ഇസ്രായേലിൽ ബിന്യമിൻ നെതന്യാഹുവിനെ അധികാരത്തിൽ നിന്ന് പുറത്താക്കാനായി അടുത്ത സർക്കാർ രൂപീകരിക്കാൻ യശർ പാർട്ടി നേതാവ് ഗാഡി ഐസൻകോട്ടിനെ പിന്തുണക്കാൻ പ്രതിപക്ഷ പാർട്ടികൾ തീരുമാനിച്ചു. കഴിഞ്ഞയാഴ്ച നടന്ന തെരഞ്ഞെടുപ്പിൽ ആർക്കും കേവലഭൂരിപക്ഷം ലഭിച്ചിരുന്നില്ല. ബുധനാഴ്ചയും വ്യാഴാഴ്ചയും നടക്കുന്ന ചർച്ചകളിൽ പ്രസിഡന്റ് ഐസക് ഹെർസോഗിന് മുന്നിൽ ഐസൻകോട്ടിന്റെ പേര് നിർദേശിക്കാനാണ് ഈ പാർട്ടികൾ തീരുമാനിച്ചിരിക്കുന്നത്.
തെരഞ്ഞെടുപ്പിൽ നെതന്യാഹുവിന്റെ ബ്ലോക്കിന് 53 സീറ്റുകൾ ലഭിച്ചപ്പോൾ, പ്രതിപക്ഷ പാർട്ടികൾക്ക് 48 സീറ്റുകളും അറബ് പാർട്ടികൾക്ക് 19 സീറ്റുകളുമാണ് ലഭിച്ചത്. നെതന്യാഹുവിന്റെ സഖ്യത്തിന് കേവലഭൂരിപക്ഷത്തിന് 8 സീറ്റുകൾ കുറവാണ്. അതേസമയം പ്രതിപക്ഷ പാർട്ടികളും അറബ് പാർട്ടികളും പൂർണമായി പിന്തുണച്ചാൽ ഐസൻകോട്ടിന് 67 അംഗങ്ങളുടെ പിന്തുണ ഉറപ്പാക്കാൻ കഴിയും. യയർ ഗോലന്റെ ‘ദി ഡെമോക്രാറ്റ്സ്’, മുൻ പ്രധാനമന്ത്രി നഫ്താലി ബെനറ്റിന്റെ ‘ടുഗെതർ’ പാർട്ടി, അവിഗ്ദോർ ലിബർമാന്റെ ‘ഇസ്രായേൽ ബെയ്തെയ്നു’ എന്നിവർ ഐസൻകോട്ടിനെ പിന്തുണക്കുമെന്ന് പ്രഖ്യാപിച്ചു കഴിഞ്ഞു. ഇതിനുപുറമെ യൂസഫ് ജബരിന്റെ ‘ജോയിന്റ് ലിസ്റ്റ്’, മൻസൂർ അബ്ബാസിന്റെ ‘യുനൈറ്റഡ് അറബ് ലിസ്റ്റ്’ എന്നീ അറബ് പാർട്ടികളും ഐസൻകോട്ടിനെ പിന്തുണക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
എന്നാൽ നെതന്യാഹുവുമായി ചേർന്ന് ഒരു സർക്കാരിലും താൻ ഉണ്ടാകില്ലെന്ന് പ്രഖ്യാപിച്ച അവിഗ്ദോർ ലിബർമാൻ, ഒരു വർഷത്തിനുള്ളിൽ തകർന്നുവീണേക്കാവുന്ന ന്യൂനപക്ഷ സർക്കാരിനെയും എതിർത്തു. തെരഞ്ഞെടുപ്പിൽ പ്രതിപക്ഷത്തിന് 48 സീറ്റുകൾ മാത്രമാണ് ലഭിച്ചതെന്നും അത് പ്രതീക്ഷിച്ചതിലും വളരെ കുറവാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കൂടാതെ നവംബർ 10-ന് പുതിയ പാർലമെന്റ് ചേരുമ്പോൾ, നിലവിലുള്ള സ്പീക്കർ അമീർ ഒഹാനയ്ക്ക് പകരമായി യയർ ലാപിഡിനെ ക്നെസറ്റ് സ്പീക്കർ സ്ഥാനത്തേക്ക് പിന്തുണയ്ക്കുമെന്നും ലിബർമാൻ അറിയിച്ചു.
രാഷ്ട്രീയ കക്ഷികളുമായുള്ള ചർച്ചകൾ പ്രസിഡന്റ് ഐസക് ഹെർസോഗ് ബുധനാഴ്ച ആരംഭിക്കും. ഏറ്റവും വലിയ ഒറ്റക്കക്ഷിയുടെ നേതാവിനെത്തന്നെ പ്രസിഡന്റ് തിരഞ്ഞെടുക്കണമെന്നില്ല, സഖ്യമുണ്ടാക്കാൻ കഴിവുള്ള ആരെയും ചുമതലപ്പെടുത്താം. ചുമതല ലഭിക്കുന്നയാൾക്ക് സർക്കാർ രൂപീകരിക്കാൻ 28 ദിവസവും ആവശ്യമെങ്കിൽ 14 ദിവസത്തെ അധിക സമയവും ലഭിക്കും. വിജയിച്ചില്ലെങ്കിൽ പുതിയ തെരഞ്ഞെടുപ്പിലേക്ക് പോകേണ്ടിവരും. അതേസമയം, സഖ്യ കരാറുകൾ ഇല്ലാത്തതിനാലും ലിബർമാന്റെ നിലപാടുകൾ കാരണവും ഐസൻകോട്ടിന് സർക്കാർ രൂപീകരിക്കുക എളുപ്പമായിരിക്കില്ല.


















