ഇറാനുമായി എണ്ണവ്യാപാരം: മുംബൈ ആസ്ഥാനമായ രണ്ട് കമ്പനികള്‍ക്കും അഞ്ച് ഇന്ത്യക്കാര്‍ക്കുമെതിരെ യുഎസ് ഉപരോധം

ഇറാനുമായി എണ്ണവ്യാപാരം: മുംബൈ ആസ്ഥാനമായ രണ്ട് കമ്പനികള്‍ക്കും അഞ്ച് ഇന്ത്യക്കാര്‍ക്കുമെതിരെ യുഎസ് ഉപരോധം

വാഷിംഗ്ടണ്‍:  ഇറാനില്‍നിന്നുള്ള പെട്രോളിയം ഉല്‍പന്നങ്ങളുടെ വ്യാപാരത്തില്‍ പങ്കാളികളായെന്ന ആരോപണത്തെത്തുടര്‍ന്ന് മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന രണ്ട് കമ്പനികള്‍ക്കും അഞ്ച് ഇന്ത്യന്‍ പൗരന്മാര്‍ക്കുമെതിരെ ഉപരോധം ഏര്‍പ്പെടുത്തി അമേരിക്ക. വ്യാഴാഴ്ചയാണ് യുഎസ് നടപടി പ്രഖ്യാപിച്ചത്. ഇറാനില്‍നിന്നുള്ള പെട്രോളിയം ഉല്‍പന്നങ്ങളുടെ ഇറക്കുമതിക്ക് സൗകര്യമൊരുക്കിയെന്നാരോപിച്ച് എസ്എസ്പിഎല്‍ സൊല്യൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ്, സമുദ്ര മറൈന്‍ സര്‍വീസസ് പ്രൈവറ്റ് ലിമിറ്റഡ് എന്നീ കമ്പനികള്‍ക്കെതിരെയാണ് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് നടപടി സ്വീകരിച്ചത്.

എസ്എസ്പിഎല്‍ സൊല്യൂഷന്‍സുമായി ബന്ധപ്പെട്ട ധ്വനി വോറ, നിസര്‍ഗ് വോറ എന്നിവരും സമുദ്ര മറൈന്‍ സര്‍വീസസുമായി ബന്ധപ്പെട്ട കേതന്‍ കൊച്ചിക്കര്‍, ഭൂപേന്ദ്രസിങ് സാഹു, ഹരിശ്യം ഹരിഹരന്‍ എന്നിവരുമാണ് ഉപരോധനടപടിക്ക് വിധേയരായ അഞ്ച് ഇന്ത്യക്കാര്‍. ബന്ധപ്പെട്ട കമ്പനികളുമായി ഇടപാടുകള്‍ നടത്തുന്നതില്‍ ഇവര്‍ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇറാനെതിരായ അമേരിക്കയുടെ സാമ്പത്തിക നടപടികളുടെ ഭാഗമായാണ് നടപടി. ഓപ്പറേഷന്‍ ഇക്കണോമിക് ഔട്ട്കാസ്റ്റ് എന്ന പേരില്‍ ഇറാന്റെ വരുമാന സ്രോതസ്സുകളെ ലക്ഷ്യമിട്ടുള്ള നടപടികള്‍ അമേരിക്ക ശക്തമാക്കുകയാണ്.

ഇറാനില്‍നിന്നുള്ള പെട്രോളിയം, പെട്രോളിയം ഉല്‍പന്നങ്ങള്‍, പെട്രോകെമിക്കല്‍ ഉല്‍പന്നങ്ങള്‍ എന്നിവയുടെ വ്യാപാരവുമായി ബന്ധപ്പെട്ട് പത്ത് സ്ഥാപനങ്ങള്‍ക്കും ആറ് വ്യക്തികള്‍ക്കും അഞ്ച് കപ്പലുകള്‍ക്കുമെതിരെ ഉപരോധം ഏര്‍പ്പെടുത്തിയതായി യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് അറിയിച്ചു. ഇത്തരം സ്ഥാപനങ്ങള്‍ ഇറാന്‍ ഭരണകൂടത്തിന് ദശലക്ഷക്കണക്കിന് ഡോളര്‍ കൈമാറിയെന്നും അതുവഴി രാജ്യത്തിന്റെ പ്രധാന വരുമാന സ്രോതസ്സു കളിലൊന്നിനെ ശക്തിപ്പെടു ത്തിയെന്നും അമേരിക്ക ആരോപിച്ചു. ഇറാന്റെ പെട്രോകെമിക്കല്‍ ഉല്‍പന്ന വ്യാപാരത്തിന് പിന്നിലുള്ള വാങ്ങുന്നവരെയും വില്‍ക്കുന്നവരെയും ഒരുപോലെ ലക്ഷ്യമിടുന്നതാണ് നടപടിയെന്നും യുഎസ് വ്യക്തമാക്കി.

അതേസമയം, സമുദ്ര മറൈന്‍ സര്‍വീസസിന് നിലവിലുള്ള ഇടപാടുകള്‍ അവസാനി പ്പിക്കുന്നതിനായി ഒക്ടോബര്‍ 23 വരെ അമേരിക്ക അനുമതി നല്‍കിയിട്ടുണ്ട്. ഉപരോധം പൂര്‍ണമായി പ്രാബല്യത്തില്‍ വരുന്നതിന് മുമ്പ് നിലവിലുള്ള വ്യാപാര ഇടപാടുകള്‍ സുരക്ഷിതമായി പൂര്‍ത്തിയാക്കാനും പ്രവര്‍ത്തനങ്ങളില്‍നിന്ന് പിന്മാറാനും അനുവദിക്കുന്ന താല്‍ക്കാലിക ഇളവാണിത്. ഇതിന് പുറമേ, ഇറാന്‍ ഭരണകൂടത്തിന് ലഭിക്കുന്ന സാമ്പത്തിക വരുമാനം തടയുന്നതിനായി 17 സ്ഥാപനങ്ങള്‍ക്കും അവയുമായി ബന്ധപ്പെട്ട രഹസ്യ കപ്പല്‍ശൃംഖലയിലെ കപ്പലുകള്‍ക്കുമെതിരെ യുഎസ് ട്രഷറി ഡിപ്പാര്‍ട്ട്‌മെന്റും നടപടി സ്വീകരിച്ചു.

ഇറാന്റെ എണ്ണവില്‍പനയിലൂടെ ലഭിക്കുന്ന പണം മേഖലയില്‍ യുദ്ധം നടത്താന്‍ ഭരണകൂടം ഉപയോഗിക്കുന്നുവെന്നും ആ സാമ്പത്തിക സ്രോതസ്സുകള്‍ തടയുകയാണ് ലക്ഷ്യമെന്നും യുഎസ് ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസന്റ് പറഞ്ഞു. ഇറാന്റെ എണ്ണവില്‍പനയ്ക്കും ഉപരോധം മറികടക്കാനുള്ള നീക്കങ്ങള്‍ക്കും സഹായം നല്‍കുന്നവരെ തുടര്‍ന്നും കണ്ടെത്തി നടപടിയെടുക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. അമേരിക്കയുടെ ഉപരോധനടപടികള്‍ മറികടക്കാന്‍ സഹായിക്കുന്നവര്‍ക്കെതിരെ ട്രഷറി വകുപ്പിന്റെ അധികാരങ്ങള്‍ പൂര്‍ണമായി പ്രയോഗിക്കുമെന്നും ബെസന്റ് വ്യക്തമാക്കി.

Oil trade with Iran: US sanctions against two Mumbai-based companies and five Indians.

Share Email
LATEST excelnclexrn
Top