ഫ്ലോറിഡയിൽ ബിസിനസ് ജെറ്റ് തകർന്നു വീണ് ഒൻപത് മരണം; അവസാന നിമിഷങ്ങളിൽ പൈലറ്റ് നടത്തിയ സന്ദേശം പുറത്ത്

ഫ്ലോറിഡയിൽ ബിസിനസ് ജെറ്റ് തകർന്നു വീണ് ഒൻപത് മരണം; അവസാന നിമിഷങ്ങളിൽ പൈലറ്റ് നടത്തിയ സന്ദേശം പുറത്ത്

ഫ്ലോറിഡ: അമേരിക്കയിലെ ഫ്ലോറിഡയിൽ പാം ബീച്ച് കൗണ്ടിയിൽ ബിസിനസ് ജെറ്റ് തകർന്നു വീണ് വിമാനത്തിലുണ്ടായിരുന്ന ഒൻപത് പേരും കൊല്ലപ്പെട്ടു. ഞായറാഴ്ച ഉച്ചയോടെ ജനവാസ മേഖലയ്ക്ക് സമീപമാണ് അപകടമുണ്ടായത്. ക്രെസ്റ്റ്ഹേവനിലെ മൊബൈൽ ഹോം പാർക്കിന് സമീപമാണ് വിമാനം തകർന്നു വീണതെന്നും, പ്രദേശത്തുനിന്ന് ഏകദേശം 600 ആളുകളെ ഒഴിപ്പിച്ചതായും ഗവർണർ റോൺ ഡിസാന്റിസ് വാർത്താസമ്മേളനത്തിൽ അറിയിച്ചു. നിലവിൽ ആർക്കും പരിക്കുകളില്ല.

ടെക്സസിലെ ഓസ്റ്റിൻ-ബെർഗ്‌സ്ട്രോം അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ബഹാമാസിലേക്ക് പുറപ്പെട്ട ലിയർജെറ്റ് 60 (Learjet 60) എന്ന വിമാനമാണ് അപകടത്തിൽപ്പെട്ടത്. ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ (FAA) നൽകുന്ന വിവരമനുസരിച്ച് ഞായറാഴ്ച ഉച്ചയ്ക്ക് 1 മണിക്ക് തൊട്ടുമുമ്പാണ് അപകടം നടന്നത്. അപകടകാരണം എന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. മിസൈൽ പതിക്കുന്നതുപോലെയായിരുന്നു ശബ്ദമെന്നും വലിയൊരു സ്ഫോടനമാണ് ഉണ്ടായതെന്നും ഗവർണർ ഡിസാന്റിസ് വ്യക്തമാക്കി. വിമാനത്തിലുണ്ടായിരുന്ന എല്ലാവരുടെയും വിയോഗത്തിൽ ഗതാഗത സെക്രട്ടറി ഷോൺ ഡഫി അനുശോചനം രേഖപ്പെടുത്തി.

അപകടത്തിന് തൊട്ടുമുമ്പ് എയർ ട്രാഫിക് കൺട്രോൾ ടവറുമായി പൈലറ്റ് നടത്തിയ അവസാന ആശയവിനിമയത്തിന്റെ വിവരങ്ങൾ പുറത്തുവന്നിട്ടുണ്ട്. മിനിറ്റിൽ 10,000 അടി എന്ന രീതിയിൽ വിമാനം താഴേക്ക് പതിക്കുകയാണെന്ന് പൈലറ്റ് പറയുന്നതായി ഓഡിയോയിൽ വ്യക്തമാണ്. തുടർന്ന് അടിയന്തര സാഹചര്യം പ്രഖ്യാപിച്ച പൈലറ്റ്, തങ്ങൾ അങ്ങേയറ്റം അപകടകരമായ വേഗതയിലാണെന്നും മിനിറ്റിൽ 20,000 അടി താഴേക്ക് പതിച്ചുകൊണ്ടിരിക്കുകയാണെന്നും നിലവിളിച്ചുകൊണ്ട് പറഞ്ഞു. “ഞങ്ങൾ തകർന്നു വീഴാൻ പോവുകയാണ്… ഞങ്ങൾക്ക് സമയമില്ല” എന്ന് പൈലറ്റ് ടവറിന് അവസാന സന്ദേശം നൽകുകയും ചെയ്തു.

സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ നാഷണൽ ട്രാൻസ്പോർട്ടേഷൻ സേഫ്റ്റി ബോർഡ് (NTSB) പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. പ്രദേശത്തെ റോഡ് ഗതാഗതം താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. വിമാനത്തിലുണ്ടായിരുന്നവരെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അധികൃതർ അന്വേഷിച്ചു വരുന്നു.

Share Email
LATEST excelnclexrn
More Articles
Top