വാഷിംഗ്ടണ്‍: ഇടക്കാല തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുക പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനും രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതിക്കും എതിരെയുള്ള വികാരമായിരിക്കുമെന്നു സൂചന. വോട്ടര്‍മാര്‍ക്കിടയില്‍ ഭരണകൂടത്തോടു കടുത്ത അതൃപ്തിയെന്ന് എബിസി ന്യൂസ് പുറത്തുവിട്ട പ്രാഥമിക വോട്ടര്‍ സര്‍വേ ഫലങ്ങള്‍ വ്യക്തമാക്കുന്നു. യുഎസ് ജനപ്രതിനിധിസഭയിലേക്കുള്ള തിരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തുന്നവരില്‍ പത്തില്‍ ആറുപേരും ട്രംപിന്റെ പ്രവര്‍ത്തനങ്ങളെ അംഗീകരിക്കുന്നില്ലെന്നാണ് സര്‍വേ വ്യക്തമാക്കുന്നത്. ഇതില്‍ തന്നെ പകുതിയിലധികം ആളുകള്‍ അതി ശക്തമായി എതിര്‍പ്പ് പ്രകടിപ്പിക്കുന്നവരാണ്. ട്രംപിനെ പിന്തുണയ്ക്കുന്നതിനേക്കാള്‍ അദ്ദേഹത്തോടുള്ള എതിര്‍പ്പ് രേഖപ്പെടുത്താനാണ് തങ്ങളുടെ വോട്ട് ഉപയോഗിക്കുന്നതെന്ന് രണ്ടിരട്ടിയിലധികം വോട്ടര്‍മാര്‍ അഭിപ്രായപ്പെട്ടു.
ട്രംപ് ശക്തനായ നേതാവല്ലെന്നും സാധാരണക്കാരുടെ താല്‍പ്പര്യങ്ങള്‍ക്കുവേണ്ടി പോരാടുന്നില്ലെന്നും കരുതുന്ന വോട്ടര്‍മാരുമുണ്ട്. . പ്രസിഡന്റിന്റെ ചുമതല ഫലപ്രദമായി നിര്‍വഹിക്കാനുള്ള മാനസികശേഷി അദ്ദേഹത്തിനില്ലെന്നും രാജ്യത്തിന്റെ താല്‍പ്പര്യങ്ങളേക്കാള്‍ സ്വന്തം വ്യക്തിപരമായ താല്‍പ്പര്യങ്ങള്‍ക്കാണ് മുന്‍ഗണന നല്‍കുന്നതെന്നും സര്‍വേയില്‍ പങ്കെടുത്തവരില്‍ വലിയൊരു വിഭാഗം അഭിപ്രായപ്പെട്ടു. രാജ്യത്തെ സാമ്പത്തിക സാഹചര്യങ്ങള്‍ മോശമാക്കിയത് ട്രംപിന്റെ നയങ്ങളാണെന്നും വിലക്കയറ്റത്തിന് അദ്ദേഹത്തിന്റെ നയങ്ങള്‍ കാരണമായെന്നും കൂടുതല്‍ വോട്ടര്‍മാര്‍ വിശ്വസിക്കുന്നു.
സര്‍വേയില്‍ പങ്കെടുത്ത 75 ശതമാനം വോട്ടര്‍മാരും രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതിയെ മോശമായാണ് വിലയിരുത്തുന്നത്. മൂന്നിലൊന്നിലധികം പേര് സമ്പദ്വ്യവസ്ഥയുടെ അവസ്ഥ വളരെ മോശമാണെന്നും അഭിപ്രായപ്പെട്ടു. രണ്ടുവര്‍ഷം മുമ്പുണ്ടായിരുന്നതിനേക്കാള്‍ കുടുംബത്തിന്റെ സാമ്പത്തിക സ്ഥിതി മോശമായെന്ന് പറയുന്നവരുടെ എണ്ണം മെച്ചപ്പെട്ടെന്ന് പറയുന്നവരേക്കാള്‍ ഇരട്ടിയിലധികമാണ്. പണപ്പെരുപ്പം തങ്ങള്‍ക്ക് സാമ്പത്തിക ബുദ്ധിമുട്ടുകള്‍ സൃഷ്ടിച്ചെന്ന് പത്തില്‍ എട്ടുപേരും വ്യക്തമാക്കി. ഇതില്‍ അഞ്ചിലൊരാള്‍ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നതായും പറഞ്ഞു.
ഇന്ധനം, ആരോഗ്യപരിരക്ഷ, ഭക്ഷ്യവസ്തുക്കള്‍, പലചരക്ക് സാധനങ്ങള്‍ എന്നിവയുടെ വിലയെക്കുറിച്ച് പത്തില്‍ ആറുപേര്‍ അതീവ ആശങ്കയിലാണ്. വൈദ്യുതി ഉള്‍പ്പെടെയുള്ള യൂട്ടിലിറ്റി ചെലവുകളെക്കുറിച്ചും പകുതിയിലധികം പേര് ആശങ്ക പ്രകടിപ്പിച്ചു. ട്രംപിന്റെ ഇറക്കുമതി തീരുവ നയങ്ങള്‍ ദേശീയ സമ്പദ്വ്യവസ്ഥയെയും തങ്ങളുടെ പ്രദേശത്തെ സാമ്പത്തിക സാഹചര്യങ്ങളെയും ദോഷകരമായി ബാധിച്ചെന്ന് മൂന്നില്‍ രണ്ടുഭാഗം വോട്ടര്‍മാരും കരുതുന്നു. രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട പ്രശ്നമായി സമ്പദ്വ്യവസ്ഥയെ കാണുന്നവരാണ് ഏറ്റവും കൂടുതല്‍; ഏകദേശം 40 ശതമാനം പേര് ഇതാണ് പ്രധാന വിഷയമെന്ന് ചൂണ്ടിക്കാട്ടി. ജനാധിപത്യത്തിന്റെ അവസ്ഥയാണ് പ്രധാന പ്രശ്നമെന്ന് മൂന്നിലൊന്ന് പേര് അഭിപ്രായപ്പെട്ടു. ജീവിതച്ചെലവ് തങ്ങളുടെ വോട്ടിനെ നിര്‍ണായകമായി സ്വാധീനിച്ചെന്ന് പകുതിയോളം പേരും വ്യക്തമാക്കി.
Only hours remain until the midterm election results are known: Opinion polls indicate a potential setback for Trump and the Republican Party.



















