യുവാക്കളും ഹിസ്പാനിക് വോട്ടര്‍മാരും അകലുമ്പോള്‍ ഭരണവിരുദ്ധ വികാരം പ്രതിഫലിക്കുന്ന തിരഞ്ഞെടുപ്പ്

യുവാക്കളും ഹിസ്പാനിക് വോട്ടര്‍മാരും അകലുമ്പോള്‍ ഭരണവിരുദ്ധ വികാരം പ്രതിഫലിക്കുന്ന തിരഞ്ഞെടുപ്പ്

എ.എസ് ശ്രീകുമാര്‍

വാഷിങ്ടണ്‍: അമേരിക്കന്‍ രാഷ്ട്രീയത്തിന്റെ ഗതിയും ഭാവിയും നിര്‍ണയിക്കുന്ന നിര്‍ണായക പരീക്ഷണമായി മാറിയിരിക്കുകയാണ് 2026-ലെ ഇടക്കാല തിരഞ്ഞെടുപ്പ്. 2024-ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഡൊണാള്‍ഡ് ട്രംപിന് വിജയം സമ്മാനിച്ച വോട്ടര്‍മാരുടെ വിശാലമായ പിന്തുണ നിലനിര്‍ത്താമെന്ന റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പ്രതീക്ഷകള്‍ക്ക് ഇത്തവണ വലിയ വെല്ലുവിളിയാണ് നേരിടേണ്ടിവരുന്നതെന്ന സൂചനകളാണ് പുറത്തുവരുന്നത്. യുവ വോട്ടര്‍മാരിലും ഹിസ്പാനിക് സമൂഹത്തിലും റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കുണ്ടായിരുന്ന സ്വാധീനം കുറയുന്നതായി ചില വോട്ടര്‍ സര്‍വേകള്‍ വ്യക്തമാക്കുന്നു.

അത് രാജ്യത്തെ രാഷ്ട്രീയ മനോഭാവത്തിലുണ്ടായ മാറ്റങ്ങളുടെ വ്യക്തമായ ചിത്രം നല്‍കുന്നു. 2024-ല്‍ ട്രംപിനൊപ്പം നിന്ന ചില നിര്‍ണായക വോട്ടര്‍ വിഭാഗങ്ങള്‍ ഇത്തവണ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥികളില്‍നിന്ന് അകലുന്നതായാണ് സര്‍വേയിലെ പ്രധാന കണ്ടെത്തല്‍. അതേസമയം, ഡെമോക്രാറ്റുകള്‍ക്ക് അനുകൂലമായ രാഷ്ട്രീയ അന്തരീക്ഷം രൂപപ്പെടുന്നുണ്ടെങ്കിലും അത് പാര്‍ട്ടിയുടെ പൊതുജനപ്രീതിയില്‍ വലിയ കുതിച്ചുചാട്ടമായി മാറിയിട്ടില്ലെന്നതും ശ്രദ്ധേയമാണ്.

2024-ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ യുവ വോട്ടര്‍മാര്‍ക്കിടയില്‍ ട്രംപ് നേടിയ മുന്നേറ്റം റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ഭാവി രാഷ്ട്രീയ പ്രതീക്ഷകള്‍ക്ക് വലിയ കരുത്തായിരുന്നു. എന്നാല്‍ ഇത്തവണ ചിത്രം വ്യത്യസ്തമാണ്. 30 വയസ്സില്‍ താഴെയുള്ള വോട്ടര്‍മാരില്‍ പത്തില്‍ ഏഴുപേരോളം തങ്ങളുടെ മണ്ഡലത്തിലെ ജനപ്രതിനിധിസഭാ തിരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്തതായാണ് സര്‍വേ സൂചിപ്പിക്കുന്നത്. പത്തില്‍ മൂന്നുപേര്‍ മാത്രമാണ് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥികളെ പിന്തുണച്ചത്.

