സൈമൺ വാളാച്ചേരി, ചീഫ് എഡിറ്റർ, നേർക്കാഴ്ച
തടസ്സങ്ങളെ ചവിട്ടുപടികളാക്കി മാറ്റിയ ഒരു സ്ത്രീക്ക് മുന്നിൽ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ ശക്തിക്ക് പോലും വഴിമാറിക്കൊടുക്കേണ്ടി വരും എന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് ജഡ്ജി ജൂലി എ മാത്യു. പുരുഷാധിപത്യവും വംശീയവുമായ മുൻവിധികളും നിലനിൽക്കുന്ന വിദേശ മണ്ണിൽ, സ്വന്തം കഠിനാധ്വാനവും അചഞ്ചലമായ ആത്മവിശ്വാസവും കൊണ്ട് ഒരു മലയാളി വനിത തുടർച്ചയായി മൂന്നാം തവണയും വിജയക്കൊടി പാറിച്ചിരിക്കുന്നു.
അമേരിക്കൻ മിഡ്ടേം തിരഞ്ഞെടുപ്പിൽ ടെക്സസിലെ ‘ഫോർട്ട് ബെൻഡ് കൗണ്ടി കോർട്ട് അറ്റ് ലോ നമ്പർ 3’ ജഡ്ജിയായി ജൂലി നേടിയ ഈ ഉജ്ജ്വല വിജയം, ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് സ്ത്രീകൾക്ക് സ്വപ്നം കാണാനും അത് കീഴടക്കാനുമുള്ള വലിയൊരു പ്രചോദനമാണ്. ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർത്ഥിയായി മത്സരിച്ച അവർ, വൻ ഭൂരിപക്ഷത്തോടെയാണ് തുടർച്ചയായ മൂന്നാം തവണയും ജഡ്ജിയായി വിജയപീഠം അലങ്കരിക്കുന്നത്.
അമേരിക്കയിൽ ജഡ്ജി പദവിയിലെത്തുന്ന ആദ്യ ഇന്ത്യൻ വംശജയായ വനിതയും, ഫോർട്ട് ബെൻഡ് കൗണ്ടിയിൽ തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ ഏഷ്യൻ അമേരിക്കൻ വനിതയുമായ ജൂലി, ഈ വിജയത്തോടെ വിദേശ മണ്ണിൽ തൻ്റെ ജനപ്രീതിയും സ്വാധീനവും ഒരിക്കൽക്കൂടി തെളിയിച്ചിരിക്കുകയാണ്.
പ്രതിസന്ധികളെ മറികടന്നുള്ള ഉജ്ജ്വല വിജയം
ഈ തിരഞ്ഞെടുപ്പ് വിജയം ജൂലി എ മാത്യുവിനെ സംബന്ധിച്ച് ഏറെ സവിശേഷതകൾ നിറഞ്ഞതാണ്. ഈ വർഷം മാർച്ചിൽ നടന്ന ഡെമോക്രാറ്റിക് പാർട്ടിയുടെ ആഭ്യന്തര പ്രാഥമിക തിരഞ്ഞെടുപ്പിൽ അവർക്ക് നേരിയ തിരിച്ചടി നേരിട്ടിരുന്നു. എന്നാൽ അവരെ പരാജയപ്പെടുത്തിയ എതിർ സ്ഥാനാർത്ഥിക്ക് നിയമപരമായ യോഗ്യതയില്ലാത്തതിനാൽ അയോഗ്യയാക്കപ്പെട്ടു. തുടർന്ന് പാർട്ടി ഔദ്യോഗികമായി ജൂലി മാത്യുവിനെ തന്നെ ജനറൽ ഇലക്ഷൻ സ്ഥാനാർത്ഥിയായി വീണ്ടും പ്രഖ്യാപിക്കുകയായിരുന്നു.
