വാഷിംഗടണ്‍: തനിക്ക് നൊബേല്‍ സമ്മാനം ലഭിക്കണമെന്ന ആഗ്രഹം വീണ്ടും പങ്കുവെച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. സമാധാനത്തിനുള്ള നോബല്‍ സമാധാന പുരസ്‌കാരം ലഭിക്കണമെന്ന് ആഗ്രഹമാണ് ട്രംപ് മുന്നോട്ടുവെച്ചത്. എന്നാല്‍ 2026ലെ പുരസ്‌കാരം തനിക്ക് ലഭിക്കുമോ എന്ന കാര്യത്തില്‍ സംശയമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇറാനുമായി യുദ്ധത്തിലേര്‍പ്പെട്ടതും ഉക്രൈന്‍ യുദ്ധത്തിന് ഇതുവരെ സമാധാനപരമായ പരിഹാരം കണ്ടെത്താന്‍ കഴിയാത്തതുമായ സാഹചര്യത്തിലാണ് ട്രംപിന്റെ പ്രതികരണം.
2026ലെ നോബല്‍ സമാധാന പുരസ്‌കാര ജേതാവിനെ നോര്‍വീജിയന്‍ നോബല്‍ കമ്മിറ്റി വെള്ളിയാഴ്ച പ്രഖ്യാപിക്കും.രണ്ടാം തവണ പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ടതിനു പിന്നാലെ പലതവണ നോബല്‍ സമാധാന പുരസ്‌കാരത്തിന് താന്‍ അര്‍ഹനാണെന്ന് ട്രംപ് പറഞ്ഞിട്ടുണ്ട്. അവരുടെ തീരുമാനം എന്തായിരിക്കുമെന്ന് എനിക്കറിയില്ല. എന്നെപ്പോലുള്ളവര്‍ക്ക് പുരസ്‌കാരം നല്‍കാതിരിക്കുന്നതില്‍ അവര്‍ക്ക് ഒരു പാരമ്പര്യമുണ്ടെന്ന് തോന്നുന്നു, 226ലെ പുരസ്‌കാരത്തെക്കുറിച്ച് ട്രംപ് പ്രതികരണമിതായിരുന്നു. കഴിഞ്ഞ തവണ പുരസ്‌കാരം ലഭിച്ച വ്യക്തി തനിക്ക് നേരിട്ട് പുരസ്‌കാരം നല്‍കാതിരുന്നെങ്കിലും, ചരിത്രത്തില്‍ മറ്റാരേക്കാളും ട്രംപ് അതിന് അര്‍ഹനാണെന്ന് പറഞ്ഞതില്‍ തനിക്ക് ബഹുമാനമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വെനസ്വേലന്‍ പ്രതിപക്ഷ നേതാവ് മരിയ കൊറീന മച്ചാഡോയ്ക്ക് 2025ലെ നോബല്‍ സമാധാന പുരസ്‌കാരം ലഭിച്ചിരുന്നു. ജനുവരിയില്‍ അമേരിക്കയുടെ പിന്തുണ തേടുന്നതിനിടെ അവര്‍ തന്റെ നോബല്‍ മെഡല്‍ ട്രംപിന് സമ്മാനിക്കുകയും ചെയ്തു. കഴിഞ്ഞ ജനുവരിയില്‍ അധികാരത്തിലെത്തിയ ശേഷം എട്ട് സംഘര്‍ഷങ്ങളില്‍ ഇടപെട്ടതിന്റെ പേരിലാണ് തനിക്ക് പുരസ്‌കാരം ലഭിക്കേണ്ടതെന്ന് ട്രംപ് അവകാശപ്പെട്ടു. കംബോഡിയ, ഇസ്രയേല്‍, പാകിസ്ഥാന്‍ എന്നീ രാജ്യങ്ങളിലെ നേതാക്കള്‍ തനിക്ക് വേണ്ടി നാമനിര്‍ദേശം നല്‍കിയതായി പറഞ്ഞിട്ടുണ്ടെങ്കിലും, ഇക്കാര്യം സ്വതന്ത്രമായി സ്ഥിരീകരിക്കാന്‍ കഴിയില്ല.
ട്രംപ് പരിഹരിച്ചതായി അവകാശപ്പെടുന്ന ചില സംഘര്‍ഷങ്ങളിലെ കക്ഷികള്‍ തന്നെ അദ്ദേഹത്തിന്റെ നയതന്ത്ര ഇടപെടലിന്റെ പങ്കിനെ ചോദ്യം ചെയ്തിട്ടുണ്ട്. ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലും കംബോഡിയ-തായ്ലന്‍ഡ് അതിര്‍ത്തിയിലും ഉള്‍പ്പെടെ ചില മേഖലകളില്‍ വീണ്ടും ഏറ്റുമുട്ടലുകള്‍ ഉണ്ടായിട്ടുണ്ട്. രണ്ടാം തവണ അധികാരത്തിലെത്തിയ ആദ്യ ദിവസം തന്നെ അവസാനിപ്പിക്കുമെന്ന് ട്രംപ് വാഗ്ദാനം ചെയ്ത റഷ്യ-ഉക്രൈന്‍ യുദ്ധത്തിനും ഇതുവരെ പരിഹാരം കണ്ടെത്താനായിട്ടില്ല. ഇറാനെതിരെ യുഎസും ഇസ്രയേലും നടത്തിയ ആക്രമണങ്ങള്‍ ഏഴ് മാസം നീണ്ട സംഘര്‍ഷത്തിന് വഴിവെച്ചതായും ആഗോള ഊര്‍ജ വിതരണത്തെ ബാധിച്ച് ഇന്ധനവില ഉയരാന്‍ കാരണമായതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
അതേസമയം, ഈ വര്‍ഷത്തെ നോബല്‍ സമാധാന പുരസ്‌കാരത്തിനായി പരിഗണിക്കപ്പെടുന്ന പ്രമുഖരില്‍ പോപ്പ് ലിയോ, അന്താരാഷ്ട്ര ക്രിമിനല്‍ കോടതി, പലസ്തീന്‍ പ്രദേശങ്ങള്‍ക്കായുള്ള പ്രത്യേക റിപ്പോര്‍ട്ടര്‍ എന്നിവരും ഉള്‍പ്പെടുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. പുരസ്‌കാരം ആര്‍ക്കാണ് ലഭിക്കുകയെന്നത് നോര്‍വീജിയന്‍ നോബല്‍ കമ്മിറ്റിയുടെ തീരുമാനത്തിനുശേഷം മാത്രമേ വ്യക്തമാകൂ.
Trump once again demands the Nobel Peace Prize.


