2024-ല്‍ കമല ഹാരിസിനും ട്രംപിനും ഇടയില്‍ ഏതാണ്ട് തുല്യമായി വിഭജിക്കപ്പെട്ടിരുന്ന യുവജന പിന്തുണയില്‍നിന്നുള്ള ഈ മാറ്റം റിപ്പബ്ലിക്കന്‍ നേതൃത്വത്തിന് ഗൗരവമായി കാണേണ്ട രാഷ്ട്രീയ സന്ദേശമാണ്. രാജ്യത്തിന്റെ നിലവിലെ അവസ്ഥയില്‍ പകുതിയോളം യുവാക്കള്‍ കടുത്ത അതൃപ്തിയും രോഷവും പ്രകടിപ്പിക്കുന്നതായും സര്‍വേ വ്യക്തമാക്കുന്നു. 65 വയസ്സിനു മുകളിലുള്ളവരില്‍ മൂന്നിലൊരാള്‍ മാത്രമാണ് സമാനമായ വികാരം പ്രകടിപ്പിക്കുന്നത്. എന്നാല്‍ യുവാക്കള്‍ ആകെ വോട്ടര്‍മാരില്‍ പത്തിലൊന്നോളം മാത്രമായതിനാല്‍ അവരുടെ രാഷ്ട്രീയ നിലപാടുമാറ്റം തിരഞ്ഞെടുപ്പ് ഫലത്തെ എത്രത്തോളം സ്വാധീനിക്കുമെന്നത് മണ്ഡലങ്ങളിലെ മത്സരസാഹചര്യങ്ങളെ ആശ്രയിച്ചിരിക്കും. എങ്കിലും ഭാവിയിലെ റിപ്പബ്ലിക്കന്‍ വോട്ടുബാങ്കില്‍ വിള്ളലുണ്ടാകുന്നതിന്റെ സൂചനയായി ഈ മാറ്റത്തെ വിലയിരുത്താം.

2024-ല്‍ ട്രംപിന് നിര്‍ണായക പിന്തുണ നല്‍കിയ ഹിസ്പാനിക് വോട്ടര്‍മാരുടെ നിലപാടിലും മാറ്റം പ്രകടമാണ്. ഇത്തവണ ഈ വിഭാഗത്തില്‍ മൂന്നിലൊന്നോളം പേര്‍ മാത്രമാണ് പ്രാദേശിക ജനപ്രതിനിധിസഭാ തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയെ പിന്തുണച്ചത്. ഏകദേശം പത്തില്‍ നാലുപേര്‍ 2024-ല്‍ ട്രംപിന് വോട്ട് ചെയ്തിരുന്നു. ഇപ്പോള്‍ പത്തില്‍ ആറുപേരോളം ഡെമോക്രാറ്റിക് സ്ഥാനാര്‍ഥികള്‍ക്കൊപ്പമാണ്. ട്രംപിന്റെ സാമ്പത്തിക നയങ്ങള്‍ അമേരിക്കയിലെ സാമ്പത്തിക സാഹചര്യങ്ങളെ കൂടുതല്‍ മോശമാക്കിയെന്നാണ് ഹിസ്പാനിക് വോട്ടര്‍മാരുടെ അഭിപ്രായം. ജീവിതച്ചെലവ്, ഇന്ധനവില, ഭക്ഷ്യവില തുടങ്ങിയ വിഷയങ്ങള്‍ സാധാരണ കുടുംബങ്ങളുടെ സാമ്പത്തിക സുരക്ഷയെ ബാധിക്കുമ്പോള്‍ ഈ അതൃപ്തി വോട്ടായി മാറുന്നുവെന്നതിന്റെ സൂചനയാണിത്.

പ്രസിഡന്റ് ട്രംപ് ഇത്തവണ ബാലറ്റിലുണ്ടായിരുന്നില്ല. എന്നാല്‍ വോട്ടര്‍മാരുടെ മനസ്സില്‍ അദ്ദേഹം തിരഞ്ഞെടുപ്പിലെ പ്രധാന രാഷ്ട്രീയ ഘടകമായി തുടര്‍ന്നു. കോണ്‍ഗ്രസിലേക്കുള്ള വോട്ടിലൂടെ ട്രംപിനോടുള്ള എതിര്‍പ്പ് പ്രകടിപ്പിക്കാനാണ് ഉദ്ദേശിച്ചതെന്ന് വോട്ടര്‍മാര്‍ വ്യക്തമാക്കി. പ്രസിഡന്റിനോടുള്ള പിന്തുണ പ്രകടിപ്പിക്കാനാണ് വോട്ട് ചെയ്തതെന്ന് അവര്‍ പറഞ്ഞു. ട്രംപ് തങ്ങളുടെ വോട്ടുതീരുമാനത്തില്‍ സ്വാധീനം ചെലുത്തിയില്ലെന്ന് ഏതാണ്ട് പത്തില്‍ നാലുപേര്‍ പറഞ്ഞു.

