വിവേക് രാമസ്വാമി മുതല്‍ റോ ഖന്ന വരെ; അമേരിക്കന്‍ തിരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ വംശജരുടെ പ്രകടനം ശ്രദ്ധേയമാകുന്നു;സുഹാസ് സുബ്രഹ്മണ്യവും പിയ ദണ്ഡിയ വിജയിച്ചു

വിവേക് രാമസ്വാമി മുതല്‍ റോ ഖന്ന വരെ; അമേരിക്കന്‍ തിരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ വംശജരുടെ പ്രകടനം ശ്രദ്ധേയമാകുന്നു;സുഹാസ് സുബ്രഹ്മണ്യവും പിയ ദണ്ഡിയ വിജയിച്ചു

അമേരിക്കന്‍ ഇടക്കാല തിരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ വംശജരായ നിരവധി സ്ഥാനാര്‍ഥികള്‍ നിര്‍ണായക മത്സരങ്ങളില്‍ മാറ്റുരയ്ക്കുന്നു. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭരണകാലത്തെ അവസാന രണ്ട് വര്‍ഷങ്ങളില്‍ കോണ്‍ഗ്രസിന്റെ നിയന്ത്രണം ആര്‍ക്കായിരിക്കുമെന്നത് തീരുമാനിക്കുന്ന തിരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ വംശജരുടെ സാന്നിധ്യവും ശ്രദ്ധേയമാണ്. ജനപ്രതിനിധിസഭയിലെ 435 സീറ്റുകളിലേക്കും 100 അംഗങ്ങളുള്ള സെനറ്റിലെ 37 സീറ്റുകളിലേക്കുമാണ് മത്സരം. ഇതിന് പുറമെ 36 സംസ്ഥാനങ്ങളില്‍ ഗവര്‍ണര്‍ സ്ഥാനത്തേക്കും തിരഞ്ഞെടുപ്പ് നടക്കുന്നു. റോ ഖന്ന, അമി ബേര, പ്രമീള ജയപാല്‍, സുഹാസ് സുബ്രഹ്മണ്യം തുടങ്ങിയ നിലവിലെ ഇന്ത്യന്‍-അമേരിക്കന്‍ ജനപ്രതിനിധികള്‍ വീണ്ടും ജനവിധി തേടുമ്പോള്‍ പിയ ദണ്ഡിയ, അമിഷ് ഷാ തുടങ്ങിയവര്‍ ആദ്യമായി കോണ്‍ഗ്രസിലെത്താനുള്ള മത്സരത്തിലാണ്.

ഒഹായോ ഗവര്‍ണര്‍ സ്ഥാനത്തേക്കുള്ള മത്സരത്തിലാണ് ഇന്ത്യന്‍ വംശജനായ വിവേക് രാമസ്വാമി ശ്രദ്ധാകേന്ദ്രമാകുന്നത്. റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയായ രാമസ്വാമിക്ക് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പിന്തുണയുണ്ട്. മെയ് മാസത്തില്‍ നടന്ന റിപ്പബ്ലിക്കന്‍ പ്രൈമറിയില്‍ വിജയിച്ച അദ്ദേഹം ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ആമി ആക്ടണെയാണ് നേരിടുന്നത്. പുറത്തുവന്ന വോട്ടെണ്ണല്‍ സൂചനകള്‍ പ്രകാരം ആമി ആക്ടണ്‍ രാമസ്വാമിയേക്കാള്‍ ഏകദേശം രണ്ട് ലക്ഷം വോട്ടുകള്‍ക്ക് മുന്നിലാണ്. അതേസമയം, മുന്‍ പ്രസിഡന്റ് ബറാക് ഒബാമയുടെ ഉപദേഷ്ടാവായിരുന്ന സുഹാസ് സുബ്രഹ്മണ്യം വിര്‍ജീനിയയിലെ പത്താം കോണ്‍ഗ്രസ് മണ്ഡലത്തില്‍ വീണ്ടും വിജയിച്ചു. 61 ശതമാനത്തിലധികം വോട്ടുകള്‍ നേടിയ അദ്ദേഹം റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡേവ് ബെക്ക്വിത്തിനെ പരാജയപ്പെടുത്തി. ഹൂസ്റ്റണില്‍ ഇന്ത്യന്‍ മാതാപിതാക്കള്‍ക്ക് ജനിച്ച സുബ്രഹ്മണ്യം ഒബാമ ഭരണകാലത്ത് വൈറ്റ് ഹൗസില്‍ ടെക്‌നോളജി പോളിസി ഉപദേഷ്ടാവായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

