വാഷിങ്ടണ്‍: ഇന്ത്യന്‍ ഐടി കമ്പനികള്‍ക്ക് തിരിച്ചടിയായി അമേരിക്കയുടെ നടപടിക്കു മുമ്പേ തന്നെ ഗ്രീന്‍ കാര്‍ഡ് അപേക്ഷകളില്‍ വലിയ കുറവെന്നു റിപ്പോര്‍ട്ട്..വിദേശ ജീവനക്കാര്‍ക്ക് ഗ്രീന്‍ കാര്‍ഡ് ലഭിക്കുന്നതിനുള്ള നടപടികളുമായി ബന്ധപ്പെട്ട പെര്‍മനന്റ് ലേബര്‍ സര്‍ട്ടിഫിക്കേഷന്‍ (PERM) പദ്ധതിയില്‍നിന്ന് എട്ടു പ്രമുഖ കമ്പനികളെ സസ്‌പെന്‍ഡ് ചെയ്തതിനു പിന്നാലെ പുറത്തുവരുന്ന റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യന്‍ കമ്പനികളുടെ ഗ്രീന്‍കാര്‍ഡ് അപേക്ഷകള്‍ നിലവില്‍ തന്നെ കുത്തനെ കുറഞ്ഞതായാണ്. വിദേശ തൊഴിലാളികളെ നിയമിക്കുന്നതിലൂടെ അമേരിക്കക്കാര്‍ക്കുള്ള തൊഴില്‍ അവസരങ്ങള്‍ നഷ്ടമാകുന്നുവെന്നാണ് യുഎസ് അധികൃതരുടെ വാദം. എന്നാല്‍, ഇന്ത്യന്‍ കമ്പനികളുടെ ഗ്രീന്‍ കാര്‍ഡ് അപേക്ഷകള്‍ ഇതിനകം തന്നെ കുത്തനെ കുറഞ്ഞതിനാല്‍ പുതിയ നടപടി വലിയ ആഘാതമുണ്ടാക്കില്ലെന്നാണ് വിലയിരുത്തല്‍.
സസ്‌പെന്‍ഡ് ചെയ്യപ്പെട്ട കമ്പനികളില്‍ ഒന്നായടിസിഎസിന്റെ അപേക്ഷകള്‍ 1,804ല്‍നിന്ന് രണ്ടായി ചുരുങ്ങി. അമേരിക്കയില്‍ സ്ഥിരതാമസത്തിനുള്ള അനുമതി നേടുന്നതിനുള്ള ആദ്യഘട്ടമാണ് പിഇആര്‍എം അപേക്ഷ. ടിസിഎസ് 2024ല്‍ 1,804 അപേക്ഷകള്‍ സമര്‍പ്പിച്ചപ്പോള്‍ 2025ല്‍ ഇത് 513 ആയി കുറഞ്ഞു. 2026 സാമ്പത്തിക വര്‍ഷത്തില്‍ കമ്പനി നല്‍കിയത് വെറും രണ്ട് അപേക്ഷകള്‍ മാത്രം. എച്ച്സിഎല്ലിന്റെ അപേക്ഷകള്‍ 2025ലെ 323ല്‍നിന്ന് 2026ല്‍ 59 ആയി കുറഞ്ഞു. വിപ്രോ 2024ല്‍ 257 അപേക്ഷകളും 2025ല്‍ 523 അപേക്ഷകളും സമര്‍പ്പിച്ചു. 2024ല്‍ വിപ്രോ നല്‍കിയ അപേക്ഷകളില്‍ 169 എണ്ണം നിരസിക്കപ്പെടുകയും 88 എണ്ണം കമ്പനി പിന്‍വലിക്കുകയും ചെയ്തു.
