യുഎസ് സെനറ്റിലും  ജനപ്രതിനിധി സഭയിലും നേട്ടം കൊയ്ത് ഡെമോക്രാറ്റുകള്‍

യുഎസ് സെനറ്റിലും  ജനപ്രതിനിധി സഭയിലും നേട്ടം കൊയ്ത് ഡെമോക്രാറ്റുകള്‍

വാഷിങ്ടണ്‍: അമേരിക്കന്‍ രാഷ്ട്രീയത്തില്‍ നിര്‍ണായക മാറ്റത്തിന് വഴിയൊരുക്കി സെനറ്റിന്റെ നിയന്ത്രണം ഡെമോക്രാറ്റുകള്‍ തിരിച്ചുപിടിച്ചു. ജനപ്രതിനിധി സഭയിലും ഡെമോക്രാറ്റുകള്‍ക്ക് ശക്തമായ മുന്നേറ്റമാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതോടെ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭരണപരമായും നിയമനിര്‍മാണപരമായുമുള്ള നീക്കങ്ങള്‍ക്ക് കടുത്ത വെല്ലുവിളിയാകും ഉയരുക. ട്രംപിന്റെ രണ്ടാം ഭരണകാലത്തെ അവസാന രണ്ട് വര്‍ഷങ്ങളില്‍ കോണ്‍ഗ്രസില്‍ ശക്തമായ പ്രതിപക്ഷമായി പ്രവര്‍ത്തിക്കാനുള്ള അവസരമാണ് ഡെമോക്രാറ്റുകള്‍ക്ക് ലഭിച്ചിരിക്കുന്നത്.

ട്രംപ് ഭരണത്തിനെതിരായ ജനവികാരത്തിന്റെ പ്രതിഫലനമായാണ് തിരഞ്ഞെടുപ്പ് ഫലങ്ങളെ രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. ജീവിതച്ചെലവിലെ കുതിച്ചുചാട്ടം, ഇറക്കുമതി തീരുവകള്‍, ഇറാനുമായുള്ള യുദ്ധം എന്നിവ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് തിരിച്ചടിയായെന്നാണ് വിലയിരുത്തല്‍. ഇറാനെതിരായ യുദ്ധത്തെത്തുടര്‍ന്ന് ഇന്ധനവില കുത്തനെ ഉയര്‍ന്നതും ജനങ്ങളുടെ അതൃപ്തിക്ക് കാരണമായി. ട്രംപിന്റെ ജനപ്രീതി റെക്കോര്‍ഡ് താഴ്ചയിലേക്ക് നീങ്ങുന്നതിനിടെയാണ് തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് തിരിച്ചടി നേരിട്ടത്. സെനറ്റിലെ പരാജയം സുപ്രീംകോടതി ജഡ്ജിമാരെയും ഉന്നത ഉദ്യോഗസ്ഥരെയും നിയമിക്കാനുള്ള പ്രസിഡന്റിന്റെ അധികാരത്തെയും ബാധിക്കുമെന്ന ആശങ്കയുണ്ട്.

സെനറ്റിന്റെ നിയന്ത്രണം ഡെമോക്രാറ്റുകള്‍ തിരിച്ചുപിടിച്ചതോടെ ട്രംപിന്റെ ശേഷിക്കുന്ന ഭരണകാലം കൂടുതല്‍ വെല്ലുവിളി നിറഞ്ഞതാകും. സുപ്രീംകോടതിയില്‍ യാഥാസ്ഥിതിക നിലപാടുകള്‍ക്ക് കൂടുതല്‍ സ്വാധീനം ഉറപ്പാക്കാനുള്ള ട്രംപിന്റെ നീക്കങ്ങള്‍ക്കും തിരിച്ചടിയുണ്ടായേക്കും. അതേസമയം, ഡെമോക്രാറ്റുകളുടെ രാഷ്ട്രീയ അജണ്ടകള്‍ തടയാന്‍ പ്രസിഡന്റിന്റെ വീറ്റോ അധികാരം ഉപയോഗിക്കുമെന്ന് ട്രംപ് വ്യക്തമാക്കി. വാഷിങ്ടണില്‍ ഭരണസ്തംഭനത്തിന് സാധ്യതയുണ്ടെന്ന സൂചനയും അദ്ദേഹം നല്‍കി. തന്റെ ട്രൂത്ത് സോഷ്യല്‍ പ്ലാറ്റ്ഫോമില്‍ ചുവന്ന റിപ്പബ്ലിക്കന്‍ തൊപ്പിയുടെ ചിത്രമാണ് ട്രംപ് പങ്കുവെച്ചത്. തൊപ്പിയില്‍ ‘വീറ്റോ’ എന്ന വാക്കും രേഖപ്പെടുത്തിയിരുന്നു. ജനപ്രതിനിധി സഭയിലെ 435 സീറ്റുകളിലേക്കും സെനറ്റിലെ 100 സീറ്റുകളില്‍ 35 എണ്ണത്തിലേക്കുമായിരുന്നു തിരഞ്ഞെടുപ്പ്. 36 സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍ സ്ഥാനങ്ങളിലേക്കും വോട്ടെടുപ്പ് നടന്നു.

