സൂം ആപ്പ് വഴി ഇന്‍റർവ്യൂ, അമേരിക്കയിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടി; അഹമ്മദാബാദിൽ സൈബർ തട്ടിപ്പിനിരയായത് സ്ത്രീ

സൂം ആപ്പ് വഴി ഇന്‍റർവ്യൂ, അമേരിക്കയിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടി; അഹമ്മദാബാദിൽ സൈബർ തട്ടിപ്പിനിരയായത് സ്ത്രീ

അഹമ്മദാബാദ്: അമേരിക്കയിൽ ജോലിയും വർക്ക് പെർമിറ്റ് വിസയും വാഗ്ദാനം ചെയ്ത് യുവതിയിൽ നിന്ന് 13.93 ലക്ഷം രൂപ തട്ടിയെടുത്തു. അഹമ്മദാബാദിലെ ഖാൻപൂർ പ്രദേശവാസിയായ നീലം സമീർ ഷെയ്ഖ് (45) ആണ് സൈബർ തട്ടിപ്പിനിരയായത്. വ്യാജ രേഖകളും ഓൺലൈൻ അഭിമുഖവും നടത്തിയായിരുന്നു തട്ടിപ്പ് സംഘം യുവതിയുടെ വിശ്വാസം പിടിച്ചുപറ്റിയത്. സംഭവത്തിൽ സൈബർ ക്രൈം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ആഗസ്റ്റ് 7 നും ആഗസ്റ്റ് 28 നും ഇടയിലാണ് തട്ടിപ്പ് നടന്നത്. ഇൻസ്റ്റാഗ്രാമിൽ കണ്ട പരസ്യത്തിലൂടെയാണ് യുവതി തട്ടിപ്പുകാരുമായി ബന്ധപ്പെടുന്നത്. തുടർന്ന് മൈക്കൽ കിം എന്ന വ്യാജപേരിൽ വാട്സാപ്പിലൂടെയും വിവിധ ഇമെയിൽ വഴിയും പ്രതികൾ യുവതിയുമായി ആശയവിനിമയം നടത്തി. ‘കൽസാൻ എൻജിനീയറിങ് കമ്പനി’യുടെ പേരിൽ സൂം (Zoom) ആപ്പ് വഴി വ്യാജ അഭിമുഖവും നടത്തിയിരുന്നു. കമ്പനിയുടെ എച്ച്.ആർ മേധാവിയാണെന്ന് വിശ്വസിപ്പിച്ചാണ് ഇവർ യുവതിയെ അഭിമുഖം നടത്തിയത്.

വിശ്വാസ്യത തോന്നുന്നതിനായി യു.എസ് ജോബ് ഓഫർ ലെറ്റർ, ഡി.എസ്-160 വിസ അപേക്ഷാ ഫോം, മെഡിക്കൽ അപ്പോയിന്റ്മെന്റ് സ്ഥിരീകരണ കത്ത്, കറൻസി എക്സ്ചേഞ്ച് ലെറ്റർ, ബയോമെട്രിക് അപ്പോയിന്റ്മെന്റ് സ്ഥിരീകരണ രേഖ, യു.എസ് കോൺസുലാർ അഭിമുഖ നോട്ടീസ് തുടങ്ങിയ വ്യാജ രേഖകളെല്ലാം ഇവർ യുവതിക്ക് അയച്ചുനൽകി. രേഖകൾ കണ്ട് യഥാർത്ഥമാണെന്ന് വിശ്വസിച്ച യുവതി വിസ പ്രോസസ്സിംഗിനും മറ്റ് ആവശ്യങ്ങൾക്കുമായി വിവിധ തീയതികളിൽ പ്രതികൾ നൽകിയ ബാങ്ക് അക്കൗണ്ടുകളിലേക്ക് ഘട്ടം ഘട്ടമായി 13.93 ലക്ഷം രൂപ അയച്ചുകൊടുത്തു.

എന്നാൽ പണം നൽകിയിട്ടും ജോലിയോ വിസയോ ലഭിക്കാതിരുന്നതിനെ തുടർന്ന് യുവതി വീണ്ടും ബന്ധപ്പെട്ടെങ്കിലും പ്രതികൾ ഒഴിഞ്ഞുമാറുകയായിരുന്നു. പണം തിരികെ ലഭിക്കാതെ വന്നതോടെയാണ് അവർ അഹമ്മദാബാദ് സൈബർ ക്രൈം പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. വാട്സാപ്പ് നമ്പറുകൾ, ഇമെയിൽ വിലാസങ്ങൾ, ബാങ്ക് അക്കൗണ്ടുകൾ എന്നിവ കേന്ദ്രീകരിച്ച് പ്രതികൾക്കായുള്ള അന്വേഷണം പൊലീസ് ഊർജ്ജിതമാക്കിയിട്ടുണ്ട്.

Share Email
LATEST excelnclexrn
More Articles
Top