വാഷിങ്ടണ്‍: അമേരിക്ക- ഇറാന്‍ സംഘര്‍ഷത്തില്‍ പുതിയ വഴിത്തിരിവ്. യുഎസ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പുതിയ സൈനിക ഭീഷണികള്‍ക്കിടെ അമേരിക്കയുമായി ആണവ ചര്‍ച്ചകള്‍ക്കായുള്ള നിര്‍ദേശം മധ്യസ്ഥര്‍ മുഖേനെ ഇറാന്‍ അമേരിക്കയ്ക്ക് കൈമാറി ഇറാന്‍. ഖത്തര്‍ വഴിയാണ് നിര്‍ദേശം അമേരിക്കയ്ക്ക് കൈമാറിയതെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. ഇറാന്‍ മുന്നോട്ടുവെച്ച ഏഴ് നിബന്ധനകള്‍ വാഷിംഗ്ടണ്‍ അംഗീകരിച്ചാല്‍ മാത്രമേ ആണവ വിഷയത്തില്‍ ചര്‍ച്ചകള്‍ ആരംഭിക്കൂവെന്നാണ് ടെഹ്‌റാന്റെ നിലപാട്. ഇറാന്റെ ശേഷിക്കുന്ന ഭാഗങ്ങള്‍ തകര്‍ക്കുമെന്ന ട്രംപിന്റെ ഭീഷണിക്കിടെയാണ് പുതിയ നീക്കം. നിര്‍ദേശം അമേരിക്ക പരിശോധിച്ചുവരികയാണെന്ന് പേര് വെളിപ്പെടുത്താത്ത മുതിര്‍ന്ന ഇറാനിയന്‍ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് റിപ്പോര്‍ട്ടില്‍ പറയുന്നു.
നയതന്ത്ര ചര്‍ച്ചകളുമായി ബന്ധപ്പെട്ട് അമേരിക്കയ്ക്ക് ഏഴ് നിബന്ധനകള്‍ നല്‍കിയിട്ടുണ്ടെന്ന് ഇറാന്റെ ഉന്നത സുരക്ഷാ ഉദ്യോഗസ്ഥന്‍ മൊഹ്‌സെന്‍ റെസായി നേരത്തെ വ്യക്തമാക്കിയിരുന്നു. ഈ നിബന്ധനകള്‍ നടപ്പാക്കുന്നതുവരെ ഹോര്‍മുസ് കടലിടുക്ക് തുറക്കില്ലെന്നും അമേരിക്കയുമായി ചര്‍ച്ചകള്‍ക്കില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ഇറാന്റെ ഔദ്യോഗിക ഏഴ് നിബന്ധനകളുടെ പൂര്‍ണരൂപം ഇതുവരെ പുറത്തുവിട്ടിട്ടില്ല. എന്നാല്‍ ഖലീജ് ടൈംസ് റിപ്പോര്‍ട്ട് പ്രകാരം ആവശ്യങ്ങള്‍ സംബന്ധിച്ച സൂചനകള്‍ പുറത്തുവന്നിട്ടുണ്ട്.
യുദ്ധം പൂര്‍ണമായി അവസാനിപ്പിക്കുക, ലെബനനിലെ സംഘര്‍ഷം അവസാനിപ്പിക്കുക, ഇറാനിയന്‍ തുറമുഖങ്ങള്‍ക്കെതിരായ അമേരിക്കയുടെ നാവിക ഉപരോധം പിന്‍വലിക്കുക എന്നിവയാണ് പ്രധാന ആവശ്യങ്ങളെന്നാണ് റിപ്പോര്‍ട്ട്. ഇറാനുമേലുള്ള സാമ്പത്തിക ഉപരോധങ്ങള്‍ നീക്കുക, വിദേശരാജ്യങ്ങളില്‍ മരവിപ്പിച്ചിട്ടുള്ള ഇറാന്റെ ആസ്തികള്‍ വിട്ടുനല്‍കുക, പശ്ചിമേഷ്യയിലെ അമേരിക്കന്‍ സൈനിക സാന്നിധ്യം കുറയ്ക്കുക, യുദ്ധത്തില്‍ ഉണ്ടായ നാശനഷ്ടങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കുക തുടങ്ങിയവയും നിബന്ധനകളില്‍ ഉള്‍പ്പെട്ടേക്കും. അതേസമയം, ഏതൊരു പ്രാഥമിക ചര്‍ച്ചയിലും ആണവ വിഷയം ഉള്‍പ്പെടുത്തണമെന്നാണ് അമേരിക്കയുടെ നിലപാട്.
അമേരിക്കയും ഇറാനും തമ്മിലുള്ള യുദ്ധം അവസാനിപ്പിക്കാന്‍ മധ്യസ്ഥ രാജ്യങ്ങള്‍ ശ്രമം ശക്തമാക്കിയ സാഹചര്യത്തിലാണ് പുതിയ നിര്‍ദേശം പുറത്തുവന്നിരിക്കുന്നത്. അമേരിക്കന്‍ ഇടക്കാല തിരഞ്ഞെടുപ്പിന് ശേഷം സംഘര്‍ഷം വീണ്ടും രൂക്ഷമാകുമെന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്. വോട്ടെടുപ്പിന് ശേഷം സൈനിക നടപടികള്‍ പുനരാരംഭിക്കാനുള്ള സാധ്യത തള്ളിക്കളയാന്‍ ട്രംപ് തയ്യാറായിട്ടില്ല. യുദ്ധം വീണ്ടും ആരംഭിച്ചാല്‍ കൂടുതല്‍ വ്യാപകമായ തിരിച്ചടി നല്‍കാന്‍ ഇറാനും പദ്ധതിയിടുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഇതോടെ പശ്ചിമേഷ്യയില്‍ സമാധാന ശ്രമങ്ങള്‍ നിര്‍ണായക ഘട്ടത്തിലെത്തിയിരിക്കുകയാണ്.
Iran sets seven conditions for holding talks with the US.














