മിന്നല്‍ പ്രളയത്തില്‍ സൗത്ത് ഫ്‌ലോറിഡ വെള്ളത്തിനടിയില്‍; സിനഗോഗിന്റെ മേല്‍ക്കൂര തകര്‍ന്നു, റോഡുകളും ഹൈവേകളും അടച്ചു

മിന്നല്‍ പ്രളയത്തില്‍ സൗത്ത് ഫ്‌ലോറിഡ വെള്ളത്തിനടിയില്‍; സിനഗോഗിന്റെ മേല്‍ക്കൂര തകര്‍ന്നു, റോഡുകളും ഹൈവേകളും അടച്ചു

വാഷിംഗ്ടണ്‍: കാലിഫോര്‍ണിയയ്ക്ക് പിന്നാലം യുഎസിലെ സൗത്ത് ഫ്‌ലോറിഡയിലും മിന്നല്‍ പ്രളയം. മിന്നല്‍ പ്രളയത്തില്‍ വ്യാപക നാശനഷ്ടം. നിരവധി റോഡുകളും വീടുകളും വെള്ളത്തിനടിയിലായി. മേഖലയിലുടനീളം ഗതാഗതം താറുമാറായി. ഹൈവേകളുടെ വിവിധ ഭാഗങ്ങള്‍ അടച്ചുപൂട്ടുകയും ഹോളിവുഡ് നഗരത്തിലെ ജൂത സിനഗോഗിന്റെ മേല്‍ക്കൂര തകര്‍ന്നുവീഴുകയും ചെയ്തു. നാഷണല്‍ വെതര്‍ സര്‍വീസിന്റെ പ്രാഥമിക കണക്കുകള്‍ പ്രകാരം ബ്രോവാര്‍ഡ് കൗണ്ടിയിലെ ചില ഭാഗങ്ങളില്‍ 24 മണിക്കൂറിനിടെ 39 സെന്റീമീറ്റര്‍ മഴ പെയ്തിറങ്ങി. വെള്ളിയാഴ്ച വരെ ഫ്‌ലോറിഡയുടെ അറ്റ്‌ലാന്റിക് തീരത്ത് മഴ തുടരുമെന്നും 30 സെന്റിമീറ്റര്‍ വരെ അധികമഴ ലഭിക്കാമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.

കനത്ത മഴയെ തുടര്‍ന്ന് ബ്രോവാര്‍ഡ് കൗണ്ടിയും ഫോര്‍ട്ട് ലോഡര്‍ഡേല്‍, ഹോളിവുഡ് നഗരങ്ങളും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. അനാവശ്യ യാത്രകളും വാഹനയാത്രകളും ഒഴിവാക്കണമെന്ന് ഹോളിവുഡ് മേയര്‍ ജോഷ് ലെവി ജനങ്ങളോട് അഭ്യര്‍ഥിച്ചു. വെള്ളക്കെട്ടും റോഡുകളില്‍ കുടുങ്ങിയ വാഹനങ്ങളും കാരണം ഫ്‌ലോറിഡ ടേണ്‍പൈക്കിന്റെയും ഇന്റര്‍‌സ്റ്റേറ്റ് 95 ഹൈവേയുടെയും ചില ഭാഗങ്ങള്‍ അടച്ചു. ഒറ്റ രാത്രികൊണ്ട് അടിയന്തര സേവനങ്ങള്‍ക്കായി 300-ലധികം ഫോണ്‍ വിളികള്‍ ലഭിച്ചതായി നഗര അധികൃതര്‍ അറിയിച്ചു. നഗരത്തിന്റെ ചരിത്രത്തിലെ തന്നെ ശ്രദ്ധേയമായ മഴക്കെടുതിയാണിതെന്ന് മേയര്‍ വിശേഷിപ്പിച്ചു. വാഹനങ്ങള്‍ വേഗത്തില്‍ ഓടിച്ചതിനെ തുടര്‍ന്ന് റോഡിലെ വെള്ളം വീടുകളിലേക്ക് കയറിയതായും ചില താമസക്കാര്‍ പരാതിപ്പെട്ടു. ഒരു ആശുപത്രിയുടെ മേല്‍ക്കൂരയ്ക്കും കേടുപാടുകള്‍ സംഭവിക്കുകയും ഇടനാഴികളില്‍ വെള്ളം കയറുകയും ചെയ്തു. സംഭവങ്ങളില്‍ ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടില്ല.

പ്ലാന്റേഷന്‍ മേഖലയിലാണ് ഏറ്റവും കൂടുതല്‍ മഴ രേഖപ്പെടുത്തിയത്.ഫോര്‍ട്ട് ലോഡര്‍ഡേലില്‍ ബുധനാഴ്ച പുലര്‍ച്ചെ അവസാനിച്ച ശക്തമായ മഴയില്‍ 5.72 ഇഞ്ച് മഴ ലഭിച്ചു. 1959-ല്‍ രേഖപ്പെടുത്തിയ 1.8 ഇഞ്ചിന്റെ പ്രതിദിന റെക്കോര്‍ഡാണ് ഇതോടെ മറികടന്നത്. വെള്ളപ്പൊക്ക ഭീഷണിയെ തുടര്‍ന്ന് ബ്രോവാര്‍ഡ്, മിയാമി-ഡേഡ് കൗണ്ടികളിലെ സ്‌കൂളുകള്‍ വ്യാഴാഴ്ച അടച്ചിടാനും അധികൃതര്‍ തീരുമാനിച്ചു.

South Florida underwater due to flash floods; synagogue roof collapses, roads and highways closed.

Share Email
LATEST excelnclexrn
More Articles
Top