എ.എസ്. ശ്രീകുമാര്‍
കണ്ണൂര്‍: അമേരിക്കന്‍ മലയാളികളുടെ ഏറ്റവും വലിയ ഫെഡറേഷനായ ഫോമാ പ്രഖ്യാപിച്ച 20-20 ഹൗസിങ് പ്രോജക്ടിന്റെ ഭാഗമായി നിര്‍മിക്കുന്ന നാലാമത്തെ വീടിന്റെ തറക്കല്ലിടല്‍ കര്‍മം കണ്ണൂര്‍ ജില്ലയിലെ പായം പഞ്ചായത്തിലെ കിളിയന്തറയില്‍ നടന്നു. നവംബര്‍ 22 ഞായറാഴ്ച രാവിലെ 10.30-ന് നടന്ന ചടങ്ങില്‍ കേരള വൈദ്യുതിവകുപ്പ് മന്ത്രിയും കെ.പി.സി.സി പ്രസിഡന്റുമായ അഡ്വ. സണ്ണി ജോസഫ് തറക്കല്ലിടല്‍ കര്‍മം നിര്‍വഹിച്ചു. അമേരിക്കന്‍ മലയാളികളുടെ കൂട്ടായ്മയില്‍ രൂപംകൊണ്ട ഈ മഹത്തായ ഭവനപദ്ധതിയുടെ മറ്റൊരു സുപ്രധാന നാഴികക്കല്ലായി ചടങ്ങ് മാറി.

പായം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. വിനോദ് കുമാറിന്റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ ഇടവക വികാരിയുടെ അനുഗ്രഹപ്രഭാഷണവും ഉണ്ടായിരുന്നു. പായം ഗ്രാമപഞ്ചായത്ത് അംഗം ഡെന്നിസ് മണി സ്വാഗതം ആശംസിച്ചു. കിളിയന്തറയിലെ ജനപ്രതിനിധികള്‍, സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖര്‍, നാട്ടുകാര്‍ തുടങ്ങിയവരുടെ സാന്നിധ്യം ചടങ്ങിന് ശ്രദ്ധേയമായി. കാനഡയില്‍ നിന്നുള്ള ഫോമാ നാഷണല്‍ കമ്മിറ്റി മെമ്പര്‍ സജയ് സെബാസ്റ്റ്യന്‍ ഉള്‍പ്പെടെയുള്ള സംഘാടകരും ജനപ്രതിനിധികളും ചടങ്ങില്‍ സംസാരിച്ചു.

ചടങ്ങില്‍ ആശംസകള്‍ നേര്‍ന്ന മന്ത്രി അഡ്വ. സണ്ണി ജോസഫ്, അമേരിക്കയില്‍ ജീവിക്കുമ്പോഴും ജന്മനാടിന്റെ വേദനകളും ആവശ്യങ്ങളും ഹൃദയത്തോടു ചേര്‍ത്തുപിടിക്കുന്ന അമേരിക്കന്‍ മലയാളികളുടെ സാമൂഹിക പ്രതിബദ്ധതയെ പ്രത്യേകം അഭിനന്ദിച്ചു. ഒരു കുടുംബത്തിന് വീട് നിര്‍മിച്ചുനല്‍കുക എന്നത് കേവലം കെട്ടിടം പണിയുകയല്ല, മറിച്ച് അവരുടെ ജീവിതത്തിന് സുരക്ഷിതത്വവും ആത്മാഭിമാനവും പുതിയ പ്രതീക്ഷയും നല്‍കുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സംഘടനയുടെ ഇരുപതാം വാര്‍ഷികം ഇരുപത് നിര്‍ധന കുടുംബങ്ങളുടെ ജീവിതത്തില്‍ സന്തോഷത്തിന്റെ വെളിച്ചം പകരുന്ന സേവനവാര്ഷികമായി മാറുന്നത് ഏറെ അഭിമാനകരമാണ്. അമേരിക്കന്‍ മലയാളികള്‍ തങ്ങളുടെ അധ്വാനത്തിന്റെയും നേട്ടങ്ങളുടെയും ഒരു പങ്ക് ജന്മനാടിന്റെ ക്ഷേമത്തിനായി വിനിയോഗിക്കുന്നത് മാതൃകാപരമാണ്. ജാതി-മത-രാഷ്ട്രീയ വ്യത്യാസങ്ങള്‍ക്കതീതമായി അര്‍ഹരായ കുടുംബങ്ങളെ കണ്ടെത്തി സഹായിക്കുന്ന ഇത്തരം പദ്ധതികള്‍ കേരളത്തിന്റെ സാമൂഹിക പുരോഗതിക്ക് കരുത്തുപകരും. ഫോമയുടെ ഈ കാരുണ്യദൗത്യം ലക്ഷ്യം കാണട്ടെയെന്നും കൂടുതല്‍ സുമനസ്സുകള്‍ പദ്ധതിയുടെ ഭാഗമാകട്ടെയെന്നും അദ്ദേഹം ആശംസിച്ചു.

