Caritas hospital

എസ്എഫ്ഐയുമായുള്ള പോർവിളി, കന്റോൺമെന്റ് സിഐ അവധിയിൽ, എസ്ഐയെ പരിശീലനത്തിന് വിട്ടു; നടപടിയല്ലെന്ന് സിറ്റി പൊലീസ് കമ്മീഷണർ

എസ്എഫ്ഐയുമായുള്ള പോർവിളി, കന്റോൺമെന്റ് സിഐ അവധിയിൽ, എസ്ഐയെ പരിശീലനത്തിന് വിട്ടു; നടപടിയല്ലെന്ന് സിറ്റി പൊലീസ് കമ്മീഷണർ
Share Email

എസ്.എഫ്.ഐയുമായുള്ള പരസ്യ പോരിനും സംഘർഷങ്ങൾക്കും പിന്നാലെ തിരുവനന്തപുരം കന്റോൺമെന്റ് പൊലീസിൽ അപ്രതീക്ഷിത മാറ്റങ്ങൾ. കന്റോൺമെന്റ് സ്റ്റേഷൻ ഹൗസ് ഓഫീസർ (എസ്.എച്ച്.ഒ) സി.ഐ സതീഷ് കുമാർ അവധിയിൽ പ്രവേശിക്കുകയും എസ്.ഐ ഗോകുൽ ഗോപാലിനെ പരിശീലനത്തിന് അയക്കുകയും ചെയ്തു. സിറ്റി പൊലീസ് കമ്മീഷണർ ഇരു ഉദ്യോഗസ്ഥരെയും നേരിട്ട് വിളിച്ചുവരുത്തി വിശദീകരണം തേടിയതിന് ശേഷമാണ് ഈ നടപടി. എന്നാൽ, സി.ഐ ഒരു ദിവസത്തെ സാധാരണ അവധിയിൽ പ്രവേശിച്ചതാണെന്നും എസ്.ഐയെ പോക്സോ പരിശീലനത്തിന് അയച്ചതാണെന്നുമാണ് കമ്മീഷണറുടെ വിശദീകരണം. മുൻപ് എസ്.എച്ച്.ഒയായിരുന്ന നാർക്കോട്ടിക് സി.ഐ ഷാഫിക്കാണ് നിലവിൽ താൽക്കാലിക ചുമതല നൽകിയിരിക്കുന്നത്.

യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി വിദ്യാർത്ഥികളെ ലാത്തിച്ചാർജ് ചെയ്തതും, എസ്.എഫ്.ഐ ജില്ലാ സെക്രട്ടറി നന്ദനെ എസ്.ഐ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയതുമാണ് തർക്കങ്ങളുടെ തുടക്കം. ഇതിന് പിന്നാലെ സി.ഐ സതീഷ് കുമാറിന്റെ സോഷ്യൽ മീഡിയ കുറിപ്പും വലിയ വിവാദമായിരുന്നു. തുടർന്ന് ഉദ്യോഗസ്ഥരുടെ വീടുകളിലേക്ക് എസ്.എഫ്.ഐയും ഡി.വൈ.എഫ്.ഐയും പ്രതിഷേധ മാർച്ച് നടത്തുകയും, തിരിച്ചെന്നോണം പൊലീസ് എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയുടെ വീട്ടിൽ പരിശോധന നടത്തുകയും ചെയ്തതോടെ പോര് കൂടുതൽ രൂക്ഷമായി. ഒക്ടോബർ 10-നകം ഇരുവരെയും മാറ്റിയില്ലെങ്കിൽ കന്റോൺമെന്റ് സ്റ്റേഷന് മുന്നിൽ അനിശ്ചിതകാല സമരം ആരംഭിക്കുമെന്ന് എസ്.എഫ്.ഐ പ്രഖ്യാപിച്ചിട്ടുണ്ട്.

ഉദ്യോഗസ്ഥരെ ഉടൻ മാറ്റണമെന്ന ആവശ്യത്തിൽ സി.പി.എമ്മും പോഷകസംഘടനകളും ഉറച്ചുനിൽക്കുന്നുണ്ടെങ്കിലും, രാഷ്ട്രീയ സമ്മർദ്ദങ്ങൾക്ക് വഴങ്ങി പെട്ടെന്ന് നടപടിയെടുക്കുന്നത് സേനയ്ക്കുള്ളിൽ അമർഷമുണ്ടാക്കുമെന്നാണ് ആഭ്യന്തര വകുപ്പിന്റെ വിലയിരുത്തൽ. എങ്കിലും ഹോസ്റ്റലിൽ കയറി വിദ്യാർത്ഥികളെ മർദ്ദിച്ച നടപടിയെ പൂർണ്ണമായി ന്യായീകരിക്കാനാകില്ലെന്ന നിലപാടിലാണ് ആഭ്യന്തര വകുപ്പ്. നിലവിൽ നടക്കുന്ന വകുപ്പുതല അന്വേഷണത്തിന് ശേഷം മാത്രം തുടർനടപടികൾ സ്വീകരിക്കാനാണ് അധികൃതരുടെ തീരുമാനം.

Share Email
LATEST excelnclexrn
More Articles
Top