ഫ്‌ളോറിഡയില്‍ ഒമ്പത് പേരുമായി സഞ്ചരിച്ച ലിയര്‍ജെറ്റ് വിമാനം തകര്‍ന്നുവീണു

ഫ്‌ളോറിഡയില്‍ ഒമ്പത് പേരുമായി സഞ്ചരിച്ച ലിയര്‍ജെറ്റ് വിമാനം തകര്‍ന്നുവീണു

ഫ്‌ളോറിഡ: യുഎസിലെ ഫ്‌ലോറിഡയിലെ പാം ബീച്ച് കൗണ്ടിയില്‍ ഒമ്പത് പേരുമായി സഞ്ചരിച്ച ലിയര്‍ജെറ്റ് വിമാനം തകര്‍ന്നുവീണു. ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ (എഫ്എഎ) ആണ് അപകടവിവരം സ്ഥിരീകരിച്ചത്. ഞായറാഴ്ച ഉച്ചയോടെയാണ് വിമാനം തകര്‍ന്നതെന്നാണ് പ്രാഥമിക വിവരം.

22 വര്‍ഷം പഴക്കമുള്ള ഇരട്ട എന്‍ജിന്‍ ലിയര്‍ജെറ്റ് 60 വിമാനമാണ് അപകടത്തില്‍പ്പെട്ടത്. ടെക്‌സസിലെ ഓസ്റ്റിനില്‍നിന്ന് പുറപ്പെട്ട വിമാനം ബഹാമാസിലെ നോര്‍ത്ത് എല്യൂതെറയിലേക്ക് േപറക്കുകയായിരുന്നു. യാത്രയ്ക്കിടെ വിമാനത്തിന് ഉയരം അതിവേഗം നഷ്ടപ്പെട്ടതായാണ് എഫ്എഎയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്.

വിമാനം നിലത്തിടിച്ച് തീഗോളമായി മാറുന്നതിന്റെ ചിത്രങ്ങളും ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. അപകടത്തിന്റെ ആഘാതത്തില്‍ സമീപത്തെ ഷോപ്പിങ് സെന്ററിന് അരികില്‍ വലിയ ഗര്‍ത്തം രൂപപ്പെട്ടു. പാം ബീച്ച് കൗണ്ടിയിലെ ഗ്രീന്‍ഏക്കേഴ്‌സ് മേഖലയിലുള്ള മിലിട്ടറി ട്രെയിലിന് സമീപം ക്രെസ്റ്റ്‌ഹേവന്‍ ബൊളിവാര്‍ഡിനും പത്താം അവന്യൂവിനും ഇടയിലാണ് വിമാനം തകര്‍ന്നുവീണത്.

വിമാനം 35,250 അടി ഉയരത്തില്‍നിന്ന് ഒരു മിനിറ്റിലേറെ സമയത്തിനുള്ളില്‍ 8,750 അടിയിലേക്ക് താഴ്ന്നതായി എഫ്എഎ അറിയിച്ചു. അപകടത്തില്‍പ്പെട്ടവരുടെ മരണസംഖ്യയോ പരിക്കേറ്റവരുടെ വിവരങ്ങളോ അധികൃതര്‍ ഉടന്‍ പുറത്തുവിട്ടിട്ടില്ല.

അപകടത്തെക്കുറിച്ച് ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷനും നാഷണല്‍ ട്രാന്‍സ്പോര്‍ട്ടേഷന്‍ സേഫ്റ്റി ബോര്‍ഡും സംയുക്തമായി അന്വേഷണം നടത്തും. സ്വകാര്യ കമ്പനിയുടെ ഉടമസ്ഥതയിലുള്ള വിമാനമാണ് അപകടത്തില്‍പ്പെട്ടതെന്നാണ് രേഖകള്‍ സൂചിപ്പിക്കുന്നത്. മുന്‍പ് വാടകയ്ക്ക് നല്‍കുന്നതിനും ഈ വിമാനം ഉപയോഗിച്ചിരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.

A Learjet carrying nine people crashed in Florida.

Share Email
Top