ബ്രോങ്ക്‌സില്‍ 15കാരനായ ഘാന സ്വദേശിയെ വെടിവെച്ചുകൊന്ന സംഭവം; 17കാരന്‍ അറസ്റ്റില്‍

ബ്രോങ്ക്‌സില്‍ 15കാരനായ ഘാന സ്വദേശിയെ വെടിവെച്ചുകൊന്ന സംഭവം; 17കാരന്‍ അറസ്റ്റില്‍

ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്ക് നഗരത്തിലെ ബ്രോങ്ക്‌സില്‍ സ്‌കൂളിലേക്ക് പോകുന്നതിനിടെ 15കാരനായ ഘാന സ്വദേശി വെടിയേറ്റ് കൊല്ലപ്പെട്ടസംഭവവുമയാി ബന്ധപ്പെട്ട് 17കാരന്‍ അറസ്റ്റില്‍. ജാവിറ്റ്‌സ് ഫ്രിംപോങ് എന്ന വിദ്യാര്‍ഥിയാണ് കഴിഞ്ഞ മാസം വെടിയേറ്റ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ അന്വേഷണം നടത്തിയ ന്യൂയോര്‍ക്ക് പൊലീസ് ബുധനാഴ്ചയാണ് പ്രതിയായ കൗമാരക്കാരനെ പിടികൂടിയത്. കൊലപാതക കുറ്റം ചുമത്തിയ പ്രതിയെ 42-ാം പൊലീസ് പ്രിസിങ്ക്ടിലെത്തിച്ച് ചോദ്യം ചെയ്തതായി അധികൃതര്‍ അറിയിച്ചു.

മകന്റെ കൊലപാതകത്തില്‍ നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് ജാവിറ്റ്‌സിന്റെ അമ്മ ഡോറിസ് ഗ്യാംഫി രംഗത്തെത്തി. മകന്റെ മരണവിവരമറിഞ്ഞ് ഘാനയില്‍നിന്ന് അമേരിക്കയിലെത്തിയ അവര്‍ ബുധനാഴ്ച നടത്തിയ വാര്‍ത്താസമ്മേളനത്തിനിടെ പൊട്ടിക്കരഞ്ഞു. തനിക്ക് ഒരേയൊരു മകന്‍ മാത്രമാണുള്ളതെന്നും അവന് നീതി ലഭിക്കണമെന്നുമായിരുന്നു അമ്മയുടെ ആവശ്യം. മകന്റെ മരണത്തില്‍ പ്രതിക്കെതിരെ നടപടി സ്വീകരിച്ചതില്‍ സന്തോഷമുണ്ടെന്ന് പിതാവ് തോമസ് ഫ്രിംപോങും പ്രതികരിച്ചു.

ഒക്ടോബര്‍ 29ന് ക്രോട്ടോണ പാര്‍ക്കിന് സമീപം വെച്ചാണ് ജാവിറ്റ്‌സിന്റെ വയറ്റില്‍ വെടിയേറ്റത്. ഉടന്‍ തന്നെ പൊലീസ് കുട്ടിയെ സെന്റ് ബര്‍ണബാസ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും പിന്നീട് മരണം സ്ഥിരീകരിക്കുകയായിരുന്നു. കറുത്ത വസ്ത്രവും മുഖംമൂടിയും ധരിച്ച ഒരാള്‍ സംഭവസ്ഥലത്തുനിന്ന് ഓടിപ്പോകുന്നതിന്റെ ദൃശ്യങ്ങള്‍ സമീപത്തെ നിരീക്ഷണ ക്യാമറയില്‍ പതിഞ്ഞിരുന്നു.

സ്‌കൂളിലെ പീഡനവും കൊലപാതകത്തിന് പിന്നിലുണ്ടോയെന്ന കാര്യവും പൊലീസ് അന്വേഷിക്കുന്നുണ്ട്. താന്‍ ഡ്രീംയാര്‍ഡ് പ്രിപറേറ്ററി സ്‌കൂളില്‍ പഠിക്കുമ്പോള്‍ സഹപാഠികളില്‍നിന്ന് പീഡനം നേരിടുന്നതായി ജാവിറ്റ്‌സ് കുടുംബത്തോട് പറഞ്ഞിരുന്നുവെന്നാണ് ബന്ധുക്കളുടെ വെളിപ്പെടുത്തല്‍. ഇക്കാര്യം പരിശോധിക്കുന്നതിനായി ന്യൂയോര്‍ക്ക് സിറ്റി വിദ്യാഭ്യാസ വകുപ്പുമായി സഹകരിച്ച് അന്വേഷണം നടത്തുകയാണെന്ന് പൊലീസ് അറിയിച്ചു. അന്വേഷണവുമായി പൂര്‍ണമായി സഹകരിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് വക്താവും വ്യക്തമാക്കി.

കുടുംബത്തിന്റെ അഭിഭാഷകന്‍ ബെന്‍ ക്രംപ് പ്രതിക്കെതിരെ നിയമപ്രകാരം കര്‍ശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു. ജാവിറ്റ്‌സിന്റെ സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കുന്നതിനായി അമ്മയ്ക്ക് അമേരിക്കയിലേക്ക് വരാനുള്ള വിസ അനുവദിച്ചതായി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അറിയിച്ചിരുന്നുവെന്ന് ന്യൂയോര്‍ക്ക് മേയര്‍ സൊഹ്‌റാന്‍ മംദാനി വ്യക്തമാക്കി. കുട്ടിയുടെ മരണം ഒരു മാതാപിതാക്കളും അനുഭവിക്കേണ്ടിവരരുതെന്നും ന്യൂയോര്‍ക്ക് നഗരം ഒന്നാകെ കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ജാവിറ്റ്‌സിന്റെ സ്മരണയ്ക്കായി കഴിഞ്ഞ ശനിയാഴ്ച ബ്രോങ്ക്‌സില്‍ നൂറുകണക്കിന് ആളുകള്‍ പങ്കെടുത്ത അനുസ്മരണ റാലിയും സംഘടിപ്പിച്ചു.

17-year-old arrested in connection with the fatal shooting of a 15-year-old Ghanaian native in the Bronx

Share Email
LATEST excelnclexrn
More Articles
Top