അമ്പതു വര്‍ഷത്തെ സാംസ്‌കാരിക സേവന നിറവില്‍ കെ.സി.എ.എന്‍.എ; സുവര്‍ണ ജൂബിലിക്ക് വര്‍ണാഭമായ സമാപനം

അമ്പതു വര്‍ഷത്തെ സാംസ്‌കാരിക സേവന നിറവില്‍ കെ.സി.എ.എന്‍.എ; സുവര്‍ണ ജൂബിലിക്ക് വര്‍ണാഭമായ സമാപനം
Share Email

ന്യൂയോര്‍ക്ക്: അരനൂറ്റാണ്ടിന്റെ സാംസ്‌കാരിക പ്രവര്‍ത്തനങ്ങളും സമൂഹസേവനവും അടയാളപ്പെടുത്തി കേരള കള്‍ച്ചറല്‍ അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്കയുടെ (കെ.സി.എ.എന്‍.എ.) സുവര്‍ണജൂബിലി സമാപനാഘോഷം നടന്നു. നവംബര്‍ 14 ശനിയാഴ്ച എല്‍മോണ്ടിലെ സെന്റ് വിന്‍സന്റ് ഡി പോള്‍ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ആഘോഷത്തില്‍ അംഗങ്ങളും കുടുംബങ്ങളും സുഹൃത്തുക്കളും പങ്കെടുത്തു. പൊതുസമ്മേളനം, കലാസാംസ്‌കാരിക പരിപാടികള്‍, ആദരിക്കല്‍, സ്മരണിക പ്രകാശനം എന്നിവ ആഘോഷത്തിന്റെ ഭാഗമായി

അസോസിയേഷന്‍ പ്രസിഡന്റ് റെജി കുര്യന്റെ അധ്യക്ഷതയില്‍ ആരംഭിച്ച പൊതുസമ്മേളനം ന്യൂയോര്‍ക്ക് സ്റ്റേറ്റ് അസ്സെംബ്ലിമാന്‍ എഡ്വേഡ് ബ്രൗണ്‍സ്റ്റെയിന്‍ ഉത്ഘാടനം ചെയ്തു.നോര്‍ത്ത് ഹെമ്പ്സ്റ്റഡ് ടൌണ്‍ ക്ലാര്‍ക്ക് രാഗിണി ശ്രീവാസ്തവ, നസ്സോ കൗണ്ടി ലെജിസ്ലേറ്റര്‍ തോമസ് മക്കെവിറ്റ്, സ്റ്റേറ്റ് അസിസ്റ്റന്റ് കോംപെട്രോളര്‍ ജോസഫ് ഗാലന്റ്റെ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.അസോസിയേഷന്‍ സെക്രട്ടറി ബാഹുലേയന്‍ രാഘവന്‍ സ്വാഗതം ആശംസിച്ചു.

1976-ല്‍ സ്ഥാപിതമായ കെ.സി.എ.എന്‍.എ., കഴിഞ്ഞ അമ്പതുവര്‍ഷമായി ന്യൂയോര്‍ക്കിലും പരിസരപ്രദേശങ്ങളിലും മലയാളികളുടെ സാമൂഹികബന്ധങ്ങള്‍ ശക്തിപ്പെടുത്തുന്നതിനും ഭാഷയും സാംസ്‌കാരിക പൈതൃകവും നിലനിര്‍ത്തുന്നതിനും വേദിയൊരുക്കിവരുന്നു. ആദ്യകാല പ്രവര്‍ത്തകരുടെ ദീര്‍ഘവീക്ഷണവും തുടര്‍ന്നുവന്ന നേതൃത്വങ്ങളുടെ സമര്‍പ്പണവും സംഘടനയുടെ വളര്‍ച്ചയ്ക്ക് അടിത്തറയായി എന്ന് പ്രസിഡന്റ് റെജി കുര്യന്‍ പ്രസ്ഥാപിച്ചു.

ന്യൂയോര്‍ക്ക് നഗരപരിധിക്കുള്ളിലെ സംഘടനയുടെ സ്വന്തം ആസ്ഥാനം ഈ പ്രവര്‍ത്തനങ്ങളുടെ വലിയ കരുത്താണ്. ഒത്തുചേരലുകള്‍ക്കും കലാസാംസ്‌കാരിക പരിപാടികള്‍ക്കും സാമൂഹിക ഇടപെടലുകള്‍ക്കും സ്ഥിരമായ ഇടം നല്‍കുന്ന ഈ കേന്ദ്രം, പ്രവാസികള്‍ക്കും വരുംതലമുറകള്‍ക്കും കേരളവുമായുള്ള ബന്ധം നിലനിര്‍ത്താനുള്ള വേദികൂടിയാണ്.

വൈകിട്ട് നാലിന് സൗഹൃദസംഗമത്തോടെയും ലഘുഭക്ഷണത്തോടെയും ആഘോഷപരിപാടികള്‍ ആരംഭിച്ചു. തുടര്‍ന്ന് ആഘോഷഘോഷയാത്രയും പൊതുസമ്മേളനവും നടന്നു. സംഘടനയുടെ മുന്‍ പ്രസിഡന്റുമാരെയും സമൂഹത്തിന് വ്യക്തിഗത സംഭാവനകള്‍ നല്‍കിയവരെയും ചടങ്ങില്‍ ആദരിച്ചു.

