ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിച്ചെന്ന ആരോപണം; അമേരിക്കയില്‍ 100 മില്യണ്‍ ഡോളര്‍ പിഴയൊടുക്കാന്‍ ചൈനീസ് ഇ-കൊമേഴ്‌സ് കമ്പനിയായ ഷെയ്ന്‍

ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിച്ചെന്ന ആരോപണം; അമേരിക്കയില്‍ 100 മില്യണ്‍ ഡോളര്‍ പിഴയൊടുക്കാന്‍ ചൈനീസ് ഇ-കൊമേഴ്‌സ് കമ്പനിയായ ഷെയ്ന്‍

വാഷിംഗടണ്‍: യുഎസില്‍ ഉപഭോക്തൃ സംരക്ഷണ നിയമങ്ങള്‍ ലംഘിച്ചെന്ന ആരോപണത്തില്‍ 100 മില്യണ്‍ ഡോളര്‍ (ഏകദേശം 900 കോടി രൂപ) പിഴ നല്‍കി കേസ് ഒത്തുതീര്‍പ്പാക്കാന്‍ ചൈനീസ് ഇ-കൊമേഴ്സ് ഭീമനായ ഷെയ്ന്‍ (Shein) സമ്മതിച്ചു. സേവനങ്ങളിലെ വീഴ്ചകള്‍, ഉപഭോക്താക്കള്‍ക്ക് തെറ്റായ വിവരങ്ങള്‍ നല്‍കല്‍ തുടങ്ങിയ ആരോപണങ്ങളിലാണ് നടപടി. ഒത്തുതീര്‍പ്പ് പ്രകാരം നല്‍കുന്ന തുക ഉപഭോക്താക്കള്‍ക്ക് കൈമാറാനാണ് തീരുമാനം. കരാര്‍ ചൊവ്വാഴ്ചയാണ് പുറത്തുവന്നത്.

അമേരിക്കന്‍ ഫെഡറല്‍ ട്രേഡ് കമ്മീഷന്‍ (എഫ്ടിസി) ഇതേ ദിവസം തന്നെ ഷെയ്നെതിരെ കേസ് ഫയല്‍ ചെയ്യുകയും ഒത്തുതീര്‍പ്പ് നിര്‍ദേശം സമര്‍പ്പിക്കുകയും ചെയ്തു. ഓര്‍ഡറുകള്‍ വൈകി എത്തിക്കല്‍, പണം നല്‍കിയിട്ടും ഉല്‍പ്പന്നങ്ങള്‍ വിതരണം ചെയ്യാതിരിക്കല്‍, മോശം ഉപഭോക്തൃ സേവനം തുടങ്ങിയ വീഴ്ചകളാണ് കമ്പനിക്കെതിരെ പ്രധാനമായും ഉന്നയിച്ചിരിക്കുന്നത്. അമേരിക്കയില്‍ പ്രവര്‍ത്തിച്ചിരുന്ന ഷെയ്നെ വിളിക്കുന്നവര്‍ക്ക് പലപ്പോഴും മറുപടി ലഭിച്ചിരുന്നില്ലെന്നും ദിവസേന ഏകദേശം പത്തുലക്ഷത്തോളം പാഴ്‌സലുകള്‍ വിതരണം ചെയ്യുന്ന കമ്പനിയുടെ ഉപഭോക്തൃ സേവന വിഭാഗത്തില്‍ പേരിനു മാത്രം ജീവനക്കാര്‍ ഉണ്ടായിരുന്നുള്ളുവെന്നും എഫ്ടിസി ആരോപിച്ചു.

ഒത്തുതീര്‍പ്പിന്റെ ഭാഗമായി ഉല്‍പ്പന്നങ്ങള്‍ ഉപഭോക്താക്കളിലെത്തുന്ന സമയത്തെക്കുറിച്ച് കൂടുതല്‍ കൃത്യമായ വിവരങ്ങള്‍ നല്‍കാനും നെഗറ്റീവ് റിവ്യൂകള്‍ തടയുന്നത് അവസാനിപ്പിക്കാനും ഷെയ്ന്‍ സമ്മതിച്ചിട്ടുണ്ട്. വില്‍പ്പന നടത്തുന്ന ഉല്‍പ്പന്നങ്ങളെക്കുറിച്ച് തെറ്റായ അവകാശവാദങ്ങള്‍ ഉന്നയിക്കില്ലെന്നും കമ്പനി ഉറപ്പുനല്‍കി. ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ വിശ്വസനീയമായ സേവനം ഉറപ്പാക്കുന്നതിനുള്ള നടപടികളും ഇതിന്റെ ഭാഗമാകും.

അതേസമയം, ഒത്തുതീര്‍പ്പ് കുറ്റസമ്മതമല്ലെന്ന് ഷെയ്ന്‍ വ്യക്തമാക്കി. എഫ്ടിസി തങ്ങളുടെ ബിസിനസ് രീതികളെക്കുറിച്ചും നിയമപാലന നടപടികളെക്കുറിച്ചും നടത്തിയ ചില വിലയിരുത്തലുകളോട് ഇപ്പോഴും വിയോജിപ്പുണ്ടെന്നും കമ്പനി എഎഫ്പിയോട് പ്രതികരിച്ചു. ഉപഭോക്തൃ സേവനവും നിയമപരമായ മാനദണ്ഡങ്ങള്‍ പാലിക്കുന്നതും ശക്തിപ്പെടുത്തുന്നതിനായി ഗണ്യമായ നിക്ഷേപങ്ങള്‍ തുടര്‍ന്നും നടത്തിവരികയാണെന്നും ഷെയ്ന്‍ അറിയിച്ചു.

Allegations of misleading consumers: Chinese e-commerce company Shein to pay $100 million fine in the US.

Share Email
LATEST excelnclexrn
Top