അലാസ്‌കയിലെ ഫലം പൂര്‍ണമായി അറിയാന്‍ നവംബര്‍ 18 വരെ കാത്തിരിക്കണം! : യുഎസിലെ ഏറ്റവും വലിയ സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് ഫലം വൈകാന്‍ കാരണമെന്ത്?

അലാസ്‌കയിലെ ഫലം പൂര്‍ണമായി അറിയാന്‍ നവംബര്‍ 18 വരെ കാത്തിരിക്കണം! : യുഎസിലെ ഏറ്റവും വലിയ സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് ഫലം വൈകാന്‍ കാരണമെന്ത്?

അലാസ്‌ക: യുഎസിലെ ഏറ്റവും വലിയ സംസ്ഥാനമായ അലാസ്‌കയില്‍ ഇടക്കാല തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പൂര്‍ത്തിയാക്കി അന്തിമ ഫലപ്രഖ്യാപനം വരാന്‍ ഈ മാസം 18 വരെ കാത്തിരിക്കണം. ഫലം വൈകുന്നതിന് പിന്നില്‍ സങ്കീര്‍ണമായ ഗതാഗത സംവിധാനവും ഭൂപ്രകൃതിയുമാണ് പ്രധാന കാരണം. രാജ്യത്തെ മറ്റ് മിക്ക സംസ്ഥാനങ്ങളിലും തിരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്തുവന്നിട്ടും അലാസ്‌കയിലെ സെനറ്റ് തിരഞ്ഞെടുപ്പിന്റെ ഫലം ഇനിയും പ്രഖ്യാപിച്ചിട്ടില്ല. സംസ്ഥാനത്തിന്റെ വിദൂര സ്ഥലങ്ങളില്‍ നിന്നുള്ള ബാലറ്റുകള്‍ വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ എത്തിക്കുന്നതിനായുള്ള താമസം തന്നെയാണ് വോട്ടെണ്ണല്‍ വൈകാനുള്ള പ്രധാന കാരണങ്ങളിലൊന്ന്.

വോട്ടെടുപ്പ് കഴിഞ്ഞതിനു പിന്നാലെ കഴിഞ്ഞ ഏതാനും ആഴ്ചകളായി തിരഞ്ഞെടുപ്പ് ബാലറ്റുകളും വിമാനങ്ങളില്‍ എത്തിക്കുകയാണ് അലാസ്‌ക സീപ്ലെയിന്‍സ് എന്ന പ്രാദേശിക വിമാനക്കമ്പനി. റോഡ് ഗതാഗത സൗകര്യം പരിമിതമായതിനാല്‍ പ്രധാനമായും വിമാനങ്ങളും ബോട്ടുകളുമാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളെ ബന്ധിപ്പിക്കുന്നത്. നിലവിലെ റിപ്പബ്ലിക്കന്‍ സെനറ്റര്‍ ഡാന്‍ സള്ളിവനും ഡെമോക്രാറ്റിക് സ്ഥാനാര്‍ഥിയും മുന്‍ കോണ്‍ഗ്രസ് അംഗവുമായ മേരി പെല്‍റ്റോളയും തമ്മിലുള്ള കടുത്ത മത്സരത്തിന്റെ ഫലം നവംബര്‍ 18 വരെ നീളാനാണ് സാധ്യത. അന്നോടെ എല്ലാ ബാലറ്റുകളും എണ്ണിത്തീര്‍ക്കാനാകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. ആയിരക്കണക്കിന് മൈലുകള്‍ അകലെയുള്ള പ്രദേശങ്ങളില്‍നിന്ന് ബാലറ്റുകള്‍ സുരക്ഷിതമായി എത്തിക്കുന്ന ദൗത്യത്തില്‍ പങ്കാളികളാകുന്നതില്‍ അഭിമാനമുണ്ടെന്ന് അലാസ്‌കയുടെ തെക്കുകിഴക്കന്‍ മേഖലയില്‍ സര്‍വീസ് നടത്തുന്ന അലാസ്‌ക സീപ്ലെയിന്‍സിന്റെ മാര്‍ക്കറ്റിങ് ഡയറക്ടര്‍ ആന്‍ഡി ക്ലൈന്‍, ബിബിസിയോട് പറഞ്ഞു. തിരഞ്ഞെടുപ്പ് പ്രക്രിയയുടെ അവസാനഘട്ട യാത്രയില്‍ തങ്ങളും പങ്കാളികളാണെന്നും അദ്ദേഹം വ്യക്തമാക്കി.