ഫ്‌ലോറിഡയിലെ 22-ാം കോണ്‍ഗ്രസ് മണ്ഡലത്തില്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി പിയ ദണ്ഡിയ വിജയിച്ചു. റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി കേസി അസ്‌കറിനെതിരെ 51.9 ശതമാനം വോട്ടുകളാണ് ദണ്ഡിയ നേടിയത്. ഫ്‌ലോറിഡയിലെ പാം ബീച്ച് കൗണ്ടിയില്‍ ജനിച്ചുവളര്‍ന്ന അവര്‍ അധ്യാപികയായാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. ന്യൂയോര്‍ക്കിലെ ഹാര്‍ലെമില്‍ ഹൈസ്‌കൂള്‍ പ്രിന്‍സിപ്പലായും പ്രവര്‍ത്തിച്ചിട്ടുണ്ട്. കാലിഫോര്‍ണിയയിലെ മത്സരത്തില്‍ നിലവിലെ ഡെമോക്രാറ്റിക് ജനപ്രതിനിധി റോ ഖന്ന വീണ്ടും ജനവിധി തേടുന്നു. റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി റിതേഷ് ടണ്ടനാണ് എതിരാളി. വാഷിങ്ടണ്‍ സംസ്ഥാനത്തെ ഏഴാം മണ്ഡലത്തില്‍ കേരള വേരുകളുള്ള പ്രമീള ജയപാല്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി നിരവ് ഷേത്തിനെ നേരിടുന്നു. 2017 മുതല്‍ ഈ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന ജയപാല്‍ യുഎസ് ജനപ്രതിനിധിസഭയിലെത്തിയ ആദ്യ ഇന്ത്യന്‍-അമേരിക്കന്‍ വനിതയാണ്. ഇരുവരുടെയും മത്സരങ്ങളില്‍ അന്തിമ ഫലസൂചനകള്‍ ലഭ്യമായിട്ടില്ല.

കാലിഫോര്‍ണിയയിലെ മൂന്നാം കോണ്‍ഗ്രസ് മണ്ഡലത്തില്‍ അമി ബേര വീണ്ടും ജനവിധി തേടുന്നു. രാജ്‌കോട്ടില്‍നിന്ന് അമേരിക്കയിലേക്ക് കുടിയേറിയ ഗുജറാത്തി മാതാപിതാക്കള്‍ക്ക് യുഎസിലാണ് അദ്ദേഹം ജനിച്ചത്. അമേരിക്കന്‍ കോണ്‍ഗ്രസിലെത്തിയ മൂന്നാമത്തെ ഇന്ത്യന്‍-അമേരിക്കന്‍ വംശജനാണ് ബേര. ടെക്‌സസിലെ 47-ാം മണ്ഡലത്തില്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ഥിയും അഭിഭാഷകയുമായ പൂജ സേത്തിയും മത്സരിക്കുന്നു. ടെക്‌സസ് നിയമസഭയില്‍ ചീഫ് ഓഫ് സ്റ്റാഫായി പ്രവര്‍ത്തിച്ചിട്ടുള്ള അവര്‍ക്ക് ഇതുവരെ വ്യക്തമായ ഫലസൂചനകള്‍ ലഭിച്ചിട്ടില്ല. ടെക്‌സസിലെ 66-ാം മണ്ഡലത്തില്‍ വ്യവസായിയും സാമൂഹിക പ്രവര്‍ത്തകനുമായ സന്ദീപ് ശ്രീവാസ്തവയാണ് മറ്റൊരു സ്ഥാനാര്‍ഥി. പ്ലാനോ-ഫ്രിസ്‌കോ മേഖലയില്‍ വര്‍ഷങ്ങളായി താമസിക്കുന്ന അദ്ദേഹം അഞ്ച് തവണയായി മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയെയാണ് നേരിടുന്നത്.

അരിസോണയിലെ ഒന്നാം കോണ്‍ഗ്രസ് മണ്ഡലത്തില്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ഥിയായ അമിഷ് ഷായും മത്സരരംഗത്തുണ്ട്. ഡോക്ടറും മുന്‍ സംസ്ഥാന നിയമസഭാംഗവുമായ അദ്ദേഹം റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയും മുന്‍ എന്‍എഫ്എല്‍ താരം കൂടിയായ ജെയ് ഫീലിക്കെതിരെയാണ് മത്സരിക്കുന്നത്. പ്രസിഡന്റ് ട്രംപിന്റെ പിന്തുണ ഫീലിക്കുണ്ട്. അരിസോണ നിയമസഭയില്‍ മൂന്ന് തവണ അംഗമായിരുന്ന ഷാ 2024-ലെ കോണ്‍ഗ്രസ് തിരഞ്ഞെടുപ്പിലും മത്സരിച്ചെങ്കിലും റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡേവിഡ് ഷൈ്വക്കര്‍ട്ടിനോട് നേരിയ വോട്ടിന് പരാജയപ്പെട്ടിരുന്നു. അതേസമയം, ലോസ് ആഞ്ചലസ് സിറ്റി കൗണ്‍സില്‍ അംഗവും നഗരാസൂത്രണ വിദഗ്ധയുമായ നിത്യ രാമന്‍ ലോസ് ആഞ്ചലസ് മേയര്‍ സ്ഥാനത്തേക്കും മത്സരിക്കുന്നു. നഗരത്തിലെ ഭവനരഹിതരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളിലും അവര്‍ പങ്കാളിയാണ്. നിത്യ രാമന്‍ വിജയിച്ചാല്‍ ന്യൂയോര്‍ക്കിനും ലോസ് ആഞ്ചലസിനും ഇന്ത്യന്‍ വംശജരായ മേയര്‍മാര്‍ ഉണ്ടാകുമെന്ന പ്രത്യേകതയുമുണ്ടാകും. ന്യൂയോര്‍ക്കിന്റെ മേയറായി നിലവില്‍ സൊഹ്‌റാന്‍ മംദാനിയാണ് പ്രവര്‍ത്തിക്കുന്നത്.


From Vivek Ramaswamy to Ro Khanna—the performance of Indian-origin individuals in the US elections is noteworthy; Suhas Subramanyam and Pia Dandiya have won.

Share Email
LATEST excelnclexrn
More Articles
Top