ഫ്ലോറിഡ: നാലു കുട്ടികളെ വീട്ടില്‍ തനിച്ചാക്കി ഒരാഴ്ച്ചയോളം യാത്രയ്ക്ക് പോയ യുവതി തിരിച്ചെത്തിയപ്പോള്‍ പോലീസ് കൈയ്യോടെ പിടികൂടി. പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ മുതിര്‍ന്നവരുടെ മേല്‍നോട്ടമില്ലാതെ ദിവസങ്ങളോളം വീട്ടില്‍ തനിച്ചാക്കിയെന്ന കേസലാണ് 50 കാരിയെ പൊലീസ് അറസ്റ്റ് ചെയ്തത്. . ജോലിയുടെ ഭാഗമായി ലാസ് വേഗാസിലേക്ക് ആറു ദിവസത്തെ യാത്ര പോയ യുവതി കുട്ടികളെ വീട്ടില്‍ ഒറ്റയ്ക്കാക്കിയെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. ഫ്ലോറിഡയിലെ വിമാനത്താവളത്തില്‍ ഇറങ്ങിയ ഉടന്‍ തന്നെ ഡിറ്റക്ടീവുകള്‍ യുവതിയെ ഗേറ്റില്‍വെച്ച് കസ്റ്റഡിയിലെടുത്തു. നാലു കുട്ടികളെ അവഗണിച്ചെന്ന നാല് കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. ഫോക്സ് ന്യൂസാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തത്.
ഒന്‍പത് വയസുള്ള മകന്റെ തലയില്‍ ഡംബെല്‍ വീണ് പരിക്കേറ്റതിനെത്തുടര്‍ന്ന് കുട്ടികളിലൊരാള്‍ അടിയന്തര സേവന വിഭാഗത്തെ വിളിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ഒസിയോള കൗണ്ടി പൊലീസ്, ഒന്‍പത്, 11, 12, 14 വയസുള്ള നാലു കുട്ടികളെ വീട്ടില്‍ തനിച്ചാണ് കണ്ടെത്തിയത്. പരിക്കേറ്റ ഒന്‍പതുകാരനെ പാരാമെഡിക്കുകള്‍ സമീപത്തെ ആശുപത്രിയിലെത്തിച്ചു. ചികിത്സ നല്കിയ ശേഷം കുട്ടിയെ ആശുപത്രിയില്‍നിന്ന് വിട്ടയച്ചു.
യുവതിയെ ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ ആറു ദിവസത്തെ ഔദ്യോഗിക ആവശ്യത്തിനുള്ള യാത്രയ്ക്കായി ലാസ് വേഗാസിലേക്ക് പോയതാണെന്ന് അവര്‍ പൊലീസിനോട് പറഞ്ഞു. കുട്ടികളെ സഹായിക്കാന്‍ ഒരു ബേബി സിറ്ററെ ഏര്‍പ്പെടുത്തിയിരുന്നുവെന്നും അവര്‍ വ്യക്തമാക്കി. രാവിലെ കുട്ടികളെ സ്കൂളില്‍ പോകാന്‍ തയാറാക്കാനും ഉച്ചകഴിഞ്ഞ് അവരുടെ കാര്യങ്ങള്‍ അന്വേഷിക്കാനുമായിരുന്നു ബേബി സിറ്ററുടെ ചുമതല. എന്നാല്‍, രാത്രി കുട്ടികള്‍ക്കൊപ്പം താമസിക്കാനോ പകല്‍ മുഴുവന്‍ അവരെ പരിചരിക്കാനോ ബേബി സിറ്ററെ നിയോഗിച്ചിരുന്നില്ലെന്ന് യുവതി സമ്മതിച്ചതായി പൊലീസ് അറിയിച്ചു.
സംഭവത്തെത്തുടര്‍ന്ന് കുട്ടികളുടെ പിതാവിനെ പൊലീസ് ഉടന്‍ വിവരമറിയിച്ചു. അദ്ദേഹം സ്ഥലത്തെത്തി നാലു കുട്ടികളെയും സ്വന്തം വീട്ടിലേക്ക് കൊണ്ടുപോയി. ഒക്ടോബര്‍ 23ന് വിമാനത്താവളത്തിലെത്തിയ ഐറീന് മില്ലറെ അറസ്റ്റ് ചെയ്തതായും കുട്ടികളെ ഗുരുതരമായ ശാരീരിക പരിക്കിന് ഇടയാക്കാതെ അവഗണിച്ചതുമായി ബന്ധപ്പെട്ട നാല് കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നതെന്നും ഒസിയോള കൗണ്ടി ഷെരീഫ് ഓഫീസ് പ്രസ്താവനയില്‍ അറിയിച്ചു. തുടര്‍ന്ന് ഇവരെ ഓറഞ്ച് കൗണ്ടി ജയിലില്‍ പ്രവേശിപ്പിച്ചു.
കുട്ടികളുടെ സുരക്ഷയും പരിചരണവും ഉറപ്പാക്കുന്നതില്‍ വീഴ്ച വരുത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഒസിയോള കൗണ്ടി ഷെരീഫ് ക്രിസ് ബ്ലാക്ക്മണ്‍ വ്യക്തമാക്കി. കുട്ടികളെ വേണ്ടത്ര നിരീക്ഷിക്കാതെയും പരിചരിക്കാതെയും വിടുന്ന മാതാപിതാക്കള്‍ക്കെതിരായ പരാതികള്‍ അന്വേഷിക്കുകയും ആവശ്യമായ കുറ്റങ്ങള്‍ ചുമത്തുകയും ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. സംഭവത്തില്‍ തുടര്‍ നിയമനടപടികള്‍ പുരോഗമിക്കുകയാണ്.
Young woman leaves four children home alone for a week-long trip; police take her into custody upon her return.



















