ഒക്ടോബര്‍ 11, ഞായറാഴ്ച) നടക്കും. കോട്ടയത്തിന്റെ കായികചരിത്രത്തില്‍ പുതിയ അധ്യായം കുറിക്കുന്ന ഈ മാരത്തണ്‍, നഗരത്തില്‍ ആദ്യമായി സംഘടിപ്പിക്കുന്ന ഫുള്‍ മാരത്തണ്‍ എന്ന പ്രത്യേകതയോടെയാണ് ശ്രദ്ധേയമാകുന്നത്. പ്രായഭേദമന്യേ കായികപ്രേമികളെയും ഫിറ്റ് നസ് പ്രേമികളെയും കുടുംബങ്ങളെയും ഒരുമിപ്പിക്കുന്ന ഈ കായികമാമാങ്കം, ആരോഗ്യകരമായ ജീവിതശൈലിയുടെയും ലഹരിവിരുദ്ധ ബോധവല്‍ക്കരണത്തിന്റെയും സന്ദേശവും ഉയര്‍ത്തിപ്പിടിക്കുന്നു.

റബ്ബര്‍ സിറ്റി റണ്‍ മാരത്തണിനുള്ള ജേഴ് സിയുടെയും മെഡലിന്റെയും പ്രകാശനം ആഭ്യന്തരവകുപ്പ് മന്ത്രി രമേശ് ചെന്നിത്തല നിര്‍വഹിച്ചപ്പോള്‍
റിയല്‍ അസറ്റ് ഫിനാന്‍ഷ്യല്‍ സര്‍വീസസിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന മാരത്തണില്‍ വിവിധ പ്രായവിഭാഗങ്ങളിലും കായികക്ഷമതയുടെ വ്യത്യസ്ത തലങ്ങളിലുമുള്ളവര്‍ക്ക് പങ്കെടുക്കാന്‍ അവസരമുണ്ട്. 42.195 കിലോമീറ്റര്‍ ഫുള്‍ മാരത്തണ്‍, 21.097 കിലോമീറ്റര്‍ ഹാഫ് മാരത്തണ്‍, 10 കിലോമീറ്റര്‍, 3 കിലോമീറ്റര്‍ എന്നിങ്ങനെ നാലു വിഭാഗങ്ങളിലായാണ് മത്സരം. പ്രൊഫഷണല്‍ ഓട്ടക്കാര്‍ക്കൊപ്പം തുടക്കക്കാര്‍ക്കും കുടുംബങ്ങള്‍ക്കും തങ്ങളുടെ കഴിവും കായികാഭിരുചിയും പ്രകടിപ്പിക്കാനുള്ള വേദിയൊരുക്കുകയാണ് സംഘാടകര്‍.

വ്യക്തിഗത റെക്കോര്‍ഡുകള്‍ മറികടക്കാനുള്ള ലക്ഷ്യത്തോടെ ട്രാക്കിലിറങ്ങുന്ന പരിചയസമ്പന്നരായ ഓട്ടക്കാര്‍ മുതല്‍ ആരോഗ്യസംരക്ഷണത്തിന്റെ ഭാഗമായി ഓട്ടത്തെ ജീവിതശൈലിയാക്കുന്നവര്‍ വരെ റബ്ബര്‍ സിറ്റി റണ്ണിന്റെ ഭാഗമാകും. കായികക്ഷമത, ആത്മവിശ്വാസം, അച്ചടക്കം, സഹിഷ്ണുത, കൂട്ടായ്മ എന്നിവയുടെ പ്രാധാന്യം വിളിച്ചോതുന്ന മാരത്തണ്‍, പങ്കാളികള്‍ക്ക് അവിസ്മരണീയമായ അനുഭവം സമ്മാനിക്കുമെന്നാണ് പ്രതീക്ഷ.
”മയക്കുമരുന്നിനോട് നോ പറയൂ; ജീവിതത്തിനായി ഓടൂ…” എന്ന സന്ദേശമാണ് റബ്ബര്‍ സിറ്റി റണ്‍ മുന്നോട്ടുവയ്ക്കുന്നത്. ലഹരിയുടെ കെണിയില്‍നിന്ന് യുവതലമുറയെ അകറ്റിനിര്‍ത്താനും വ്യായാമത്തിലൂടെയും കായികപ്രവര്‍ത്തനങ്ങളിലൂടെയും ആരോഗ്യകരമായ ജീവിതം കെട്ടിപ്പടുക്കാനും പ്രചോദനം നല്‍കുകയാണ് പരിപാടിയുടെ പ്രധാന ലക്ഷ്യങ്ങളിലൊന്ന്. മത്സരത്തിനപ്പുറം സാമൂഹികപ്രതിബദ്ധതയുടെ സന്ദേശംകൂടി ഉയര്‍ത്തിപ്പിടിക്കുന്ന ഈ സംരംഭം, കായികമേഖലയിലെ കൂട്ടായ മുന്നേറ്റത്തിന് കരുത്തുപകരുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ.

