ന്യൂഡല്‍ഹി: ദീപാവലി ആഘോഷങ്ങള്‍ക്കിടെ കനത്ത പുകമഞ്ഞില്‍ മൂടി ഡല്‍ഹി ഉള്‍പ്പെടെയുള്ള ദേശീയ തലസ്ഥാന മേഖല .. നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ കാഴ്ചാപരിധി കുറഞ്ഞതോടെ വായുമലിനീകരണത്തെക്കുറിച്ചുള്ള ആശങ്കയും ശക്തമായി.
ഇന്ത്യന്‍ സമയം നവംബര്‍ എട്ടിന് രാത്രി 11.05ന് സമീര്‍ ആപ്പില്‍ കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡ് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ഡല്‍ഹിയിലെ ശരാശരി വായുനിലവാര സൂചിക (AQI) 373 ആണ്. ഇത് ‘വളരെ മോശം’ വിഭാഗത്തിലാണ്. ഇതേ സമയത്ത് നോയിഡയില്‍ 319 ഉം ഗാസിയാബാദില്‍ 360 ഉം ഗുരുഗ്രാമില്‍ 280 ഉം ഫരീദാബാദില്‍ 297 ഉം ആയിരുന്നു എക്യുഐ .അതേസമയം, അലിപൂര്‍, ബവാന, ബുരാരി, ചാന്ദ്നി ചൗക്ക്, മുണ്ട്ക, പഞ്ചാബി ബാഗ്, രോഹിണി, വിവേക് വിഹാര്‍ തുടങ്ങിയ ഡല്‍ഹിയിലെ നിരവധി പ്രദേശങ്ങളില്‍ വായുനിലവാര സൂചിക 400 കടന്ന് ‘ഗുരുതര’ വിഭാഗത്തിലെത്തി. നവംബര്‍ ഒന്‍പതു മുതല്‍ ഏതാനും ദിവസത്തേക്ക് ഡല്‍ഹിയിലെ വായുനിലവാരം ഗുരുതര വിഭാഗത്തില്‍ തുടരാന്‍ സാധ്യതയുണ്ടെന്നാണ് എയര്‍ ക്വാളിറ്റി ഏര്‍ലി വാണിങ് സിസ്റ്റത്തിന്റെ മുന്നറിയിപ്പ്.
പൂ5ജ്യം മുതല്‍ 50 വരെ നല്ല വായുനിലവാരമായും 51 മുതല്‍ 100 വരെ തൃപ്തികരമായും 101 മുതല്‍ 200 വരെ മിതമായും 201 മുതല്‍ 300 വരെ മോശമായും 301 മുതല്‍ 400 വരെ വളരെ മോശമായും കണക്കാക്കുന്നു. 401 മുതല്‍ 500 വരെയാണ് ഗുരുതര വിഭാഗം. ദീപാവലിക്ക് പിന്നാലെ ഡല്‍ഹിയിലെ വായുനിലവാരം ഗുരുതര വിഭാഗത്തിലേക്ക് താഴാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍. അതേസമയം, സര്‍ക്കാര്‍ പുറത്തുവിടുന്ന മലിനീകരണ കണക്കുകളുടെ വിശ്വാസ്യതയെക്കുറിച്ചും നിയന്ത്രണങ്ങള്‍ കൃത്യമായി നടപ്പാക്കുന്നുണ്ടോയെന്നതിനെക്കുറിച്ചും ചോദ്യങ്ങള്‍ ഉയരുന്നുണ്ട്. നിരവധി നിയന്ത്രണങ്ങള്‍ നിലവിലുണ്ടെങ്കിലും അവ ലംഘിക്കപ്പെടുകയാണെന്നാണ് പരിസ്ഥിതി പ്രവര്‍ത്തകരുടെ ആരോപണം.
Delhi shrouded in smog on Diwali night; air quality reaches ‘severe’ levels.
