അരനൂറ്റാണ്ടിന്റെ വളര്‍ച്ചയ്ക്കു പിന്നില്‍ പ്രവര്‍ത്തിച്ചവരുടെ സേവനങ്ങളെ അനുസ്മരിക്കാനും അംഗീകരിക്കാനുമുള്ള അവസരമായി ആദരിക്കല്‍ ചടങ്ങ് മാറി.ഫൊക്കാന പ്രസിഡന്റ് ഫിലിപ്പോസ് ഫിലിപ്പ്, ഫോമ പ്രതിനിധി ബിജു ചാക്കോ, കോരസണ്‍ വര്‍ഗീസ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

സംഗീതവും നൃത്തവും നാടകീയ അവതരണങ്ങളും കോര്‍ത്തിണക്കിയ കലാപരിപാടികള്‍ കേരളത്തിന്റെ സാഹിത്യസാംസ്‌കാരിക പൈതൃകം വേദിയിലെത്തിച്ചു. വള്ളത്തോള്‍, കുമാരനാശാന്‍, ചങ്ങമ്പുഴ തുടങ്ങിയ കവികളുടെയും ശ്രീനാരായണഗുരു, ചട്ടമ്പിസ്വാമികള്‍ തുടങ്ങിയ നവോത്ഥാന നായകരുടെയും സ്മരണകള്‍ ഉണര്‍ത്തിയ അവതരണങ്ങള്‍ ആഘോഷത്തിന് പ്രത്യേക മിഴിവേകി. നൂപുര ഡാന്‍സ് സ്‌കൂളിന്റെയും നടനം ഡാന്‍സ് സ്‌കൂളിന്റെയും നൃത്താവതരണവും മറ്റു കലാപരിപാടികളും അരങ്ങേറി.

സുവനീര്‍ എഡിറ്റര്‍ മാത്യു ജോഷ്വയുടെ നേതൃത്വത്തില്‍ അണിയിച്ചൊരുക്കിയ സുവര്‍ണജൂബിലി സ്മരണിക ചടങ്ങില്‍ പ്രകാശനം ചെയ്തു. സംഘടനയുടെ പുതിയ വെബ്സൈറ്റിന്റെ ഉദ്ഘാടനം പ്രസിഡന്റ് റെജികുര്യന്‍ നിര്‍വഹിച്ചു. ശബരിനാഥ് നായരും ഷെറിന്‍ എബ്രഹാമും, അലന്‍ അജിത്തും, ആന്‍ മേരി കുര്യനും ആയിരുന്നു അവതാരകര്‍.

പ്രസിഡന്റ് റെജി കുര്യന്‍, സെക്രട്ടറി ബാഹുലേയന്‍ രാഘവന്‍, ട്രഷറര്‍ റിനോജ് കോരുത്ത്, വൈസ് പ്രസിഡന്റ് സോസമ്മ ആന്‍ഡ്രൂസ്, ജോയിന്റ് സെക്രട്ടറി ജോബി ജോര്‍ജ്, ജോയിന്റ് ട്രഷറര്‍ ജൂബി ജോസ് എന്നിവരുടെ നേതൃത്വത്തിലുള്ള എക്‌സിക്യൂട്ടീവ് കമ്മിറ്റി ആഘോഷങ്ങള്‍ക്ക് നേതൃത്വം നല്‍കി.

ജനറല്‍ കണ്‍വീനര്‍ അജിത് കൊച്ചുകുടിയില്‍, സുവനീര്‍ കോര്‍ഡിനേറ്ററും എഡിറ്ററുമായ മാത്യു ജോഷ്വ, ഫിനാന്‍സ് കമ്മിറ്റി കോര്‍ഡിനേറ്റര്‍ ഫിലിപ്പ് മഠത്തില്‍, സാംസ്‌കാരിക പരിപാടികളുടെ കമ്മിറ്റി കോര്‍ഡിനേറ്റര്‍ ശബരിനാഥ് നായര്‍, രാജു ഏബ്രഹാം, ഏബ്രഹാം പുത്തുശ്ശേരി എന്നിവരടങ്ങുന്ന ആറംഗ സുവര്‍ണജൂബിലി കോര്‍ഡിനേഷന്‍ സമിതി സംഘാടനപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചു. ട്രസ്റ്റി ബോര്‍ഡ് അംഗങ്ങളും വിവിധ സബ് കമ്മിറ്റികളും ആഘോഷത്തിന്റെ വിജയത്തിനായി പ്രവര്‍ത്തിച്ചു.

ജനറല്‍ കണ്‍വീനര്‍ അജിത് കൊച്ചുകുടിയില്‍ നന്ദി രേഖപ്പെടുത്തി. കൂട്ടായ്മയുടെ കരുത്തും കലാപ്രതിഭകളും സംഘാടനമികവും പ്രകടമാക്കിയ സുവര്‍ണജൂബിലി ആഘോഷം സ്‌നേഹവിരുന്നോടെ സമാപിച്ചു.

KCANA Marks 50 Years of Cultural Service; Golden Jubilee Concludes with a Vibrant Finale

Share Email
LATEST excelnclexrn
Top