അന്താരാഷ്ട്ര നിലവാരത്തിലുള്ള റേസ് മാനേജ് മെന്റ്, സന്നദ്ധപ്രവര്‍ത്തകരുടെ സേവനം, ആവശ്യമായ ഇടവേളകളില്‍ കുടിവെള്ള സൗകര്യം, വിനോദപരിപാടികള്‍ എന്നിവയുള്‍പ്പെടെയുള്ള ക്രമീകരണങ്ങളാണ് മാരത്തണിനായി ഒരുക്കിയിരിക്കുന്നത്. തുടക്കം മുതല്‍ ഫിനിഷിങ് പോയിന്റ് വരെ ആവേശം നിലനിര്‍ത്തുന്ന കായികാന്തരീക്ഷം സൃഷ്ടിക്കാനും പങ്കാളികള്‍ക്ക് മികച്ച ഓട്ടാനുഭവം ഉറപ്പാക്കാനുമാണ് സംഘാടകരുടെ ശ്രമം.
റബ്ബര്‍ സിറ്റി റണ്‍ മാരത്തണിന് മുന്നോടിയായുള്ള ജേഴ് സിയുടെയും മെഡലിന്റെയും പ്രകാശനം ആഭ്യന്തരവകുപ്പ് മന്ത്രി രമേശ് ചെന്നിത്തല നിര്‍വഹിച്ചു. ചടങ്ങില്‍ അബിന്‍ വര്‍ക്കി എം.എല്‍.എ., കോട്ടയം മുനിസിപ്പല്‍ കൗണ്‍സിലര്‍ ടോം കോര, ജെ.സി.ഐ. കോട്ടയം പ്രസിഡന്റ് അമല്‍ ലാലു, മുന്‍ പ്രസിഡന്റ് അഖില്‍ ജോസ്, മാരത്തണ്‍ കോ-ഓര്‍ഡിനേറ്റര്‍മാരായ മനു ജോര്‍ജ്, ആന്റണി ചിറക്കടവില്‍, ഗോകുല്‍ പ്രസാദ്, സെക്രട്ടറി റിച്ചുമോന്‍ സാലു, ഇന്‍ഫല്‍ അഹമ്മദ് തുടങ്ങിയവര്‍ പങ്കെടുത്തു.
കോട്ടയം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സി.എ. ആന്റണി ആന്‍ഡ് സണ്‍സ് ആണ് മാരത്തണിനായി ടെറാക്കോട്ട മെഡല്‍ നിര്‍മിച്ചിരിക്കുന്നത്. പരമ്പരാഗത കലാരൂപങ്ങളുടെ സവിശേഷതയും പരിസ്ഥിതിസൗഹൃദ സമീപനവും സമന്വയിപ്പിക്കുന്ന ഈ മെഡല്‍, വിജയികള്‍ക്കുള്ള പുരസ്‌കാരം എന്നതിലുപരി മാരത്തണിന്റെ ഓര്‍മകളെ ചേര്‍ത്തുപിടിക്കുന്ന സവിശേഷ സ്മാരകമായും ശ്രദ്ധ നേടുന്നു.

42.195 കിലോമീറ്റര്‍ ഫുള്‍ മാരത്തണില്‍നിന്ന് 3 കിലോമീറ്റര്‍ വിഭാഗംവരെ പങ്കെടുക്കാനുള്ള അവസരം ഒരുക്കിയിരിക്കുന്നത് കൂടുതല്‍ ആളുകളെ കായികരംഗത്തേക്ക് ആകര്‍ഷിക്കുകയെന്ന ലക്ഷ്യത്തോടെയാണ്. ദീര്‍ഘദൂര ഓട്ടത്തില്‍ മികവുതെളിയിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ആരോഗ്യസംരക്ഷണത്തിന്റെ ഭാഗമായി ഓട്ടം തിരഞ്ഞെടുക്കുന്നവര്‍ക്കും ഒരുപോലെ പ്രയോജനപ്പെടുന്ന വേദിയാണിത്.
രജിസ് ട്രേഷന്‍ നിരക്കുകള്‍ ഫുള്‍ മാരത്തണിന് 1,250 രൂപ, ഹാഫ് മാരത്തണിന് 1,000 രൂപ, 10 കിലോമീറ്ററിന് 700 രൂപ, 3 കിലോമീറ്ററിന് 500 രൂപ എന്നിങ്ങനെയാണ്. സാധാരണ നിരക്കുകള്‍ യഥാക്രമം 1,500 രൂപ, 1,250 രൂപ, 800 രൂപ, 500 രൂപ എന്നിങ്ങനെയും നിശ്ചയിച്ചിരുന്നു. മാരത്തണിന്റെ ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായതായി സംഘാടകര്‍ അറിയിച്ചു. ഓട്ടം ഒരു മത്സരമെന്നതിലുപരി ആരോഗ്യത്തിന്റെയും ഐക്യത്തിന്റെയും ആത്മവിശ്വാസത്തിന്റെയും ആഘോഷമാക്കി മാറ്റുകയാണ് റബ്ബര്‍ സിറ്റി റണ്ണിലൂടെ ലക്ഷ്യമിടുന്നത്. ഓരോ ചുവടും ആരോഗ്യത്തിലേക്ക്, ഓരോ മുന്നേറ്റവും ലഹരിമുക്ത സമൂഹത്തിലേക്ക് എന്ന സന്ദേശവുമായി കോട്ടയം നാളെ കായികോത്സവത്തിന്റെ ആവേശത്തിലേക്ക് ഉണരും.
Making History: JCI Presents ‘Rubber City Run 2026,’ Kottayam’s First-Ever Full Marathon



