യുവ വോട്ടര്‍മാരില്‍ ഭൂരിപക്ഷവും ട്രംപിനോടുള്ള എതിര്‍പ്പ് പ്രകടിപ്പിക്കാനാണ് വോട്ട് ചെയ്തതെന്ന കണ്ടെത്തല്‍ ശ്രദ്ധേയമാണ്. പ്രസിഡന്റിന്റെ ഭരണനിര്‍വഹണത്തെ പത്തില്‍ ആറുപേരോളം വോട്ടര്‍മാര്‍ അംഗീകരിക്കുന്നില്ല. രാജ്യത്തിന്റെ താല്‍പര്യങ്ങളേക്കാള്‍ വ്യക്തിപരമായ താല്‍പര്യങ്ങള്‍ക്കാണ് ട്രംപ് മുന്‍ഗണന നല്‍കുന്നതെന്നും പത്തില്‍ ആറുപേരോളം വിശ്വസിക്കുന്നു. ഇതോടെ ഇടക്കാല തിരഞ്ഞെടുപ്പ് കേവലം കോണ്‍ഗ്രസിലേക്കുള്ള പ്രതിനിധികളെ തിരഞ്ഞെടുക്കുന്ന പ്രക്രിയ എന്നതിലുപരി ട്രംപ് ഭരണകൂടത്തോടുള്ള ജനങ്ങളുടെ രാഷ്ട്രീയ പ്രതികരണമായി മാറിയെന്ന വിലയിരുത്തലിന് ശക്തിയേറുന്നു.

അമേരിക്കന്‍ ഭരണഘടന വിഭാവനം ചെയ്യുന്ന അധികാര വിഭജനത്തിന്റെ അടിസ്ഥാനതത്ത്വമായ ചെക്‌സ് ആന്റ് ബാലന്‍സസ് കൂടുതല്‍ ശക്തമായി നടപ്പാക്കണമെന്നാണ് ഭൂരിപക്ഷം വോട്ടര്‍മാരുടെയും ആവശ്യം. പ്രസിഡന്റിന്റെ അധികാരങ്ങളെ നിയന്ത്രിക്കുന്നതില്‍ കോണ്‍ഗ്രസ് വേണ്ടത്ര ഇടപെടുന്നില്ലെന്നാണ് ഭൂപിപക്ഷ അഭിപ്രായം. പ്രസിഡന്റിന്റെ അധികാരങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നതില്‍ കോണ്‍ഗ്രസ് ആവശ്യത്തിലധികം ഇടപെടുന്നുവെന്ന് കരുതുന്നവര്‍ പത്തില്‍ ഒരാള്‍ മാത്രം. നിലവിലെ പ്രവര്‍ത്തനം തൃപ്തികരമാണെന്ന് പറയുന്നവര്‍ പത്തില്‍ രണ്ടുപേരോളം മാത്രമാണ്.

ഈ അതൃപ്തി ഡെമോക്രാറ്റിക് വോട്ടര്‍മാരില്‍ മാത്രം ഒതുങ്ങുന്നില്ലെന്നതാണ് ശ്രദ്ധേയം. സ്വതന്ത്ര വോട്ടര്‍മാരില്‍ ഭൂരിപക്ഷവും റിപ്പബ്ലിക്കന്‍ വോട്ടര്‍മാരില്‍ പത്തില്‍ നാലുപേരോളം പോലും കോണ്‍ഗ്രസ് കൂടുതല്‍ ശക്തമായി ഇടപെടണമെന്ന് അഭിപ്രായപ്പെടുന്നു. കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനത്തില്‍ നാലില്‍ മൂന്നുപേരോളം വോട്ടര്‍മാര്‍ അസംതൃപ്തി പ്രകടിപ്പിക്കുന്നതായും സര്‍വേ വ്യക്തമാക്കുന്നു. ഇത് അമേരിക്കന്‍ ജനാധിപത്യത്തില്‍ പ്രസിഡന്റിന്റെ അധികാരവും കോണ്‍ഗ്രസിന്റെ ഭരണഘടനാപരമായ ഉത്തരവാദിത്തവും സംബന്ധിച്ച് പുതിയൊരു പൊതുചര്‍ച്ചയ്ക്ക് വഴിയൊരുക്കുകയാണ്.

അമേരിക്കന്‍ വോട്ടര്‍മാരുടെ മനസ്സില്‍ ഇത്തവണ ഏറ്റവും കൂടുതല്‍ ഇടംപിടിച്ച രണ്ട് വിഷയങ്ങള്‍ സമ്പദ് വ്യവസ്ഥയും ജനാധിപത്യത്തിന്റെ അവസ്ഥയുമാണ്. രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട പ്രശ്‌നമായി സമ്പദ് വ്യവസ്ഥ ചൂണ്ടിക്കാണിക്കപ്പെടുന്നു. ജനാധിപത്യത്തിന്റെ നിലവിലെ അവസ്ഥയാണ് പ്രധാന പ്രശ്‌നം. ജീവിതച്ചെലവും സര്‍ക്കാര്‍ അഴിമതിയും വോട്ടുതീരുമാനത്തെ നിര്‍ണയിച്ച പ്രധാന ഘടകങ്ങളായി മാറിയിട്ടുണ്ട്. പകുതിയോളം വോട്ടര്‍മാര്‍ ഈ രണ്ട് വിഷയങ്ങളെയും തങ്ങളുടെ വോട്ടിന് നിര്‍ണായകമായ കാരണങ്ങളായി വിലയിരുത്തുന്നു.