സെനറ്റ് തിരഞ്ഞെടുപ്പില്‍ വിവിധ സംസ്ഥാനങ്ങളില്‍ ഡെമോക്രാറ്റുകള്‍ നിര്‍ണായക വിജയങ്ങള്‍ സ്വന്തമാക്കി. അയോവയില്‍ ജോഷ് ട്യൂറെക് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ആഷ്ലി ഹിന്‍സണെ പരാജയപ്പെടുത്തി. കന്‍സാസില്‍ ആദം ഹാമില്‍ട്ടണ്‍ റോജര്‍ മാര്‍ഷലിനെ തോല്‍പ്പിച്ചു. ടെക്‌സസില്‍ ജെയിംസ് തലാരിക്കോ കെന്‍ പാക്സ്റ്റണെ പരാജയപ്പെടുത്തി. ജോര്‍ജിയയില്‍ ജോണ്‍ ഒസോഫ് വീണ്ടും സെനറ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. നോര്‍ത്ത് കരോലിനയില്‍ മുന്‍ ഗവര്‍ണര്‍ റോയ് കൂപ്പര്‍ വിജയിച്ച് റിപ്പബ്ലിക്കന്‍ സീറ്റില്‍ ഡെമോക്രാറ്റുകള്‍ക്ക് നേട്ടമുണ്ടാക്കി. ന്യൂഹാംഷെയറില്‍ ക്രിസ് പപ്പാസ് വിജയിച്ചു. ഡെലവെയറില്‍ ക്രിസ് കൂണ്‍സ്, ന്യൂജേഴ്‌സിയില്‍ കോറി ബുക്കര്‍, ഇല്ലിനോയിസില്‍ ജൂലിയാന സ്ട്രാറ്റണ്‍, മസാച്യുസെറ്റ്‌സില്‍ എഡ് മാര്‍ക്കി, റോഡ് ഐലന്‍ഡില്‍ ജോണ്‍ റീഡ്, കൊളറാഡോയില്‍ ജോണ്‍ ഹിക്കന്‍ലൂപ്പര്‍, ന്യൂമെക്‌സിക്കോയില്‍ ബെന്‍ ലുജാന്‍ എന്നിവരും വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. അതേസമയം, ഫ്‌ലോറിഡയില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ആഷ്ലി മൂഡി വിജയിച്ചു. വ്യോമിങ്ങില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഹാരിയറ്റ് ഹാഗമാനും സെനറ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.

ജനപ്രതിനിധി സഭയിലും നിരവധി സീറ്റുകള്‍ ഡെമോക്രാറ്റുകള്‍ നിലനിര്‍ത്തുകയും പുതിയ വിജയങ്ങള്‍ നേടുകയും ചെയ്തു. വിര്‍ജീനിയയിലെ പത്താം കോണ്‍ഗ്രസ് മണ്ഡലത്തില്‍ സുഹാസ് സുബ്രഹ്മണ്യം വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. ജോര്‍ജിയയില്‍ സാന്‍ഫോര്‍ഡ് ബിഷപ്പ്, ഒഹായോയില്‍ ഷോണ്ടല്‍ ബ്രൗണ്‍, ടെക്‌സസില്‍ കോളിന്‍ ആള്‍റെഡ്, ന്യൂജേഴ്‌സിയില്‍ ഡൊണാള്‍ഡ് നോര്‍ക്രോസ്, പെന്‍സില്‍വാനിയയില്‍ ക്രിസി ഹൗലഹാന്‍, ന്യൂയോര്‍ക്കില്‍ ഗ്രേസ് മെങ് തുടങ്ങിയ ഡെമോക്രാറ്റിക് സ്ഥാനാര്‍ഥികളും വിജയം ആവര്‍ത്തിച്ചു. അതേസമയം, റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥികളായ ജിം ജോര്‍ദാന്‍, മൈക്ക് ജോണ്‍സണ്‍, ജെയിംസ് കോമര്‍, കാര്‍ലോസ് ഗിമെനെസ് തുടങ്ങിയവരും സ്വന്തം മണ്ഡലങ്ങളില്‍ വിജയിച്ചു. ഗവര്‍ണര്‍ തിരഞ്ഞെടുപ്പിലും ഇരു പാര്‍ട്ടികളും നേട്ടങ്ങള്‍ സ്വന്തമാക്കി. ഇല്ലിനോയിസില്‍ ജെ.ബി. പ്രിറ്റ്‌സ്‌കര്‍, മസാച്യുസെറ്റ്‌സില്‍ മൗറ ഹീലി, മേരിലന്‍ഡില്‍ വെസ് മൂര്‍, പെന്‍സില്‍വാനിയയില്‍ ജോഷ് ഷാപ്പിറോ, ന്യൂയോര്‍ക്കില്‍ കാത്തി ഹോക്കല്‍ എന്നിവര്‍ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. ജോര്‍ജിയയില്‍ കീഷ ലാന്‍സ് ബോട്ടംസ് അമേരിക്കയില്‍ ഗവര്‍ണറായി തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ കറുത്തവര്‍ഗക്കാരിയായ വനിതയായി ചരിത്രം കുറിച്ചു. ഒഹായോയില്‍ ആമി ആക്ടണും വിജയിച്ചു. അതേസമയം, വിസ്‌കോണ്‍സിനില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ടോം ടിഫാനി പരാജയം സമ്മതിച്ചതിന് പിന്നാലെ ഡെമോക്രാറ്റ് ഡേവിഡ് ക്രൗലി വിജയമുറപ്പിച്ചു.

Share Email
LATEST excelnclexrn
More Articles
Top