അമേരിക്കയ്ക്കു മുന്നറിയിപ്പുമായി ഇറാന്‍; ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് നേരെ ആക്രമണം

അമേരിക്കയ്ക്കു മുന്നറിയിപ്പുമായി ഇറാന്‍; ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് നേരെ ആക്രമണം

വാഷിംഗ്ടണ്‍: യുഎസ്-ഇറാന്‍ സംഘര്‍ഷം തുടരുന്നതിനിടെ കടുത്ത മുന്നറിയിപ്പുമായി ഇറാന്‍ രംഗത്തെത്തി. അമേരിക്കയുടെ ഭാഗത്തുനിന്നുള്ള പ്രകോപനപരമായ നീക്കങ്ങള്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ക്ക് ഇടയാക്കുമെന്ന് ഇറാന്‍ മുന്നറിയിപ്പ് നല്‍കി.അമേരിക്കയ്ക്ക് തങ്ങളുടെ രാജ്യങ്ങളുടെ മണ്ണും സൈനിക താവളങ്ങളും ഇറാനെ ആക്രമിക്കാന്‍ ഉപയോഗിക്കാന്‍ അനുവദിക്കുന്ന രാജ്യങ്ങള്‍ക്കെതിരെയും ഇറാന്‍ മുന്നറിയിപ്പ് നല്‍കി. ഇറാന്റെ ആക്രമണങ്ങളെ അപലപിച്ച് സൗദി അറേബ്യ, യുഎഇ, കുവൈത്ത്, ബഹ്‌റൈന്‍ എന്നീ രാജ്യങ്ങള്‍ രംഗത്തെത്തിയതിനു പിന്നാലെയാണ് ഇറാന്റെ പ്രതികരണം. അമേരിക്കന്‍ സൈന്യത്തിന് ഇത്തരം സൗകര്യങ്ങള്‍ നല്‍കുന്നത് ആക്രമണത്തില്‍ പങ്കുചേരുന്നതിന് തുല്യമാണെന്നാണ് ഇറാന്റെ വിദേശകാര്യ മന്ത്രാലയത്തിന്റെ നിലപാട്. അയല്‍രാജ്യങ്ങളോടുള്ള പരിഗണനയും മേഖലയിലെ സമാധാനവും കണക്കിലെടുത്ത് ഇറാന്‍ ഇതുവരെ പരമാവധി സംയമനം പാലിച്ചിട്ടുണ്ടെന്നും ഈ രാജ്യങ്ങളിലെ അമേരിക്കന്‍ സൈനിക താവളങ്ങളെയും സൈനിക ആസ്തികളെയും മാത്രമാണ് പ്രതിരോധ നടപടികളുടെ ഭാഗമായി ലക്ഷ്യമിട്ടതെന്നും മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി.

അതിനിടെ ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് നേരെ ആക്രമണം ഉണ്ടായതായും റിപ്പോര്‍ട്ടുണ്ട്. ബുധനാഴ്ച ഒമാനിലെ ഖസബ് തീരത്തിന് സമീപം കടലിടുക്കിലൂടെ സഞ്ചരിക്കുകയായിരുന്ന ടാങ്കറിന്റെ എന്‍ജിന്‍ മുറിയിലാണ് മിസൈല്‍ പതിച്ചതെന്ന് യുകെ മാരിടൈം ട്രേഡ് ഓപ്പറേഷന്‍സ് സെന്റര്‍ അറിയിച്ചു. ആക്രമണത്തില്‍ കപ്പലിന് എത്രത്തോളം നാശനഷ്ടമുണ്ടായെന്ന് വ്യക്തമായിട്ടില്ല. എന്നാല്‍ കപ്പലിലുണ്ടായിരുന്ന ജീവനക്കാരെല്ലാം സുരക്ഷിതരാണെന്നും അധികൃതര്‍ വ്യക്തമാക്കി. ലോകത്തെ പ്രധാന എണ്ണക്കടത്തു പാതകളിലൊന്നായ ഹോര്‍മുസ് കടലിടുക്കിലെ പുതിയ സംഭവം അന്താരാഷ്ട്ര തലത്തില്‍ ആശങ്ക വര്‍ധിപ്പിച്ചിട്ടുണ്ട്.

