ലോസ് ഏഞ്ചൽസ്: നോർത്ത് ഹോളിവുഡിൽ യു.എസ് ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്സ്മെന്റ് (ICE) ഏജന്റുമാരുടെ നടപടിക്കിടെ ഒരു വ്യക്തിക്ക് നേരെ ഉദ്യോഗസ്ഥൻ തോക്ക് ചൂണ്ടിയ സംഭവത്തിൽ നഗരത്തിലെ നേതാക്കൾ പ്രതിഷേധവുമായി രംഗത്ത്. വെള്ളിയാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. മുഖംമൂടി ധരിച്ച നിരവധി ഏജന്റുമാർ ചേർന്ന് ഒരാളെ കസ്റ്റഡിയിലെടുക്കുന്നതിനിടയിലാണ് സമീപത്തുണ്ടായിരുന്ന വ്യക്തിക്ക് നേരെ ഉദ്യോഗസ്ഥൻ തോക്കുയർത്തിയത്.
വിനിലാന്റ് പ്ലേസിനും ഒട്സെഗോ തെരുവിനും സമീപമുള്ള ഐവി അപ്പാർട്ട്മെന്റിന് സമീപം രാവിലെ 8:30 ഓടെയാണ് സംഭവം നടന്നത്. രണ്ട് നായ്ക്കളുമായി നടന്നുപോവുകയായിരുന്ന ഒരാൾ നിലത്തുനിന്ന് എന്തോ എടുക്കുന്നത് കണ്ട് രണ്ട് ഏജന്റുമാർ അദ്ദേഹത്തിന് നേരെ പാഞ്ഞടുക്കുകയായിരുന്നു. ഇതിലൊരു ഏജന്റ് തോക്കുമായി അദ്ദേഹത്തെ കുറ്റിക്കാട്ടിലേക്ക് തള്ളിയിടുന്നത് സെൽഫോൺ ദൃശ്യങ്ങളിൽ വ്യക്തമാണ്. ഉടൻ തന്നെ കൈയിലുണ്ടായിരുന്ന വസ്തു അദ്ദേഹം താഴെ കളയുകയും ഏജന്റ് പിന്നിലേക്ക് മാറുകയും ചെയ്തു. തുടർന്ന് പ്രകോപിതനായ നായ്ക്കളുടെ ഉടമസ്ഥൻ ഉദ്യോഗസ്ഥരോട് കയർത്തു സംസാരിക്കുകയും, പെപ്പർ സ്പ്രേയുമായി മറ്റൊരു ഉദ്യോഗസ്ഥൻ അദ്ദേഹത്തിന് നേരെ എത്തിയപ്പോൾ അദ്ദേഹം ഭയന്ന് ഓടിപ്പോവുകയും ചെയ്യുന്നതും വീഡിയോയിലുണ്ട്. എന്താണ് താഴെ നിന്ന് എടുത്തതെന്ന് വ്യക്തമല്ല. സംഭവസ്ഥലത്ത് ‘ICE Police’ എന്ന് രേഖപ്പെടുത്തിയ വെസ്റ്റ് ധരിച്ച ഉദ്യോഗസ്ഥരാണ് കറുത്ത എസ്.യു.വിയിൽ ആളെ പിടിച്ചുകൊണ്ടുപോയത്.
സംഭവത്തിൽ വിശദീകരണവുമായി ഡിപ്പാർട്ട്മെന്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റി (DHS) രംഗത്തെത്തി. വെെനസ്വേലൻ പൗരനായ ഏഞ്ചൽ ലൂയിസ് ഗോൺസാലസ് ലോബോയെയാണ് ലക്ഷ്യമിട്ട നടത്തിയ ഓപ്പറേഷനിൽ പിടികൂടിയതെന്ന് ഡി.എച്ച്.എസ് വ്യക്തമാക്കി. കോടതിയിൽ ഹാജരാകാത്തതിനെത്തുടർന്ന് ഇമിഗ്രേഷൻ ജഡ്ജി അദ്ദേഹത്തിന് നാടുകടത്തൽ ഉത്തരവ് നൽകിയിരുന്നതാണെന്നും, നിലവിൽ അദ്ദേഹം ഐ.സി.ഇ കസ്റ്റഡിയിലാണെന്നും അധികൃതർ അറിയിച്ചു. വഴിപോക്കനായ വ്യക്തിയുടെ കൈയിൽ പെപ്പർ സ്പ്രേ ഉണ്ടായിരുന്നതായും, ഇത് അവിടം കൂടുതൽ സംഘർഷഭരിതമാക്കിയെന്നും ഡി.എച്ച്.എസ് പ്രസ്താവനയിൽ അവകാശപ്പെട്ടു.

















