വാഷിങ്ടൺ: ഇറാന്റെ പുതിയ പരമോന്നത നേതാവ് ആയത്തുള്ള മൊജ്തബ ഖമേനി ജീവിച്ചിരിപ്പുണ്ടെന്നും രാജ്യത്തിന്റെ ഭരണ-സുരക്ഷാ കാര്യങ്ങളിൽ കൂടുതൽ സജീവമായി ഇടപെടുന്നുണ്ടെന്നുമുള്ള വിലയിരുത്തൽ പങ്കുവെച്ച് അമേരിക്കൻ വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ. ചൊവ്വാഴ്ച യുഎസ് സെനറ്റ് ഫോറിൻ റിലേഷൻസ് കമ്മിറ്റിക്ക് മുന്നിൽ നടത്തിയ പ്രസ്താവനയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഇറാൻ ഭരണകൂടത്തിന്റെ വിവിധ തലങ്ങളിൽ മൊജ്തബ ഖമേനിയുടെ സ്വാധീനവും സാന്നിധ്യവും വർധിച്ചുവരുന്നതായി സൂചിപ്പിക്കുന്ന വിവരങ്ങളാണ് ലഭിക്കുന്നതെന്ന് റൂബിയോ പറഞ്ഞു. നിലവിലെ സാഹചര്യത്തിൽ രാജ്യത്തെ നിർണായക തീരുമാനങ്ങളിലെല്ലാം അദ്ദേഹത്തിന്റെ ഇടപെടൽ ശക്തമായിരിക്കുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
യുദ്ധത്തിന്റെ ആദ്യഘട്ടത്തിൽ നടന്ന ശക്തമായ ആക്രമണത്തിലാണ് മൊജ്തബ ഖമേനിയുടെ പിതാവും രാജ്യത്തെ പ്രമുഖ സൈനിക നേതാക്കളും കൊല്ലപ്പെട്ടത്. അതേ ആക്രമണത്തിൽ മൊജ്തബ ഖമേനിക്കും ഗുരുതര പരിക്കേറ്റതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. തുടർന്ന് അദ്ദേഹം പൊതുരംഗത്ത് പ്രത്യക്ഷപ്പെടാതിരുന്നത് ആരോഗ്യനിലയെക്കുറിച്ചും രാജ്യത്തിന്റെ നേതൃത്വത്തിൽ അദ്ദേഹത്തിനുള്ള പങ്കിനെക്കുറിച്ചും വ്യാപക അഭ്യൂഹങ്ങൾക്ക് വഴിവെച്ചിരുന്നു.
എന്നാൽ നിലവിൽ മുതിർന്ന ഇറാനിയൻ ഉദ്യോഗസ്ഥരുമായി ചേർന്ന് സുരക്ഷാ-യുദ്ധ തന്ത്രങ്ങൾ രൂപീകരിക്കുന്നതിൽ മൊജ്തബ ഖമേനി നിർണായക പങ്കുവഹിക്കുന്നുണ്ടെന്നാണ് യുഎസ് രഹസ്യാന്വേഷണ ഏജൻസികളുടെ വിലയിരുത്തലെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇറാനിലെ അധികാരഘടനയിലും ഭരണനയങ്ങളിലും വരും ദിവസങ്ങളിൽ കൂടുതൽ മാറ്റങ്ങൾ ഉണ്ടായേക്കാമെന്ന സൂചനകളാണ് ഈ വിലയിരുത്തലുകൾ നൽകുന്നത്. മേഖലയിലെ രാഷ്ട്രീയ-നയതന്ത്ര സാഹചര്യങ്ങളെ ഇത് സ്വാധീനിക്കുമെന്നും അന്താരാഷ്ട്ര നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു.













