രണ്ട് പതിറ്റാണ്ടിന് ശേഷം പശ്ചിമബംഗാളിലെ ഒരു സര്‍ക്കാര്‍ സ്‌കൂളില്‍ ബുധനാഴ്ച എല്ലാ വിദ്യാര്‍ഥികളും ഒരുമിച്ചിരുന്ന് ഒരേ ഭക്ഷണം കഴിച്ചു. വ്യത്യസ്ത മതവിഭാഗങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് വെവ്വേറെ ഭക്ഷണം വിളമ്പുന്ന സമ്പ്രദായത്തിനെതിരേ പ്രതിഷേധം വ്യാപകമായതോടെയാണ് ഈ മാറ്റം. പുര്‍ബ ബര്‍ധമാന്‍ ജില്ലയിലെ നാദന്‍ ഘട്ട് പ്രദേശത്തെ കിഷോരിഗഞ്ച് മന്‍മോഹന്‍പുര്‍ പ്രൈമറി സ്‌കൂളിലാണ് സംഭവം.
സ്‌കൂളില്‍ പഠിക്കുന്ന ഹിന്ദു, മുസ്ലീം മതവിഭാഗങ്ങളിലെ കുട്ടികള്‍ക്കാണ് വ്യത്യസ്തമായ ഭക്ഷണം പാകം ചെയ്ത് നല്‍കിയിരുന്നത്. ഇതിനെതിരേ വ്യാപകമായ പ്രതിഷേധം ഉയരുകയും മാധ്യമങ്ങൾ വിമര്‍ശനവുമായി രംഗത്തെത്തുകയും ചെയ്തിരുന്നു. സംഭവം വിവാദമായതോടെ സ്‌കൂള്‍ അധികൃതര്‍ ഇക്കഴിഞ്ഞ ദിവസം സ്‌കൂളില്‍ പഠിക്കുന്ന വിദ്യാര്‍ഥികളുടെ മാതാപിതാക്കളുടെ ഒരു യോഗം വിളിച്ചുചേര്‍ത്തിരുന്നു. യോഗത്തില്‍ വിവേചനപരമായ ആചാരം അവസാനിപ്പിക്കാൻ അധ്യാപകരും രക്ഷിതാക്കളും ഒന്നിച്ച് തീരുമാനമെടുത്തു. ഒരു സാഹചര്യത്തിലും ഈ സമ്പ്രദായം തുടരാന്‍ അനുവദിക്കുകയില്ലെന്ന് അധ്യാപകര്‍ വ്യക്തമാക്കി.
20 വര്‍ഷത്തോളമായി വ്യത്യസ്തമായ ഭക്ഷണമാണ് വിദ്യാര്‍ഥികള്‍ കഴിക്കുന്നതെങ്കിലും അവര്‍ ഒരുമിച്ച് ക്ലാസുകളില്‍ പങ്കെടുക്കുകയും ഒരേ ബെഞ്ചുകളില്‍ ഇരിക്കുകയും ചെയ്യാറുണ്ട്.
ഹിന്ദുക്കളായ വിദ്യാര്‍ഥികള്‍ക്ക് അവരുടെ മതവിഭാഗത്തില്‍പ്പെട്ടയാളാണ് ഭക്ഷണം പാകം ചെയ്ത് നല്‍കിയിരുന്നത്. അതേസമയം, മുസ്ലീം കുട്ടികള്‍ക്ക് മുസ്ലിം മതവിഭാഗത്തില്‍ നിന്നുള്ളയാളാണ് ഭക്ഷണം തയ്യാറാക്കി നല്‍കിയിരുന്നത്. ഇരു വിഭാഗങ്ങള്‍ക്കും പ്രത്യേകം പ്ലേറ്റുകള്‍, പാത്രങ്ങള്‍, സ്പൂണുകള്‍, വ്യത്യസ്തമായ ഗ്യാസ് സ്റ്റൗ, ഓവനുകള്‍ എന്നിവയാണ് ഉപയോഗിച്ചിരുന്നത്.
മുമ്പ് സ്‌കൂളില്‍ രണ്ട് വ്യത്യസ്ത ഭക്ഷണരീതി തുടരുന്നതില്‍ പ്രധാനാധ്യാപകന്‍ നിസ്സഹായത പ്രകടിപ്പിച്ചിരുന്നു. “ഈ സമ്പ്രദായം എനിക്കും വേണമെന്നില്ല, ഇത് ഞങ്ങളുടെ ചെലവ് ഇരട്ടിയാക്കി. സ്‌കൂള്‍ കൂടുതല്‍ മെച്ചപ്പെടുത്താനായി ഞാന്‍ ആഗ്രഹിക്കുന്നുണ്ട്. എന്നാല്‍, എനിക്ക് ഒന്നും ചെയ്യാന്‍ കഴിയുന്നില്ല. നിലവിലുള്ള രീതി മാറ്റാന്‍ എനിക്ക് അധികാരമില്ല,” ഇന്ത്യ ടുഡെയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.