അലാസ്ക സെനറ്റ് തിരഞ്ഞെടുപ്പിൽ പേരുവിവാദവും തട്ടിപ്പാരോപണവും; ഡെമോക്രാറ്റിക് സ്ഥാനാർത്ഥിക്കെതിരെ രൂക്ഷ വിമർശനവുമായി ഡോണൾഡ് ട്രംപ്

അലാസ്ക സെനറ്റ് തിരഞ്ഞെടുപ്പിൽ പേരുവിവാദവും തട്ടിപ്പാരോപണവും; ഡെമോക്രാറ്റിക് സ്ഥാനാർത്ഥിക്കെതിരെ രൂക്ഷ വിമർശനവുമായി ഡോണൾഡ് ട്രംപ്

വാഷിംഗ്ടൺ: അലാസ്ക സെനറ്റ് തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് സ്ഥാനാർത്ഥി മേരി പെൽടോളയ്‌ക്കെതിരെ രൂക്ഷവിമർശനവുമായി യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് രംഗത്ത്. റിപ്പബ്ലിക്കൻ സെനറ്റർ ഡാൻ സല്ലിവന്റെ അതേ പേരിലുള്ള മറ്റൊരു സ്ഥാനാർത്ഥിയെ മത്സരത്തിലിറക്കാൻ പെൽടോളയുടെ കാമ്പെയ്ൻ സംഘം രഹസ്യമായി സഹായിച്ചുവെന്ന് ‘ന്യൂയോർക്ക് ടൈംസ്’ റിപ്പോർട്ട് ചെയ്തതിന് പിന്നാലെയാണ് ട്രംപിന്റെ പ്രതികരണം. ഇത് തിരഞ്ഞെടുപ്പ് അട്ടിമറിയാണെന്നും പെൽടോളയെ മത്സരിക്കാൻ അനുവദിക്കരുതെന്നും ട്രംപ് സോഷ്യൽ മീഡിയയിലൂടെ ആവശ്യപ്പെട്ടു.

പെൽടോളയും സമാനമായ പേരിലുള്ള മറ്റ് സ്ഥാനാർത്ഥിയും നിയമനടപടി നേരിടണമെന്നും ട്രംപ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. എന്നാൽ ആരോപണങ്ങൾ മേരി പെൽടോളയുടെ കാമ്പെയ്ൻ ടീമും ഡെമോക്രാറ്റിക് സെനറ്റോറിയൽ കാമ്പെയ്ൻ കമ്മിറ്റിയും ശക്തമായി നിഷേധിച്ചിട്ടുണ്ട്. റിപ്പബ്ലിക്കൻ സെനറ്റർ ഡാൻ സല്ലിവനും സമാനമായ പേരിലുള്ള ഡാനിയൽ ജെ. സല്ലിവൻ ജൂനിയറും തമ്മിലാണ് പ്രധാന മത്സരം നടക്കുന്നത്. വോട്ടർമാരെ ആശയക്കുഴപ്പത്തിലാക്കാനാണ് മറ്റൊരു സല്ലിവനെ രംഗത്തിറക്കിയതെന്ന് റിപ്പബ്ലിക്കൻ പാർട്ടി ആരോപിക്കുന്നു.

എന്നാൽ താൻ സ്വന്തം താത്പര്യപ്രകാരമാണ് മത്സരത്തിലിറങ്ങിയതെന്ന് ഡാനിയൽ സല്ലിവൻ വ്യക്തമാക്കിയിട്ടുണ്ട്. ഇയാളെ ബാലറ്റിൽ ഉൾപ്പെടുത്താൻ നേരത്തെ അലാസ്ക സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. ഇതിനിടയിൽ, ഡാൻ സല്ലിവൻ പരാജയപ്പെടുകയാണെങ്കിൽ വോട്ടർമാരുടെ ആശയക്കുഴപ്പം കാരണം തിരഞ്ഞെടുപ്പ് ഫലം അംഗീകരിക്കരുതെന്ന് ആവശ്യപ്പെട്ട് ജസ്റ്റിസ് ഡിപ്പാർട്ട്മെന്റ് കോടതിയിൽ കേസ് ഫയൽ ചെയ്തിട്ടുണ്ട്. ഈ നീക്കത്തിന് പിന്നിൽ താനാണെന്ന് പ്രസിഡന്റ് ട്രംപ് തുറന്നുസമ്മതിക്കുകയും ചെയ്തു.

Share Email
LATEST excelnclexrn
More Articles
Top