2028-ല്‍ സംഘടനയുടെ ഇരുപതാം വാര്‍ഷികം ആഘോഷിക്കുമ്പോഴേക്കും കേരളത്തിലെ അര്‍ഹരായ ഇരുപത് നിര്‍ധന കുടുംബങ്ങള്‍ക്ക് സുരക്ഷിതമായ വീടുകള്‍ നിര്‍മിച്ചുനല്‍കുക എന്ന ലക്ഷ്യത്തോടെയാണ് ഫോമാ 20-20 ഹൗസിങ് പ്രോജക്ടിന് രൂപം നല്‍കിയത്. മൂഹത്തില്‍ സ്ഥിരമായ മാറ്റങ്ങള്‍ സൃഷ്ടിക്കുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെ അടയാളപ്പെടുത്തുക എന്നതാണ് പദ്ധതിയുടെ കാതല്‍.

പദ്ധതിയുടെ ഭാഗമായി ആദ്യത്തെ വീടിന് പത്തനംതിട്ട ജില്ലയിലെ കല്ലൂപ്പാറ പഞ്ചായത്തിലെ ചെങ്ങരൂരില്‍ തിരുവല്ല എം.എല്‍.എ അഡ്വ. വര്‍ഗീസ് മാമന് തറക്കല്ലിട്ടിരുന്നു. രണ്ടാമത്തെ വീടിന്റെ നിര്‍മാണോദ്ഘാടനം എറണാകുളം ജില്ലയിലെ കോതമംഗലം താലൂക്കിലെ കോട്ടപ്പടി പഞ്ചായത്തിലെ അയപ്പാറയില് നടന്നു. മൂന്നാമത്തെ വീടിന്റെ തറക്കല്ലിടല്‍ പിറവം പാഴൂരില്‍ കല്ലുമരിയില് കുടുംബത്തിനുവേണ്ടിയാണ് നിര്‍വഹിച്ചത്. ഇതിന്റെ തുടര്‍ച്ചയായാണ് നാലാമത്തെ വീടിന്റെ നിര്‍മാണത്തിന് തുടക്കം കുറിച്ചിരിക്കുന്നത്. യോഗത്തില്‍ കിളിയന്തറ ഇടവക കോ-ഓര്‍ഡിനേറ്റര്‍ കുര്യന് പനന്താനം നന്ദി പ്രകാശിപ്പിച്ചു.

ഫോമാ പ്രസിഡന്റ് ബിജു തോണിക്കടവില്‍, ജനറല്‍ സെക്രട്ടറി പോള്‍ പി. ജോസ്, ട്രഷറര്‍ പ്രദീപ് നായര്‍, വൈസ് പ്രസിഡന്റ് സാമുവല്‍ മാത്യു, ജോയിന്റ് സെക്രട്ടറി ഡോ. മഞ്ജു പിള്ള, ജോയിന്റ് ട്രഷറര്‍ ജോണ്സണ് കണ്ണൂക്കാടന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള 2026-2028 ഭരണസമിതിയുടെ പ്രധാന ജീവകാരുണ്യ പദ്ധതികളിലൊന്നാണ് ഈ ഭവനപദ്ധതി. മുന്‍ പ്രസിഡന്റ്മാരായ ഡോ. ജേക്കബ് തോമസ്, ബേബി മണക്കുന്നേല്‍ ഉള്‍പ്പെടെയുള്ള മുന്‍കാല ഫോമാ അധ്യക്ഷന്മാരും ഫോമാ നേതാക്കളും സംഘടനയുടെ വിവിധ തലങ്ങളിലുള്ള പ്രവര്‍ത്തകരും പദ്ധതിക്ക് പിന്തുണ നല്കിവരുന്നു.

ഒരു വീടെന്നത് നാലു ചുവരുകള്‍ മാത്രമല്ല; ഒരു കുടുംബത്തിന്റെ ജീവിതത്തിന് ലഭിക്കുന്ന പുതിയ തുടക്കമാണ്. സ്വന്തം വീടെന്ന സ്വപ്നം സാമ്പത്തിക പരാധീനതകള്‍മൂലം സാക്ഷാത്കരിക്കാനാകാത്ത കുടുംബങ്ങള്‍ക്ക് തണലൊരുക്കുന്നതിലൂടെ പ്രവാസി മലയാളികളുടെ കരുതലും സ്നേഹവും ജന്മനാട്ടില് വീണ്ടും അടയാളപ്പെടുത്തുകയാണ് ഫോമാ. ഇരുപതാം വാര്‍ഷികത്തോടെ ഇരുപത് വീടുകള്‍ എന്ന ലക്ഷ്യത്തിലേക്ക് നാലാമത്തെ വീടിന്റെ തറക്കല്ലിടലും പിന്നിടുമ്പോള്‍, സേവനവും സഹാനുഭൂതിയും സാമൂഹിക ഉത്തരവാദിത്വവും സമന്വയിപ്പിച്ച ഒരു മാതൃകാപരമായ പ്രവര്‍ത്തനമായി ഫോമാ 20-20 ഹൗസിങ് പ്രോജക്ട് മാറുകയാണ്.
FOMAA 20-20 Housing Project: Minister Adv. Sunny Joseph Lays Foundation Stone for Fourth House in Kannur
















