150 കിലോമീറ്ററിലധികം വേഗതയിൽ കാർ ഇടിച്ചുകയറ്റി കാമുകന്റെ മരണത്തിന് കാരണക്കാരിയായ യുവതി കുറ്റക്കാരിയെന്നു കോടതി

150 കിലോമീറ്ററിലധികം വേഗതയിൽ കാർ ഇടിച്ചുകയറ്റി കാമുകന്റെ മരണത്തിന് കാരണക്കാരിയായ യുവതി കുറ്റക്കാരിയെന്നു കോടതി
Share Email

ഫ്ലോറിഡ: കാമുകനുമായുള്ള വഴക്കിനെത്തുടർന്ന് അമിതവേഗതയിൽ കാറോടിച്ച് അപകടമുണ്ടാക്കി കാമുകന്റെ മരണത്തിന് കാരണക്കാരിയായ യുവതി കുറ്റക്കാരിയാണെന്ന് കോടതി കണ്ടെത്തി. ഫ്ലോറിഡയിലെ ലെയ്ഗ മുംബി (25) എന്ന യുവതിയാണ് വാഹനാപകടത്തിലൂടെയുള്ള നരഹത്യ, ഗുരുതര പരുക്കിന് കാരണമായ അശ്രദ്ധമായ ഡ്രൈവിംഗ് എന്നീ കുറ്റങ്ങളിൽ ശിക്ഷിക്കപ്പെട്ടത്.

22 വയസ്സുകാരനായ ഡാനിയൽ വാട്ടർമാന്റെ മരണവുമായി ബന്ധപ്പെട്ട് നടന്ന രണ്ടുദിവസത്തെ വിചാരണയ്‌ക്കൊടുവിൽ, 25 വയസ്സുകാരിയായ  മുംബിയെ ഒക്ടോബർ 14 ബുധനാഴ്ച കുറ്റക്കാരിയായി കണ്ടെത്തിയെന്ന് ഫ്ലോറിഡയിലെ സെവൻത് ജുഡീഷ്യൽ സർക്യൂട്ട് സ്റ്റേറ്റ് അറ്റോർണി ഓഫീസ് അറിയിച്ചു.

2025 ഫെബ്രുവരി 9-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഫ്ലോറിഡയിലെ ഇന്റർസ്റ്റേറ്റ് 95 പാതയിലൂടെ മണിക്കൂറിൽ 94 മൈൽ (ഏകദേശം 151 കിലോമീറ്റർ) വേഗതയിൽ കാറോടിക്കുന്നതിനിടയിൽ ലെയ്ഗയും കാമുകൻ ഡാനിയൽ വാട്ടർമാനും (22) തമ്മിൽ വഴക്കുണ്ടായി.

തർക്കത്തിനിടയിൽ യുവതി പെട്ടെന്ന് സ്റ്റീയറിങ് ഇടത്തേക്ക് വെട്ടിച്ചതിനെ തുടർന്ന് നിയന്ത്രണം നഷ്ടപ്പെട്ട കാർ ഹൈവേയിൽ നിന്ന് പാഞ്ഞുപോയി മരങ്ങളിൽ ഇടിക്കുകയായിരുന്നു.

അപകടത്തിൽ ഡാനിയലിന്റെ കഴുത്തൊടിയുകയും കഴുത്തിന് താഴേക്ക് ശരീരം തളരുകയും ചെയ്തു. തുടർന്ന് എട്ടുമാസത്തിനു ശേഷം 2025 ഒക്ടോബർ 8-ന് ന്യൂമോണിയ ബാധിച്ച് അദ്ദേഹം മരണപ്പെടുകയുണ്ടായി.

അപകടം നടന്ന ദിവസമാണ് താൻ ഗർഭിണിയാണെന്ന് ലെയ്ഗ അറിയുന്നത്. ഇതിനിടയിൽ ഡാനിയൽ മറ്റൊരു സ്ത്രീയുമായി ചാറ്റ് ചെയ്യുന്നത് കണ്ടതിനെ തുടർന്നുണ്ടായ കടുത്ത പ്രകോപനമാണ് അപകടത്തിലേക്ക് നയിച്ചതെന്ന് പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു. എന്നാൽ താൻ ആത്മഹത്യ ചെയ്യാൻ ശ്രമിക്കുകയോ ആരുടെയും ജീവൻ അപകടപ്പെടുത്താൻ ഉദ്ദേശിക്കുകയോ ചെയ്തിട്ടില്ലെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. ഫ്ലാഗ്ലർ കൗണ്ടി കോടതിയിൽ നടന്ന വിചാരണയ്ക്കൊടുവിൽ ജൂറി വിധി പ്രഖ്യാപിക്കുകയായിരുന്നു. യുവതിക്കുള്ള ശിക്ഷ പിന്നീട് വിധിക്കും.

Share Email
LATEST excelnclexrn
Top