Caritas hospital

ചൈനയ്ക്കായി ചാരപ്പണി: കാലിഫോര്‍ണിയയില്‍ യു എസ് യുവതി അറസ്റ്റില്‍

ചൈനയ്ക്കായി ചാരപ്പണി: കാലിഫോര്‍ണിയയില്‍ യു എസ് യുവതി അറസ്റ്റില്‍

വാഷിംഗടണ്‍: ചൈനീസ് ഉദ്യോഗസ്ഥരുടെ നിര്‍ദേശപ്രകാരം തായ്വാന്‍ പ്രസിഡന്റ് ലൈ ചിങ്-തെയുടെ മകനെ നിരീക്ഷിച്ചെന്നാരോപിച്ച് കാലിഫോര്‍ണിയ സ്വദേശിനിയായ യുവതിയെ യുഎസ് അധികൃതര്‍ അറസ്റ്റ് ചെയ്തു. ചൈനയ്ക്കായി രജിസ്റ്റര്‍ ചെയ്യാത്ത വിദേശ ഏജന്റായി പ്രവര്‍ത്തിച്ചെന്ന കുറ്റമാണ് 34 കാരിയായ വാന്‍യിങ് ഷാങ് എന്ന ഹെതറിനെതിരെ ചുമത്തിയിരിക്കുന്നത്. ചൈനയിലേക്ക് പോകാനിരിക്കെ ഞായറാഴ്ച ലോസ് ആഞ്ചലസ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വച്ചാണ് എഫ്ബിഐ ഇവരെ അറസ്റ്റ് ചെയ്തത്.

2025ല്‍ ചൈനീസ് ഉദ്യോഗസ്ഥരുടെ നിര്‍ദേശപ്രകാരം ഷാങ് സിയാറ്റിലിലേക്ക് യാത്ര ചെയ്തതായി യുഎസ് നീതിന്യായ വകുപ്പ് ആരോപിച്ചു. തുടര്‍ന്ന് തായ്വാന്‍ പ്രസിഡന്റിന്റെ മകനെയും കുടുംബത്തെയും കുറിച്ചുള്ള ചിത്രങ്ങള്‍, വീഡിയോകള്‍, വാഹനങ്ങളുടെ ലൈസന്‍സ് പ്ലേറ്റ് വിവരങ്ങള്‍ എന്നിവ ചൈനീസ് ഉദ്യോഗസ്ഥര്‍ക്ക് കൈമാറിയെന്നാണ് ആരോപണം. നിരീക്ഷണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനിടെ പിടിക്കപ്പെടാതിരിക്കാന്‍ പ്രത്യേക രീതികള്‍ ഉപയോഗിച്ചെന്നും വിദേശ സര്‍ക്കാരിനുവേണ്ടി പ്രവര്‍ത്തിക്കുന്നതായി യുഎസ് അധികൃതരെ അറിയിച്ചില്ലെന്നും സെന്‍ട്രല്‍ ഡിസ്ട്രിക്റ്റ് ഓഫ് കാലിഫോര്‍ണിയയിലെ യുഎസ് ആക്ടിങ് അറ്റോര്‍ണി ബില്‍ എസ്സെയ്ലി പറഞ്ഞു.

എഫ്ബിഐ പേര് ആദ്യം വെളിപ്പെടുത്തിയിരുന്നില്ല. എന്നാല്‍ പിന്നീട് ന്യൂയോര്‍ക്ക് പോസ്റ്റിന്റെ റിപ്പോര്‍ട്ട് പങ്കുവച്ചതിലൂടെ തായ്വാന്‍ പ്രസിഡന്റിന്റെ മകനായ ലൈ ടിങ്-യുവാണ് നിരീക്ഷണത്തിനിരയായതെന്ന് വ്യക്തമായി. ഇയാള്‍ യുഎസില്‍ താമസിക്കുന്ന വ്യക്തിയാണെന്നാണ് റിപ്പോര്‍ട്ട്. സംഭവത്തില്‍ വാഷിങ്ടണിലെ ചൈനീസ് എംബസിയുടെയും യുഎസിലെ തായ്പെയ് ഇക്കണോമിക് ആന്‍ഡ് കള്‍ച്ചറല്‍ റെപ്രസന്റേറ്റീവ് ഓഫീസിന്റെയും പ്രതികരണം ഉടന്‍ ലഭിച്ചിട്ടില്ല.

തിങ്കളാഴ്ച ലോസ് ആഞ്ചലസിലെ ഫെഡറല്‍ കോടതിയില്‍ ഇവര്‍ ഹാജരാകുമെന്ന് അധികൃതര്‍ അറിയിച്ചു. ചൈനയ്ക്കായി വിദേശ ഏജന്റായി രജിസ്റ്റര്‍ ചെയ്യാതെ പ്രവര്‍ത്തിച്ചതാണ് നിലവില്‍ ചുമത്തിയിരിക്കുന്ന പ്രധാന കുറ്റം. കേസില്‍ കൂടുതല്‍ അന്വേഷണങ്ങള്‍ തുടരുകയാണെന്ന് എഫ്ബിഐ വ്യക്തമാക്കി.

ചൈനയുമായി വേറിട്ട രാഷ്ട്രീയ സ്വത്വം ഉയര്‍ത്തിപ്പിടിക്കുന്ന ഡെമോക്രാറ്റിക് പ്രോഗ്രസീവ് പാര്‍ട്ടിയുടെ നേതാവാണ് തായ്വാന്‍ പ്രസിഡന്റ് ലൈ ചിങ്-തെ. തായ്വാനെ ചൈനയുടെ ഭാഗമായാണ് ബീജിങ് കാണുന്നത്. അതിനാല്‍ തായ്വാന്റെ പ്രത്യേക സ്വത്വത്തെ പിന്തുണയ്ക്കുന്ന നിലപാടുകള്‍ ചൈനയുടെ എതിര്‍പ്പിന് കാരണമാകാറുണ്ട്.

Spying for China: US woman arrested in California

Share Email
Top