ഇന്‍ഫോസിസ് 2024ല്‍ 87 PERM അപേക്ഷകളാണ് സമര്‍പ്പിച്ചത്. എന്നാല്‍ 2025, 2026 വര്‍ഷങ്ങളിലെ കണക്കുകള്‍ ലഭ്യമല്ല. കാപ്ജെമിനിയുടെ അപേക്ഷകള്‍ 2024ലെ 300ല്‍നിന്ന് 2025ല്‍ 361 ആയി ഉയര്‍ന്നെങ്കിലും 2026ല്‍ 98 ആയി കുറഞ്ഞു. കോഗ്‌നിസന്റ് 2024ല്‍ 1,236 അപേക്ഷകള്‍ നല്‍കിയിരുന്നു. തുടര്‍ന്നുള്ള രണ്ട് വര്‍ഷങ്ങളിലേയും കണക്ക് പുറത്തുവിട്ടിട്ടില്ല. എങ്കിലും ഇവരുടേയും കുറയുമെന്നാണ് റിപ്പോര്‍ട്ട്.
ഇന്ത്യന്‍ ഐടി കമ്പനികള്‍ക്ക് പുതിയ വിലക്ക് വലിയ തിരിച്ചടിയാകില്ലെന്നാണ് എച്ച്സിഎല്‍ ടെക്നോളജീസിന്റെ മുന്‍ സിഇഒ വിനീത് നായരുടെ വിലയിരുത്തല്‍. കഴിഞ്ഞ വര്‍ഷം അമേരിക്കയില്‍ അനുവദിച്ച 1,17,849 PERM സര്‍ട്ടിഫിക്കേഷനുകളില്‍ ഇന്ത്യന്‍ ഐടി കമ്പനികളുടേത് 1,400ല്‍ താഴെ മാത്രമായിരുന്നുവെന്ന് അദ്ദേഹം എക്സില്‍ കുറിച്ചു. ആകെ കണക്കിന്റെ രണ്ട് ശതമാനത്തില്‍ താഴെ മാത്രമാണ് ഇതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അതിനാല്‍ വിലക്കിന്റെ നേരിട്ടുള്ള പ്രത്യാഘാതം ആദ്യം കരുതുന്നതിലും കുറവായിരിക്കാമെന്നാണ് അദ്ദേഹത്തിന്റെ നിരീക്ഷണം.
പിഇആര്‍എം അപേക്ഷകള്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി ഒറ്റയക്കത്തിലായിരുന്നുവെന്നും പുതിയ നടപടി ജീവനക്കാരെ സംബന്ധിച്ച തന്ത്രങ്ങളെയോ ഉപഭോക്തൃ സേവനങ്ങളെയോ കാര്യമായി ബാധിക്കില്ലെന്നും ടിസിഎസ് വ്യക്തമാക്കി. അമേരിക്കയില്‍ പ്രാദേശിക നിയമനങ്ങള്‍ വര്‍ധിപ്പിക്കുകയും സ്വന്തം തൊഴില്‍ശേഷി ശക്തിപ്പെടുത്തുകയും ചെയ്തതോടെ എച്ച്-1ബി വിസകളിലുള്ള ആശ്രിതത്വം ഇന്ത്യന്‍ ഐടി കമ്പനികള്‍ കുറച്ചുവരികയാണെന്ന് നാസ്‌കോം അറിയിച്ചു. അതിനാല്‍ എച്ച്-1ബി വിസയില്‍നിന്ന് അമേരിക്കയിലെ സ്ഥിരതാമസ പദവിയിലേക്ക് മാറുന്ന ജീവനക്കാരുടെ എണ്ണവും പരിമിതമാണെന്നാണ് സംഘടനയുടെ വിശദീകരണം. വിദേശ ജീവനക്കാര്‍ക്ക് അമേരിക്കയില്‍ സ്ഥിരമായി ജോലി ചെയ്യാനുള്ള അനുമതി നേടുന്നതിനുള്ള പ്രധാന ഘട്ടമാണ് പിഇആര്‍എം സര്‍ട്ടിഫിക്കേഷന്‍.
Reports indicate a sharp decline in applications from Indian IT companies even before the US Green Card ban.



















