ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് കോക്റോച്ച് ജനതാ പാർട്ടി ഡൽഹിയിൽ ആഹ്വാനം ചെയ്ത മാർച്ചുമായി ബന്ധപ്പെട്ട് പൊലീസ് സ്വീകരിച്ച നടപടികളെ സുപ്രീം കോടതി രൂക്ഷമായി വിമർശിച്ചു. ക്രമസമാധാന പരിപാലനത്തിന്റെ പേരിൽ ജനങ്ങളുടെ മൗലികാവകാശങ്ങളും സ്വതന്ത്ര സഞ്ചാരവും തടയരുതെന്ന് കോടതി കർശന നിർദ്ദേശം നൽകി.
ഒരു ഈച്ചയെ കൊല്ലാൻ ചുറ്റികയെടുക്കുന്ന നിലപാടല്ല പൊലീസ് സ്വീകരിക്കേണ്ടത്” എന്ന് പരമോന്നത കോടതി ഓർമ്മിപ്പിച്ചു. മുൻകരുതൽ നടപടിയായി ഡൽഹി മെട്രോ സ്റ്റേഷനുകൾ പൂട്ടിയിട്ട നടപടിയെ വിചാരണവേളയിൽ സുപ്രീം കോടതി കുറ്റപ്പെടുത്തി. ക്രമസമാധാനം പൂർണ്ണമായും തകരാറിലാകുന്ന സാഹചര്യം ഒഴിച്ചാൽ മെട്രോ സർവീസുകളും മറ്റ് പൊതുഗതാഗത സംവിധാനങ്ങളും സാധാരണ നിലയിൽ പ്രവർത്തിക്കാൻ അനുവദിക്കണം.
ഇൻ്റർനെറ്റ് സേവനങ്ങൾ അടച്ചുപൂട്ടുന്ന രീതി അംഗീകരിക്കാനാകില്ലെന്നും സർക്കാരിനെ മറികടന്ന് ക്രമസമാധാനം നടപ്പാക്കാൻ പൊലീസിന് അധികാരമില്ലെന്നും കോടതി വ്യക്തമാക്കി.പൗരന്റെയും പൊലീസ് ഉദ്യോഗസ്ഥന്റെയും ജീവരക്ഷയും സ്വാതന്ത്ര്യവും ഒരുപോലെ പ്രധാനമാണ്. തെരുവിൽ നിന്ന മുഴുവൻ ആളുകളെയും കസ്റ്റഡിയിലെടുത്ത സാഹചര്യം വിശദീകരിക്കണം.
സംഭവവികാസങ്ങളിൽ ആശങ്ക രേഖപ്പെടുത്തിയ സുപ്രീം കോടതി കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറിയോട് വിശദമായ റിപ്പോർട്ട് തേടി. അതോടൊപ്പം കടുപ്പമേറിയ രീതിയിൽ ക്രമസമാധാനം നിയന്ത്രിച്ച ഡൽഹി പൊലീസിനോടും സ്റ്റേഷനുകൾ അടച്ചിട്ട ഡൽഹി മെട്രോ റെയിൽ കോർപ്പറേഷനോടും വിശദീകരണം സമർപ്പിക്കാൻ ഉത്തരവിട്ടു.



