ചില തിരഞ്ഞെടുപ്പ് കേന്ദ്രങ്ങള്‍ക്ക് വോട്ടെടുപ്പ് ദിവസം തന്നെ പ്രാഥമിക ഫലങ്ങള്‍ കേന്ദ്ര തിരഞ്ഞെടുപ്പ് ഓഫീസുകളിലേക്ക് കൈമാറാന്‍ സാധിക്കും. ഇതിന്റെ അടിസ്ഥാനത്തില്‍ ഭാഗിക ഫലങ്ങള്‍ പുറത്തുവരുമെങ്കിലും സംസ്ഥാനത്തുടനീളമുള്ള വോട്ടുകളുടെ പൂര്‍ണചിത്രം ലഭിക്കാന്‍ കൂടുതല്‍ സമയമെടുക്കും. ബ്രിട്ടന്റെ ആറിരട്ടിയിലധികം വിസ്തൃതിയുള്ള അലാസ്‌കയില്‍നിന്ന് ബാലറ്റുകള്‍ ശേഖരിച്ച് എണ്ണുന്നതുതന്നെ വലിയ വെല്ലുവിളിയാണെന്ന് മസാച്യുസെറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ തിരഞ്ഞെടുപ്പ് വിദഗ്ധന്‍ ചാള്‍സ് സ്റ്റുവര്‍ട്ട് മൂന്നാമന്‍ ചൂണ്ടിക്കാട്ടുന്നു. തപാല്‍ വോട്ടുകള്‍ തിരഞ്ഞെടുപ്പ് ദിവസം തന്നെ ലഭിക്കണമെന്നില്ല. തിരഞ്ഞെടുപ്പ് ദിവസം പോസ്റ്റ്മാര്‍ക്ക് ചെയ്തിട്ടുള്ള ബാലറ്റുകള്‍ പത്ത് ദിവസത്തിനുള്ളിലും വിദേശത്തുനിന്നുള്ള വോട്ടുകള്‍ 15 ദിവസത്തിനുള്ളിലും സ്വീകരിക്കാന്‍ നിയമം അനുവദിക്കുന്നുണ്ട്. കൃത്യത ഉറപ്പാക്കുന്നതിന് തിടുക്കത്തില്‍ ഫലം പ്രഖ്യാപിക്കുന്നതിനുപകരം എല്ലാ ബാലറ്റുകളും പരിശോധിച്ചശേഷം ഫലം പുറത്തുവിടാനാണ് അധികൃതര്‍ തീരുമാനിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

നേരിട്ട് വോട്ട് ചെയ്തതായാലും തപാല്‍ വഴി അയച്ചതായാലും എല്ലാ ബാലറ്റുകളും സംസ്ഥാന തലസ്ഥാനമായ ജൂനോയിലേക്ക് എത്തണം. നഗരപ്രദേശങ്ങളിലെ ചില വോട്ടെടുപ്പ് കേന്ദ്രങ്ങളില്‍നിന്ന് തിരഞ്ഞെടുപ്പ് സാമഗ്രികള്‍ അന്നുതന്നെ വിമാനത്തില്‍ അയക്കാന്‍ കഴിയുമെങ്കിലും വിദൂര ഗ്രാമങ്ങളില്‍നിന്നുള്ള ബാലറ്റുകള്‍ എത്താന്‍ കൂടുതല്‍ സമയമെടുക്കും.അലാസ്‌ക സീപ്ലെയിന്‍സ് പോലുള്ള വിമാനക്കമ്പനികള്‍ ബാലറ്റുകള്‍ ജൂനോയിലേക്ക് എത്തിക്കും. അവിടെ തപാല്‍ ഓഫീസില്‍ കൈമാറിയശേഷം തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ലഭ്യമാക്കുകയാണ് ചെയ്യുന്നത്.

നേരിട്ടുള്ള വോട്ടുകളും തപാല്‍ വോട്ടുകളും ജൂനോയില്‍ എത്തി പരിശോധന പൂര്‍ത്തിയായശേഷമാണ് അന്തിമ ഫലം പ്രഖ്യാപിക്കുക. ആദ്യഘട്ട വോട്ടെണ്ണലില്‍ ഒരു സ്ഥാനാര്‍ഥിക്കും 50 ശതമാനത്തിലധികം വോട്ട് ലഭിച്ചില്ലെങ്കില്‍ റാങ്ക്ഡ് ചോയ്‌സ് വോട്ടിങ് സംവിധാനം ഉപയോഗിക്കും. ഏറ്റവും കുറവ് വോട്ട് ലഭിച്ച സ്ഥാനാര്‍ഥികളെ ഒഴിവാക്കി അവരുടെ വോട്ടുകള്‍ വോട്ടര്‍മാര്‍ രേഖപ്പെടുത്തിയ രണ്ടാം മുന്‍ഗണന അനുസരിച്ച് മറ്റ് സ്ഥാനാര്‍ഥികള്‍ക്ക് കൈമാറും. ഇതോടെയാണ് സെനറ്റ്, ഗവര്‍ണര്‍, ജനപ്രതിനിധി സഭാ തിരഞ്ഞെടുപ്പുകളിലെ വിജയികളെ അന്തിമമായി പ്രഖ്യാപിക്കുക. ഇതിനിടെ, തപാല്‍ വോട്ടുകളില്‍ എത്രയെണ്ണം തള്ളിയെന്ന വിവരവും ബന്ധപ്പെട്ട വോട്ടര്‍മാരുടെ വിവരങ്ങളും ആവശ്യപ്പെട്ട പെല്‍റ്റോളയുടെ പ്രചാരണസംഘത്തിന്റെ ഹര്‍ജി കോടതി നിരസിച്ചു. വോട്ടര്‍മാരുടെ സ്വകാര്യത സംരക്ഷിക്കേണ്ടതുണ്ടെന്നാണ് സംസ്ഥാനത്തിന്റെ നിലപാട്.

We must wait until November 18 to know the full results from Alaska! Why is there a delay in the election results from the largest state in the U.S.?

Share Email
Top