ഈ വെല്ലുവിളികളെയെല്ലാം വോട്ടർമാരുടെ പിന്തുണയോടെ ജൂലി മറികടന്നു. നവംബർ 3-ന് നടന്ന പൊതുതിരഞ്ഞെടുപ്പിൽ 1,80,804 വോട്ടുകൾ (ഏകദേശം 59.96%) നേടിയാണ് അവർ വിജയിച്ചത്. റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർത്ഥി ജെസ്സിക്ക ജാരാമില്ലോയെ 60,000-ത്തിലധികം വോട്ടുകളുടെ കൂറ്റൻ ഭൂരിപക്ഷത്തിനാണ് ജൂലി പരാജയപ്പെടുത്തിയത്.
തിരുവല്ലയിൽ നിന്ന് ടെക്സസിലേക്ക്
കേരളത്തിൽ പത്തനംതിട്ട ജില്ലയിലെ തിരുവല്ല വെണ്ണിക്കുളം സ്വദേശിയാണ് ജൂലി എ മാത്യു. ചെറുപ്പകാലത്തു തന്നെ മാതാപിതാക്കളായ തോമസ് ഡാനിയേലിനും സൂസമ്മയ്ക്കുമൊപ്പം അമേരിക്കയിലേക്ക് കുടിയേറിയ അവർ ഫിലാഡൽഫിയയിലാണ് വളർന്നത്. പുതിയ രാജ്യവും ഭാഷയും ആയതിനാൽ ആദ്യകാലത്ത് സ്കൂളിൽ സഹപാഠികളിൽ നിന്ന് വംശീയമായ അവഗണനയും പരിഹാസങ്ങളും നേരിടേണ്ടി വന്നിട്ടുണ്ട്. എന്നാൽ ആ വെല്ലുവിളികളെല്ലാം അവർ തന്റെ ലക്ഷ്യത്തിലേക്കുള്ള ചവിട്ടുപടികളാക്കി മാറ്റി. പപ്പയുടെ ബിസിനസ്സിലുണ്ടായ വലിയൊരു പ്രതിസന്ധിയാണ് നിയമം പഠിക്കാൻ ജൂലിക്ക് പ്രചോദനമായത്. പെൻ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ നിന്ന് അഡ്മിനിസ്ട്രേഷൻ ആൻഡ് സോഷ്യോളജിയിൽ ബിരുദവും, ഡെലവെയർ ലോ സ്കൂളിൽ നിന്ന് നിയമബിരുദവും കരസ്ഥമാക്കി അവർ ടെക്സസ് നിയമ ലൈസൻസ് നേടി അഭിഭാഷകയായി പ്രാക്ടീസ് ആരംഭിച്ചു. തന്റെ മാതാപിതാക്കൾ നേരിട്ട് ഭാഷാപരവും നിയമപരവുമായ വെല്ലുവിളികളെ അതിജീവിച്ചാണ് ജൂലി തന്റെ ലക്ഷ്യത്തിലേക്ക് എത്തിയത്.
ടെക്സസിൽ 15 വർഷത്തിലധികം സിവിൽ ലിറ്റിഗേറ്ററായി അഭിഭാഷകവൃത്തി ചെയ്ത ശേഷമാണ് അവർ നീതിന്യായ രംഗത്തേക്ക് ഔദ്യോഗികമായി കടന്നുവരുന്നത്. ആർക്കോളയിൽ അസോസിയേറ്റ് മുൻസിപ്പൽ ജഡ്ജിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
യുഎസിൽ ജഡ്ജിമാരെ നിയമിക്കുന്നത് രാഷ്ട്രീയ പിന്തുണയോടെയുള്ള മത്സരത്തിലൂടെയാണ്. നാല് വർഷമാണ് ഒരാളുടെ ടേം. റിപ്പബ്ലിക്കൻ പാർട്ടിക്ക് വ്യക്തമായ ആധിപത്യമുള്ള ഫോർട്ട് ബെൻഡ് കൗണ്ടിയിൽ ഒരു ഡെമോക്രാറ്റ് സ്ഥാനാർത്ഥിയായി മത്സരിച്ച ജൂലി, 2018-ലെ തിരഞ്ഞെടുപ്പിൽ അക്കാലത്തെ ഉയർന്ന ഭൂരിപക്ഷത്തോടെ വിജയിച്ച് ചരിത്രമെഴുതി. പിന്നീട് 2022-ലും ഇപ്പോൾ 2026-ലും ഈ വിജയം അവർ ആവർത്തിച്ചു.
