അരിയിൽ ഷുക്കൂർ വധക്കേസ് വിധി: ഗൂഢാലോചനാ സിദ്ധാന്തം പൊളിഞ്ഞെന്ന് പി. ജയരാജൻ; നിയമപോരാട്ടം തുടരുമെന്ന് ഷുക്കൂറിന്റെ സഹോദരൻ

അരിയിൽ ഷുക്കൂർ വധക്കേസ് വിധി: ഗൂഢാലോചനാ സിദ്ധാന്തം പൊളിഞ്ഞെന്ന് പി. ജയരാജൻ; നിയമപോരാട്ടം തുടരുമെന്ന് ഷുക്കൂറിന്റെ സഹോദരൻ

കൊച്ചി: അരിയിൽ ഷുക്കൂർ വധക്കേസിലെ സിബിഐ കോടതി വിധിക്ക് പിന്നാലെ പ്രതികരണങ്ങളുമായി സിപിഎം നേതാക്കളും ഷുക്കൂറിന്റെ കുടുംബവും രംഗത്ത്. തനിക്കും ടി.വി. രാജേഷിനും എതിരെ ഉന്നയിക്കപ്പെട്ട ഗൂഢാലോചനാ സിദ്ധാന്തം കോടതി വിധിയോടെ പൂർണ്ണമായും പൊളിഞ്ഞുവെന്ന് കേസിൽ കുറ്റവിമുക്തനാക്കപ്പെട്ട സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി. ജയരാജൻ പ്രതികരിച്ചു. പാർട്ടിയെ രാഷ്ട്രീയമായി വേട്ടയാടാനുള്ള നീക്കമാണ് കോടതി വിധിയോടെ പൊളിഞ്ഞുവീണതെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷും പറഞ്ഞു. കള്ളക്കഥകൾ മെനഞ്ഞ് നേതാക്കളെ കേസിൽ കുടുക്കാനാണ് ശ്രമിച്ചതെന്നും സത്യം വിജയിച്ചതായും സിപിഎം നേതൃത്വം വ്യക്തമാക്കി.

അതേസമയം, കോടതി വിധിയിൽ കടുത്ത നിരാശയുണ്ടെന്ന് കൊല്ലപ്പെട്ട അരിയിൽ ഷുക്കൂറിന്റെ സഹോദരൻ ദാവൂദ് മുഹമ്മദ് പ്രതികരിച്ചു. നിയമപോരാട്ടത്തിന്റെ ആദ്യഘട്ടം മാത്രമാണ് ഇപ്പോൾ പൂർത്തിയായതെന്നും വിധിക്കെതിരെ അപ്പീൽ നൽകുന്നതിനായി സിബിഐ ഡയറക്ടർക്ക് കത്ത് നൽകുമെന്നും ദാവൂദ് അറിയിച്ചു. ഗൂഢാലോചന നടത്തിയവർക്ക് ശിക്ഷ ഉറപ്പാക്കുന്നത് വരെ നിയമപോരാട്ടം തുടരുമെന്നും കുടുംബം വ്യക്തമാക്കി.

യൂത്ത് ലീഗ് പ്രവർത്തകൻ അരിയിൽ അബ്ദുൾ ഷുക്കൂർ വധക്കേസിൽ ഒന്നാംപ്രതി സുമേഷ് അടക്കം ഏഴ് പ്രതികൾക്ക് എറണാകുളം പ്രത്യേക സി.ബി.ഐ. കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. ഒന്നാംപ്രതി സുമേഷ്, മൂന്നാം പ്രതി അനൂപ്, ഏഴാം പ്രതി പവിത്രൻ, 9-ാം പ്രതി മനോഹർ, 10-ാം പ്രതി ദിനേശൻ, 12-ാം പ്രതി ബിജുമോൻ, 15-ാം പ്രതി ഷിജിൻ മോഹൻ എന്നിവർക്കാണ് ജീവപര്യന്തം. ഇവർ കുറ്റകൃത്യത്തിൽ നേരിട്ട് പങ്കാളികളായെന്നും കൊലക്കുറ്റം തെളിഞ്ഞതായും കോടതി കണ്ടെത്തി. കേസിലെ രണ്ടാംപ്രതി ഗണേശിനെ നേരത്തെ വെറുതെവിട്ടിരുന്നു.

2012 ഫെബ്രുവരി 20-നാണ് തളിപ്പറമ്പ് പട്ടുവം അരിയിൽ സ്വദേശിയായ ഷുക്കൂർ കണ്ണപുരത്തിന് സമീപം കൊല്ലപ്പെട്ടത്. പി. ജയരാജനെയും ടി.വി. രാജേഷിനെയും ആക്രമിച്ചെന്നാരോപിച്ചായിരുന്നു കൊലപാതകം. ഷുക്കൂറിന്റെ മാതാവ് പി.സി. ആത്തിക്കയുടെ ഹർജിയിൽ, അന്വേഷണത്തെയും സി.പി.എമ്മിനെയും വിമർശിച്ചുകൊണ്ട് 2016 ഫെബ്രുവരി എട്ടിനാണ് ഹൈക്കോടതി കേസ് സി.ബി.ഐ.യ്ക്ക് വിട്ടത്.

അപൂർവങ്ങളിൽ അപൂർവമായ കേസായതിനാൽ പ്രതികൾക്ക് വധശിക്ഷ നൽകണമെന്ന പ്രോസിക്യൂഷൻ ആവശ്യം കോടതി അംഗീകരിച്ചില്ല.

സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റംഗം പി. ജയരാജൻ (32-ാം പ്രതി), സംസ്ഥാനസമിതിയംഗം ടി.വി. രാജേഷ് (33-ാം പ്രതി) എന്നിവരടക്കം 33 സി.പി.എം. പ്രവർത്തകരായിരുന്നു കേസിലെ പ്രതികൾ. 14 വർഷത്തിനുശേഷമാണ് കേസിൽ വിധി വരുന്നത്.

Share Email
LATEST excelnclexrn
More Articles
Top