വാഷിംഗടണ്‍: ഇറാന്റെ ആണവ പദ്ധതിയുമായി ബന്ധപ്പെട്ട രഹസ്യവിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് 20 മില്യണ്‍ ഡോളര്‍ പാരിതോഷികം പ്രഖ്യാപിച്ച് അമേരിക്ക. വിവരങ്ങള്‍ കൈമാറുന്നവര്‍ക്ക് പാരിതോഷികത്തിന് പുറമെ സുരക്ഷിതമായ മറ്റൊരു സ്ഥലത്തേക്ക് താമസം മാറ്റുന്നതിനുള്ള സൗകര്യവും നല്‍കുമെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് അറിയിച്ചു.
ഇറാന്റെ ആണവ പദ്ധതിയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍, ഉപകരണങ്ങള്‍, പ്രവര്‍ത്തനങ്ങള്‍, ഇതില്‍ പങ്കാളികളായ വ്യക്തികള്‍ എന്നിവരെക്കുറിച്ചുള്ള വിവരങ്ങളാണ് അമേരിക്ക തേടുന്നത്. ശാസ്ത്രസമൂഹത്തിലെ അംഗങ്ങള്‍ ഉള്‍പ്പെടെയുള്ളവരെക്കുറിച്ചുള്ള വിവരങ്ങള്‍ക്കും പാരിതോഷികം ലഭിക്കുമെന്ന് യുഎസ് സൈന്യം വെള്ളിയാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി.
യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റിന് കീഴിലുള്ള ‘റിവാര്‍ഡ്സ് ഫോര്‍ ജസ്റ്റിസ്’ പദ്ധതിയുടെ ഭാഗമായാണ് ഈ പ്രഖ്യാപനം. ഇറാന്റെ ആണവ പദ്ധതിയുമായി ബന്ധപ്പെട്ട നിര്‍ണായക വിവരങ്ങള്‍ കൈമാറുന്നവര്‍ക്ക് പരമാവധി 20 മില്യണ്‍ ഡോളര്‍ (ഏകദേശം 180 കോടി രൂപ) വരെ നല്‍കാനാണ് തീരുമാനം. വിവരങ്ങള്‍ നല്‍കുന്നവരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ആവശ്യമായ സാഹചര്യങ്ങളില്‍ താമസസ്ഥലം മാറ്റുന്നതിനുള്ള സഹായവും വാഗ്ദാനം ചെയ്തിട്ടുണ്ട്.
അതേസമയം, ഇറാന്റെ ആണവ പദ്ധതികള്‍ പൂര്‍ണമായും തകര്‍ത്തതായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പലതവണ അവകാശപ്പെട്ടിരുന്നു. എന്നാല്‍, ആണവ പദ്ധതിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ശേഖരിക്കുന്നതിനായി അമേരിക്ക ഇപ്പോഴും പാരിതോഷികം പ്രഖ്യാപിച്ചിരിക്കുന്നത് ശ്രദ്ധേയമാണ്.
യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് (CENTCOM) എക്സില്‍ പങ്കുവെച്ച പ്രസ്താവനയിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ഇറാന്റെ ആണവ പദ്ധതിയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളുടെയും ഉപകരണങ്ങളുടെയും ശാസ്ത്രജ്ഞര്‍ ഉള്‍പ്പെടെയുള്ള ബന്ധപ്പെട്ട വ്യക്തികളുടെയും വിവരങ്ങള്‍ ലഭ്യമാക്കുകയാണ് ലക്ഷ്യമെന്ന് പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.
US announces a $20 million reward for those providing information about Iran’s nuclear program.
