ഫെബ്രുവരിയില്‍ അമേരിക്കയും ഇസ്രായേലും സംയുക്തമായി ഇറാനെതിരെ നടത്തിയ ആക്രമണങ്ങളോടെയാണ് യുദ്ധം ആരംഭിച്ചത്. ആക്രമണത്തിന്റെ ആദ്യഘട്ടത്തില്‍ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനെയി ഉള്‍പ്പെടെ നിരവധി ഉന്നത ഉദ്യോഗസ്ഥരും സൈനിക കമാന്‍ഡര്‍മാരും കൊല്ലപ്പെട്ടിരുന്നു. യുദ്ധം അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ജൂണില്‍ ധാരണാപത്രത്തില്‍ ഒപ്പുവെച്ചെങ്കിലും അമേരിക്കയും ഇറാനും തമ്മിലുള്ള ചര്‍ച്ചകള്‍ ഇപ്പോഴും വഴിമുട്ടിയിരിക്കുകയാണ്. ഇരുപക്ഷവും പരസ്പരം ആക്രമണങ്ങള്‍ തുടരുന്നുണ്ടെങ്കിലും യുദ്ധത്തിന്റെ ആദ്യഘട്ടത്തിലേതുപോലുള്ള അതിരൂക്ഷമായ പോരാട്ടം ഇതുവരെ പുനരാരംഭിച്ചിട്ടില്ല.

അതിനിടെ,വിമാനവാഹിനിക്കപ്പലായ യുഎസ്എസ് ജോര്‍ജ് വാഷിങ്ടണ്‍ മിഡില്‍ ഈസ്റ്റിലെ യുഎസ് സെന്‍ട്രല്‍ കമാന്‍ഡിന്റെ പ്രവര്‍ത്തനമേഖല വിട്ടതായി അമേരിക്കന്‍ നാവികസേനാ വൃത്തങ്ങള്‍ അറിയിച്ചു. ജപ്പാനിലെ യോകോസുകയിലുള്ള സ്വന്തം താവളത്തിലേക്കാണ് കപ്പല്‍ മടങ്ങുന്നത്. ഇതോടെ മേഖലയില്‍ രണ്ട് അമേരിക്കന്‍ വിമാനവാഹിനിക്കപ്പലുകള്‍ തുടരും. ഞായറാഴ്ച മേഖലയിലെത്തിയ യുഎസ്എസ് തിയഡോര്‍ റൂസ്വെല്‍റ്റും യുഎസ്എസ് ജോര്‍ജ് എച്ച്.ഡബ്ല്യു. ബുഷുമാണ് അവ. ഇറാന്റെ തുറമുഖങ്ങള്‍ക്കെതിരായ അമേരിക്കന്‍ നാവിക ഉപരോധം നടപ്പാക്കുന്നതില്‍ ഈ കപ്പലുകള്‍ പ്രധാന പങ്കുവഹിക്കുന്നുണ്ട്.

ഇറാനുമായി ബന്ധമുള്ള കൂടുതല്‍ ശൃംഖലകള്‍ക്കെതിരെ സാമ്പത്തിക ഉപരോധ നടപടികളുമായി അമേരിക്കയും രംഗത്തെത്തി. ഹിസ്ബുല്ലയുമായി ബന്ധമുള്ള വാ തആവുന്‍ അസോസിയേഷന്‍ എന്ന സന്നദ്ധസംഘടനയെയും ലെബനനിലും തുര്‍ക്കിയിലും പ്രവര്‍ത്തിക്കുന്ന ചില സംഘടനകളേയും അമേരിക്കന്‍ ട്രഷറി വകുപ്പ് ലക്ഷ്യമിട്ടതായ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു.

Iran issues warning to the US; oil tanker attacked in the Strait of Hormuz

Share Email
LATEST excelnclexrn
More Articles
Top