ട്രംപിന്റെ 250 അടി ഉയരമുള്ള വിജയകമാനം; നിർമ്മാണം തടയണമെന്ന ഹർജിയിൽ ഉടൻ വിധി, ട്രംപ് ഭരണകൂടത്തിന്റെ വാദത്തെ ചോദ്യം ചെയ്ത് ജഡ്ജി

ട്രംപിന്റെ 250 അടി ഉയരമുള്ള വിജയകമാനം; നിർമ്മാണം തടയണമെന്ന ഹർജിയിൽ ഉടൻ വിധി, ട്രംപ് ഭരണകൂടത്തിന്റെ വാദത്തെ ചോദ്യം ചെയ്ത് ജഡ്ജി

വാഷിംഗ്ടൺ: വാഷിംഗ്ടൺ ഡിസിയിൽ 250 അടി (76 മീറ്റർ) ഉയരത്തിൽ ‘ട്രയംഫൽ ആർച്ച്’ നിർമിക്കാനുള്ള യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പദ്ധതിക്കെതിരെ കടുത്ത നിലപാടുമായി ഫെഡറൽ ജഡ്ജി തന്യ ചുട്കൻ. ലിങ്കൺ മെമ്മോറിയലിനും ആർലിംഗ്ടൺ ദേശീയ ശ്മശാനത്തിനും ഇടയിൽ നിർമിക്കാൻ ഉദ്ദേശിക്കുന്ന പദ്ധതിയുടെ പ്രവർത്തനങ്ങൾ അടുത്ത ആഴ്ച ആരംഭിക്കാനിരിക്കെയാണ് കോടതി ഇടപെടൽ. നിർമ്മാണം തടയണമെന്ന് ആവശ്യപ്പെട്ട് വിമുക്തഭടന്മാരും വിർജീനിയ, വാഷിംഗ്ടൺ ഡിസി അധികൃതരും നൽകിയ ഹർജികളിൽ വാദം പൂർത്തിയാക്കിയ കോടതി ഉടൻ ഉത്തരവ് പുറപ്പെടുവിക്കുമെന്ന് അറിയിച്ചു.

അമേരിക്കയുടെ 250-ാം സ്വാതന്ത്ര്യവാർഷികത്തിന്റെ സ്മാരകമായാണ് ആദ്യം പദ്ധതി പ്രഖ്യാപിച്ചത്. എന്നാൽ പിന്നീട് ഡ്രോണുകളും വെടിക്കോപ്പുകളും സൂക്ഷിക്കുന്നതിനുള്ള സൈനിക സമുച്ചയമായി പദ്ധതിയെ അവതരിപ്പിച്ച ട്രംപ് ഭരണകൂടത്തിന്റെ വാദത്തെ ജഡ്ജി ചോദ്യം ചെയ്തു. മൂന്ന് വർഷത്തിന് ശേഷം മാത്രം നിർമാണം പൂർത്തിയാകുന്ന സ്മാരകത്തിന് എന്ത് അടിയന്തര ദേശീയ സുരക്ഷാ പ്രാധാന്യമാണുള്ളതെന്ന് കോടതി ചോദിച്ചു. പ്രസിഡന്റിനെതിരായ വധശ്രമങ്ങൾ തടയാൻ ഈ കമാനം എങ്ങനെയാണ് സഹായിക്കുകയെന്നും ജസ്റ്റിസ് ഡിപ്പാർട്ട്‌മെന്റിനോട് ജഡ്ജി ആരാഞ്ഞു.

പ്രതിദിനം 22,000 സന്ദർശകരെത്തുന്ന വിനോദസഞ്ചാര മേഖലയിൽ ഇത്തരമൊരു സൈനിക സമുച്ചയം സ്ഥാപിക്കുന്നത് സുരക്ഷാ ആശങ്കകൾക്ക് ഇടയാക്കുമെന്ന് ഹർജിക്കാർ ചൂണ്ടിക്കാട്ടി. ചരിത്രപ്രാധാന്യമുള്ള ആർലിംഗ്ടൺ ദേശീയ ശ്മശാനത്തിന്റെ കാഴ്ച മറയ്ക്കുന്നതിനൊപ്പം പ്രദേശത്ത് വലിയ ഗതാഗതക്കുരുക്കിനും പദ്ധതി കാരണമാകുമെന്ന് വാഷിംഗ്ടൺ ഡിസി, വിർജീനിയ അധികൃതരും കോടതിയിൽ വാദിച്ചു. പദ്ധതിക്കെതിരെ ഫെഡറൽ കോടതി അടിയന്തര സ്റ്റേ ഉത്തരവ് പുറപ്പെടുവിക്കുമെന്ന പ്രതീക്ഷയിലാണ് ഹർജിക്കാർ.

Share Email
LATEST excelnclexrn
More Articles
Top