ഇമിഗ്രേഷന്‍ നിയന്ത്രണം, ഇറാനിലെ യുദ്ധം, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഡാറ്റാ സെന്ററുകള്‍ തുടങ്ങിയ വിഷയങ്ങളെക്കാള്‍ ജീവിതച്ചെലവും അഴിമതിയും കൂടുതല്‍ പ്രാധാന്യം നേടിയെന്നത് ശ്രദ്ധേയമാണ്. പ്രധാന വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ ഡെമോക്രാറ്റിക് പാര്‍ട്ടിക്ക് നേരിയ മുന്‍തൂക്കം ലഭിക്കുന്നതായി സര്‍വേ സൂചിപ്പിക്കുന്നു. അതേസമയം, കുടിയേറ്റ വിഷയത്തില്‍ റിപ്പബ്ലിക്കന്‍മാര്‍ക്ക് നേരിയ മുന്‍തൂക്കമുണ്ട്. നികുതിയും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും സംബന്ധിച്ച വിഷയങ്ങളില്‍ ഇരുപാര്‍ട്ടികള്‍ക്കും ഏതാണ്ട് തുല്യമായ പിന്തുണയാണ് ലഭിക്കുന്നത്.

എന്നാല്‍ ഈ വിഷയാധിഷ്ഠിത മുന്‍തൂക്കം ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ മൊത്തത്തിലുള്ള ജനപ്രീതിയില്‍ വലിയ മാറ്റമുണ്ടാക്കിയിട്ടില്ല. ഡെമോക്രാറ്റിക് പാര്‍ട്ടിയെ അനുകൂലമായി കാണുന്നവര്‍ പകുതിയില്‍ താഴെയാണ്. റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് അനുകൂലമായ നിലപാടുള്ളവരും പത്തില്‍ നാലുപേരോളം മാത്രമാണ്. അതായത്, റിപ്പബ്ലിക്കന്‍ ഭരണത്തോടുള്ള അതൃപ്തി ഡെമോക്രാറ്റുകള്‍ക്കുള്ള നിരുപാധിക പിന്തുണയായി മാറിയിട്ടില്ല. പ്രതിപക്ഷത്തിന് ലഭിക്കുന്ന രാഷ്ട്രീയ അവസരവും ഭരണകൂടത്തിനെതിരായ പ്രതിഷേധവും തമ്മില്‍ ഇപ്പോഴും വ്യക്തമായ അകലമുണ്ട്. 2026-ലെ ഇടക്കാല തിരഞ്ഞെടുപ്പിന്റെ പ്രാധാന്യം ജനപ്രതിനിധിസഭയിലെയും സെനറ്റിലെയും ഭൂരിപക്ഷ നിര്‍ണയത്തില്‍ മാത്രം ഒതുങ്ങുന്നില്ല. 2028-ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിലേക്കുള്ള രാഷ്ട്രീയ ശക്തികളുടെ ദിശയും ഈ ഫലങ്ങള്‍ സ്വാധീനിക്കും.

ഇടക്കാല തിരഞ്ഞെടുപ്പ് നല്‍കുന്ന രാഷ്ട്രീയ സന്ദേശം വ്യക്തമാണ്. അമേരിക്കന്‍ വോട്ടര്‍മാര്‍ക്ക് സാമ്പത്തിക അഭിവൃദ്ധി മാത്രം മതിയാകുന്നില്ല; ജനാധിപത്യത്തിന്റെ വിശ്വാസ്യതയും ഭരണത്തിലെ സുതാര്യതയും അധികാരത്തിന്റെ ഉത്തരവാദിത്തവും അവര്‍ ഗൗരവമായി ആവശ്യപ്പെടുന്നു. ട്രംപ് ഭരണകൂടത്തിനും പ്രതിപക്ഷമായ ഡെമോക്രാറ്റുകള്‍ക്കും ഒരുപോലെ വെല്ലുവിളിയുയര്‍ത്തുന്ന ഈ ജനവിധി അമേരിക്കന്‍ രാഷ്ട്രീയത്തിന്റെ അടുത്ത അധ്യായത്തിന് ദിശാബോധം നല്‍കുമെന്നതില്‍ സംശയമില്ല.

An Election Reflecting Anti-Incumbent Sentiment as Young and Hispanic Voters Drift Away

Share Email
Top