മിഷിഗണ്‍ ജനപ്രതിനിധി സഭയില്‍ സ്പീക്കറായി ഇന്ത്യന്‍ വംശജനായ രണ്‍ജീവ് പുരി

മിഷിഗണ്‍ ജനപ്രതിനിധി സഭയില്‍ സ്പീക്കറായി ഇന്ത്യന്‍ വംശജനായ രണ്‍ജീവ് പുരി

വാഷിങ്ടണ്‍: മിഷിഗണ്‍ സംസ്ഥാന ജനപ്രതിനിധി സഭയുടെ സ്പീക്കറായി ഡെമോക്രാറ്റിക് പാര്‍ട്ടി നേതാവ് രണ്‍ജീവ് പുരി തിരഞ്ഞെടുക്കപ്പെട്ടു. ഈ പദവിയിലെത്തുന്ന ആദ്യ ഇന്ത്യന്‍ വംശജനെന്ന പദവിയും 42കാരനായ രണ്‍ജീവ് സ്വന്തമാക്കി. വ്യാഴാഴ്ച്ചയാണ് സ്പീക്കറായി തിരഞ്ഞെടുത്തത്. തന്നെ വിശ്വാസത്തിലെടുത്ത് ഈ പദവിയിലേക്ക് തിരഞ്ഞെടുത്തതില്‍ അഭിമാനമുണ്ടെന്നും പുതിയ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കാന്‍ ആവേശത്തോടെ കാത്തിരിക്കുകയാണെന്നും ഫേസ്ബുക്ക് കുറിപ്പിലൂടെ അദ്ദേഹം പ്രതികരിച്ചു.

തിരഞ്ഞെടുപ്പിന് മുന്നോടിയായി ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ നടപ്പാക്കുന്നതിനായി ് ഡാരിന്‍ കാമിലേരിയുമായും നിയുക്ത ഗവര്‍ണര്‍ ജോസെലിന്‍ ബെന്‍സണുമായും ചേര്‍ന്ന് പ്രവര്‍ത്തിക്കാനാണ് ആഗ്രഹിക്കുന്നതെന്ന് രണ്‍ജീവ് പുരി വ്യക്തമാക്കി. 2020-ല്‍ മിഷിഗണ്‍ ജനപ്രതിനിധി സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതോടെ സഭയിലെത്തുന്ന ആദ്യ സിഖ്-അമേരിക്കക്കാരനെന്ന നേട്ടവും അദ്ദേഹം സ്വന്തമാക്കിയിരുന്നു.

പഞ്ചാബില്‍നിന്ന് അമേരിക്കയിലേക്ക് കുടിയേറിയ മാതാപിതാക്കളുടെ മകനായാണ് രണ്‍ജീവ് പുരി. . 2025-ല്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് ഭൂരിപക്ഷമുള്ള 110 അംഗ ജനപ്രതിനിധി സഭയില്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ നേതാവായി അദ്ദേഹം നിയമിതനായി. മൂന്നാം തവണയാണ് സംസ്ഥാന ജനപ്രതിനിധി സഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്.

മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമയുടെ 2008, 2012 വര്‍ഷങ്ങളിലെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിലും രണ്‍ജീവ് പുരി സജീവമായി പ്രവര്‍ത്തിച്ചിരുന്നു. പിന്നീട് ഷിക്കാഗോ സര്‍വകലാശാലയിലെ ബൂത്ത് സ്‌കൂള്‍ ഓഫ് ബിസിനസില്‍ നിന്ന് എംബിഎ നേടി. തുടര്‍ന്ന് മിഷിഗണിലേക്ക് മടങ്ങിയ അദ്ദേഹം വാഹന വ്യവസായ മേഖലയിലും പ്രവര്‍ത്തിച്ചു. രാഷ്ട്രീയ പ്രവര്‍ത്തനത്തിനൊപ്പം സാമ്പത്തിക, വ്യവസായ മേഖലകളിലെ അനുഭവസമ്പത്തും അദ്ദേഹത്തിന്റെ പൊതുപ്രവര്‍ത്തനത്തിന് കരുത്താകുമെന്നാണ് വിലയിരുത്തല്‍.

രണ്‍ജീവ് പുരിയുടെ സ്ഥാനലബ്ദിയെ ഇന്ത്യന്‍-അമേരിക്കന്‍ ഇംപാക്ട് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ചിന്തന്‍ പട്ടേല്‍ അഭിനന്ദിച്ചു. ആരോഗ്യപരിരക്ഷ മുതല്‍ ഭവനനിര്‍മാണം വരെയുള്ള മേഖലകളില്‍ ജീവിതച്ചെലവ് കുറയ്ക്കുന്നതിനാണ് രണ്‍ജീവ് മുന്‍ഗണന നല്‍കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ദക്ഷിണേഷ്യന്‍ വംശജര്‍ക്കെതിരായ വിദ്വേഷപ്രവര്‍ത്തനങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ സമൂഹങ്ങളുടെ സുരക്ഷയ്ക്കും മിഷിഗണിലെ ജനങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും അദ്ദേഹം പ്രവര്‍ത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും പട്ടേല്‍ വ്യക്തമാക്കി. ട്രംപ് ഭരണകൂടത്തിന്റെയും മാഗാ രാഷ്ട്രീയ അജണ്ടയുടെയും നീക്കങ്ങളെ ചെറുക്കുന്നതിനൊപ്പം സാധാരണ കുടുംബങ്ങള്‍ക്ക് ജീവിതം കൂടുതല്‍ താങ്ങാനാവുന്നതാക്കാന്‍ രണ്‍ജീവിന്റെ നേതൃത്വത്തിലുള്ള ഡെമോക്രാറ്റിക് വിഭാഗത്തിന് കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

Indian-origin Ranjiv Puri elected as Speaker of Michigan House of Representatives

Share Email
More Articles
Top