അനിൽ മറ്റത്തിക്കുന്നേൽ
വാഷിങ്ടൺ: നിർമിതബുദ്ധിക്കാവശ്യമായ ഡാറ്റാ പ്രോസസ്സിങ് ബഹിരാകാശത്ത്
നടത്തുന്നതിനുള്ള SpaceX-ന്റെ ‘സ്റ്റാർമൈൻഡ്’ പദ്ധതിക്ക് യുഎസ് ഫെഡറൽ
കമ്മ്യൂണിക്കേഷൻസ് കമ്മീഷൻ (FCC) നിബന്ധനകളോടെ അനുമതി നൽകി. നവംബർ 25-ന്
പുറത്തിറക്കിയ ഉത്തരവുപ്രകാരം, ഭൂമിയുടെ താഴ്ന്ന ഭ്രമണപഥത്തിൽ പത്ത്
ലക്ഷം വരെ ഉപഗ്രഹങ്ങൾ ഘട്ടംഘട്ടമായി വിന്യസിക്കാം. ബഹിരാകാശ ഡാറ്റാ
സെന്ററുകളുടെ ശൃംഖലയ്ക്ക് യുഎസിൽ നൽകുന്ന ആദ്യ അനുമതിയാണിതെന്ന് FCC
അറിയിച്ചു.
സൗരോർജം ഉപയോഗിച്ച് ഉപഗ്രഹങ്ങളിൽത്തന്നെ ഡാറ്റ പ്രോസസ്സ് ചെയ്യുകയും
ഫലങ്ങൾ ഭൂമിയിലെ ഉപയോക്താക്കൾക്ക് ലഭ്യമാക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യം.
ഉപഗ്രഹങ്ങൾ തമ്മിലുള്ള ആശയവിനിമയത്തിന് ലേസർ ബന്ധമാണ് ഉപയോഗിക്കുക. ഈ
സംവിധാനത്തിൽ തകരാറുണ്ടായാൽ ഉപഗ്രഹങ്ങളെ നിരീക്ഷിക്കാനും
നിയന്ത്രിക്കാനും റേഡിയോ ബന്ധം ഉപയോഗിക്കാനും FCC അനുമതി നൽകിയിട്ടുണ്ട്.
അനുമതിയിലെ വ്യവസ്ഥകൾ പ്രകാരം, 2033 നവംബർ 25-നകം ആദ്യ ഉപഗ്രഹം നിശ്ചിത
ഭ്രമണപഥത്തിൽ പ്രവർത്തനക്ഷമമാക്കണം. 2035 നവംബർ 25-നകം ഒരു ലക്ഷവും 2038
നവംബർ 25-നകം അഞ്ച് ലക്ഷവും ഉപഗ്രഹങ്ങൾ പ്രവർത്തനത്തിലുണ്ടാകണം. പത്ത്
ലക്ഷം ഉപഗ്രഹങ്ങൾ ഉൾപ്പെടുന്ന ശൃംഖല പൂർത്തിയാക്കാൻ 2040 നവംബർ 25
വരെയാണ് സമയപരിധി.
600 കിലോമീറ്ററിനു മുകളിലുള്ള ഭ്രമണപഥങ്ങളിൽ ഉപഗ്രഹങ്ങൾ
വിന്യസിക്കുന്നതിന് മുമ്പ് ബഹിരാകാശ അവശിഷ്ടങ്ങൾ മൂലമുള്ള അപകടസാധ്യത
കുറയ്ക്കുന്നതിനുള്ള അന്തിമ പദ്ധതി SpaceX സമർപ്പിക്കണം. അതേസമയം,
ഉപഗ്രഹങ്ങളിൽനിന്ന് പ്രതിഫലിക്കുന്ന സൂര്യപ്രകാശം ഭൂമിയിലെ
ടെലിസ്കോപ്പുകൾ ഉപയോഗിച്ചുള്ള വാനനിരീക്ഷണത്തെ ബാധിക്കാമെന്ന് അമേരിക്കൻ
ആസ്ട്രോണമിക്കൽ സൊസൈറ്റി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഉപഗ്രഹങ്ങൾ വൻതോതിൽ നിർമിച്ച് വിക്ഷേപിക്കുന്നതിനുള്ള ചെലവും
പ്രവർത്തനത്തിനിടെ കംപ്യൂട്ടറുകൾ ഉൽപ്പാദിപ്പിക്കുന്ന ചൂട് നീക്കം
ചെയ്യുന്നതും പദ്ധതിയുടെ പ്രധാന വെല്ലുവിളികളാണ്. ഭ്രമണപഥത്തിലെ ഡാറ്റാ
സെന്ററുകൾ ഭൂമിയിലെ സംവിധാനങ്ങൾക്ക് പ്രായോഗികമായ ബദലാകുമോ എന്നത് ഈ
വെല്ലുവിളികൾ എങ്ങനെ പരിഹരിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും.















