വാഷിംഗ്ടൺ: മിഡ്ടേം തിരഞ്ഞെടുപ്പിലെ ചരിത്രപരമായ തോൽവിക്ക് പിന്നാലെ, പ്രതിരോധ സെക്രട്ടറി പിറ്റ് ഹെഗ്സെത്തിനെതിരെ പാർട്ടിക്ക് അകത്തുതന്നെ പ്രതിഷേധം ശക്തമാകുന്നു. ഇറാൻ യുദ്ധത്തിലേക്ക് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ നയിക്കുന്നതിൽ മുഖ്യ പങ്കുവഹിച്ചതും, വ്യക്തമായ തന്ത്രങ്ങളില്ലാതെ യുദ്ധം അടിച്ചേൽപ്പിച്ചതുമാണ് റിപ്പബ്ലിക്കൻ പാർട്ടിയുടെ വൻ പരാജയത്തിന് കാരണമെന്ന് വിമർശകർ ചൂണ്ടിക്കാട്ടുന്നു. ഇതിന്റെ ഉത്തരവാദിത്തം ഹെഗ്സെത്തിന്റെ തലയിൽ കെട്ടിവെക്കാനുള്ള നീക്കങ്ങളാണ് പാർട്ടിയിൽ ഇപ്പോൾ നടക്കുന്നത്.
പാർട്ടിക്കുള്ളിലെ എതിർപ്പുകൾ ശക്തമായ സാഹചര്യത്തിൽ, അടുത്ത ആഴ്ച തന്നെ പ്രതിരോധ സെക്രട്ടറിക്കെതിരെ ഇംപീച്ച്മെന്റ് വോട്ടെടുപ്പ് കൊണ്ടുവരാൻ ഒരുങ്ങുകയാണ് റിപ്പബ്ലിക്കൻ പ്രതിനിധി തോമസ് മാസ്സി. ഈ നീക്കം വിജയിക്കുമെന്നാണ് പാർട്ടി വൃത്തങ്ങൾ നൽകുന്ന സൂചന. യുദ്ധം പെട്ടെന്ന് വിജയിക്കാമെന്ന തെറ്റായ അവകാശവാദങ്ങൾ ഉന്നയിക്കുകയും, വ്യക്തമായ പദ്ധതികളില്ലാതെ സൈനിക നടപടികൾ തുടരുകയും ചെയ്തതിലൂടെ രാജ്യത്ത് വിലക്കയറ്റവും പ്രതിസന്ധിയും രൂക്ഷമാക്കാൻ ഹെഗ്സെത്ത് കാരണക്കാരനായെന്നാണ് പാർട്ടിക്കുള്ളിലെ പ്രധാന ആരോപണം.
തിരഞ്ഞെടുപ്പ് തോൽവിക്ക് കാരണം ഇറാൻ യുദ്ധമാണെന്ന് ഉപരാഷ്ട്രപതി ജെ ഡി. വാൻസും വ്യക്തമാക്കിയിരുന്നു. എന്നിരുന്നാലും, പ്രതിരോധ സെക്രട്ടറിയെക്കുറിച്ചുള്ള വിമർശനങ്ങൾ നിലനിൽക്കുമ്പോഴും പ്രസിഡന്റ് ഡോണൾഡ് ട്രംപിന് ഇതുവരെ ഹെഗ്സെത്തിലുള്ള വിശ്വാസം നഷ്ടപ്പെട്ടിട്ടില്ല. ഹെഗ്സെത്തിനെ പൂർണ്ണമായി പിന്തുണയ്ക്കുന്ന നിലപാടിലാണ് ട്രംപ് ഇപ്പോഴും ഉള്ളത്. എങ്കിലും പാർട്ടിക്ക് അകത്തുനിന്നുള്ള ഈ കടുത്ത സമ്മർദ്ദം വാഷിംഗ്ടണിൽ വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.
















