ന്യൂയോര്‍ക്ക് :ലൈംഗീകാതിക്രമണ ആരോപണം ഉന്നയിച്ച സഹപാഠിക്ക് പിന്തുണ പ്രഖ്യാപിച്ചും കാമ്പസിലെ ലൈംഗിക അതിക്രമങ്ങള്‍ക്കെതിരേ സര്‍വകലാശാല കൂടുതല്‍ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടും കോര്‍ണല്‍ സര്‍വകലാശാലയിലെ വിദ്യാര്‍ഥികള്‍ വന്‍ പ്രതിഷേധ റാലി നടത്തി. ‘ജെയ്ന്‍ ഡോ’ എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന വിദ്യാര്‍ത്ഥിനിയുടെ കൂട്ടബലാത്സംഗ ആരോപണം രാജ്യവ്യാപകമായി വലിയ ചര്‍ച്ചയ്ക്ക് വഴിവെച്ച സാഹചര്യത്തിലാണ് പ്രതിഷേധം. സംഭവത്തില്‍ സര്‍വകലാശാല അധികാരികള്‍ കൈകാര്യം ചെയ്ത രീതി സംബന്ധിച്ച് സ്വതന്ത്ര അന്വേഷണം നടത്തണമെന്നും, ലൈംഗികാതിക്രമ കേസുകളില്‍ ഏകീകൃതമായ കുറഞ്ഞ ശിക്ഷാ മാനദണ്ഡങ്ങള്‍ ഏര്‍പ്പെടുത്തണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു.
2024 ഒക്ടോബറില്‍ കോര്‍ണല്‍ കാമ്പസിലെ ചി ഫൈ ഫ്രാറ്റേണിയിലെ നിരവധി അംഗങ്ങള്‍ തനിക്ക് മയക്കുമരുന്നും മദ്യവും നല്‍കിയ ശേഷം ബോധക്ഷയാവസ്ഥയിലായപ്പോള്‍ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് ജെയ്ന്‍ ഡേ ആരോപിച്ചത്. സംഭവത്തില്‍ സര്‍വകലാശാല ആവശ്യമായ രീതിയില്‍ അന്വേഷണം നടത്തുകയോ ഉത്തരവാദികള്‍ക്കെതിരെ മതിയായ നടപടി സ്വീകരിക്കുകയോ ചെയ്തില്ലെന്നാണ് അവരുടെ ആരോപണം. കേസില്‍ ചി ഫൈയിലെ ഏഴ് അംഗങ്ങളെയും ഫ്രാറ്റേണിയെയും പ്രാദേശിക ബാറിനെയും സ്വന്തം സൊറോറിറ്റിയെയും സര്‍വകലാശാലയെയും പ്രതികളാക്കിയിട്ടുണ്ട്. സംഭവത്തിന് ഏതാനും ആഴ്ചകള്‍ക്ക് ശേഷമാണ് അവര്‍ പോലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് സര്‍വകലാശാലയും നിയമനിര്‍വഹണ ഏജന്‍സികളും അന്വേഷണം നടത്തിയെങ്കിലും പ്രാദേശിക പ്രോസിക്യൂട്ടര്‍ ക്രിമിനല്‍ കുറ്റം ചുമത്താന്‍ വിസമ്മതിച്ചു.
എന്നാല്‍ ആരോപണ വിധേയരായവര്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്ന നിലപാടാണ് സ്വീകരിച്ചത്. ചിലര്‍ ലൈംഗിക ബന്ധം പരസ്പര സമ്മതത്തോടെയായിരുന്നുവെന്നും മറ്റുചിലര്‍ സംഭവത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്നും വാദിച്ചതായി ന്യൂയോര്‍ക്ക് ടൈംസ് സര്‍വകലാശാലാ രേഖകള്‍ ഉദ്ധരിച്ച് റിപ്പോര്‍ട്ട് ചെയ്തു. ആരോപണവിധേയരായ ചിലര്‍ക്ക് ഉപന്യാസങ്ങള്‍ എഴുതുന്നതിലൂടെ ശിക്ഷയില്‍ ഇളവ് നേടാനുള്ള അവസരം സര്‍വകലാശാല നല്‍കിയതായും ജെയ്ന്‍ ഡോയുടെ ഹര്‍ജിയില്‍ വിമര്‍ശിച്ചു. സംഭവത്തില്‍ പങ്കാളികളാണെന്ന് കണ്ടെത്തുന്ന വിദ്യാര്‍ത്ഥികളെ പുറത്താക്കുകയോ അവരുടെ ബിരുദങ്ങള്‍ റദ്ദാക്കുകയോ ചെയ്യണമെന്ന് തിങ്കളാഴ്ച പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു.
ഉപന്യാസമല്ല, ജയില്‍ശിക്ഷ വേണം’ എന്ന മുദ്രാവാക്യങ്ങളും പ്രതിഷേധത്തില്‍ ഉയര്‍ന്നു. കേസില്‍ പ്രാദേശിക അധികൃതര്‍ ആദ്യം സ്വീകരിച്ച നടപടിയില്‍ താന്‍ വളരെ അസ്വസ്ഥയാണെന്നു
പറഞ്ഞ ന്യൂയോര്‍ക്ക് ഗവര്‍ണര്‍ കാത്തി ഹോക്കുള്‍ വീണ്ടും ആരംഭിച്ച ക്രിമിനല്‍ അന്വേഷണത്തിന് നേതൃത്വം നല്‍കാന്‍ സംസ്ഥാന അറ്റോര്‍ണി ജനറല്‍ ലെറ്റീഷ്യ ജെയിംസിനെ പ്രത്യേക പ്രോസിക്യൂട്ടറായി നിയമിച്ചു. തിങ്കളാഴ്ച നടന്ന പ്രതിഷേധത്തില്‍ നൂറുകണക്കിന് വിദ്യാര്‍ത്ഥികളും അധ്യാപകരും സാമൂഹിക പ്രവര്‍ത്തകരും പങ്കെടുത്തു. ”ഒറ്റ പോരാട്ടം, ഒറ്റ ശബ്ദം, നീതി ഇല്ലെങ്കില്‍ സമാധാനമില്ല’ തുടങ്ങിയ മുദ്രാവാക്യങ്ങള്‍ മുഴക്കിയ പ്രതിഷേധക്കാര്‍ ക്യാമ്പസിലെ പ്രധാന നടപ്പാതയില്‍ ഒത്തുകൂടി. ”ജെയ്ന്‍ ഡോയ്ക്ക് നീതി”, ”അതിജീവിച്ചവര്‍ക്കൊപ്പം ഞങ്ങള്‍” തുടങ്ങിയ സന്ദേശങ്ങളുള്ള പ്ലക്കാര്‍ഡുകളും അവര്‍ ഉയര്‍ത്തി.. പ്രതിഷേധ മാര്‍ച്ച് സര്‍വകലാശാലയുടെ പ്രധാന ഭരണകാര്യാലയത്തിന് മുന്നിലാണ് അവസാനിച്ചത്.
Support for ‘Jane Doe’; massive student protest against rape at Cornell University.


