ജനകീയയായ ജഡ്ജി
കോടതി മുറികൾക്കുള്ളിലെ കേസ് വിസ്താരങ്ങൾക്കപ്പുറം ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്ന ഭരണാധികാരി കൂടിയാണ് ജൂലി. കോടതിയിൽ ‘ജുവനൈൽ ഇന്റർവെൻഷൻ ആൻഡ് മെന്റൽ ഹെൽത്ത്’ വിഭാഗത്തിന് മികച്ച രീതിയിൽ അവർ നേതൃത്വം നൽകി വരുന്നു. പൊതുജനങ്ങളുമായി നേരിട്ട് സംവദിക്കുന്ന ‘ചായ് ആൻഡ് ചാറ്റ്’ പോലുള്ള നിരവധി നൂതന പരിപാടികൾക്കും അവർ തുടക്കം കുറിച്ചിട്ടുണ്ട്. പെൺകുട്ടി കൾക്ക് പ്രചോദനം നൽ കാൻ ‘കിച്ചൺ ടു ദി കോർ ട്ട് ഹൗസ്’ പോലുള്ള നൂതന പദ്ധതികളും അവർ ആ വിഷ്കരിച്ചു. അഴിമതിരഹിതവും സത്യസന്ധവുമായ നീതിന്യായ വ്യവസ്ഥയ്ക്കായി നിലകൊള്ളുന്ന ജൂലി മാത്യുവിന് ഇത്തവണയും വലിയ ജനപിന്തുണയാണ് ലഭിക്കുന്നത്. ‘നീതി, സത്യസന്ധത, വ്യക്തിപരമായ ഉത്തരവാദി ത്തം’ എന്നീ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന മികച്ചൊരു വ്യക്തിത്വത്തിന് ഉടമകൂടിയാണിവർ.
ഇന്ത്യയിലെ ആദ്യ വനിതാ ജഡ്ജിയായ ജസ്റ്റിസ് അന്ന ചാണ്ടിയും, പ്രതിസന്ധികളോട് പോരാടി മുന്നേറുന്ന ഓരോ സ്ത്രീയുമാണ് തന്റെ ഏറ്റവും വലിയ ഊർജമെന്ന് ജൂലി മാത്യു പറയുന്നു. കാസർഗോഡ് ഭീമനടി സ്വദേശിയായ ജിമ്മി മാത്യുവാണ് ഭർത്താവ്. മൂന്ന് പെൺമക്കളടങ്ങുന്നതാണ് ഇവരുടെ കുടുംബം.
ജൂലി മാത്യുവിനൊപ്പം മറ്റ് രണ്ട് മലയാളികൾ കൂടി (ജഡ്ജിയായി സുരേന്ദ്രൻ കെ. പട്ടേലും, തദ്ദേശ ഭരണ സമിതിയിലേക്ക് മാർട്ടിൻ ജോണും) ഇതേ കൗണ്ടിയിൽ വിജയിച്ചു എന്നത് അമേരിക്കൻ രാഷ്ട്രീയത്തിൽ മലയാളി സാന്നിധ്യത്തിന്റെ കരുത്ത് വിളിച്ചോതുന്നതാണ്. വരും വർഷങ്ങളിലും നീതിന്യായ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവരാൻ ജൂലി എ മാത്യുവിന് സാധിക്കുമെന്ന് പ്രവാസിലോകം ഒട്ടാകെ പ്രത്യാശിക്കുന്നു.
















