കൊച്ചി: മഹാരാജാസ് കോളേജിൽ ബിരുദ വിതരണ ചടങ്ങിനെത്തിയ ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോണിന്റെ പ്രസംഗം തടസ്സപ്പെടുത്തി ചടങ്ങ് അലങ്കോലമാക്കിയ സംഭവത്തിൽ രണ്ട് എസ്.എഫ്.ഐ നേതാക്കൾക്കെതിരെ കോളേജ് കൗൺസിലിന്റെ നടപടി. കോളേജ് യൂണിയൻ ചെയർമാൻ പ്രണീൽ രാജ്, വൈസ് ചെയർപേഴ്‌സൺ നഫീസത്തുൾ മിസ്രിയ എന്നിവരെ 10 ദിവസത്തേക്ക് സസ്‌പെൻഡ് ചെയ്തു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്താനും കോളേജ് കൗൺസിൽ യോഗം തീരുമാനിച്ചിട്ടുണ്ട്.
കാലടി സംസ്‌കൃത സർവകലാശാലയിലെ വിദ്യാർഥികളുടെ സസ്‌പെൻഷനിൽ പ്രതിഷേധിച്ചാണ് എസ്.എഫ്.ഐ നേതാക്കൾ മഹാരാജാസ് കോളേജിൽ മന്ത്രിയെ ചോദ്യം ചെയ്തത്. വേദിയിൽ കയറി മന്ത്രിയോട് കയർത്തതും ബിരുദ വിതരണ ചടങ്ങ് തടസ്സപ്പെടുത്തിയതും ഗുരുതരമായ അച്ചടക്ക ലംഘനമായാണ് കൗൺസിൽ വിലയിരുത്തിയത്. സസ്‌പെൻഷൻ പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെ എസ്.എഫ്.ഐയുടെ നേതൃത്വത്തിൽ ക്യാമ്പസിൽ പ്രതിഷേധ പ്രകടനം നടന്നു.
നടപടി എത്രയും വേഗം പിൻവലിച്ചില്ലെങ്കിൽ അതിശക്തമായ പ്രക്ഷോഭം നേരിടേണ്ടി വരുമെന്ന് എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എസ്. സഞ്ജീവ് മുന്നറിയിപ്പ് നൽകി. സസ്‌പെൻഷൻ നടപടിയ്‌ക്കെതിരെ സംസ്ഥാന വ്യാപകമായി ശക്തമായ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കാനാണ് സംഘടനയുടെ തീരുമാനം.



















