ജനീവ: മിഡിൽ ഈസ്റ്റിൽ നിലവിലുള്ള യുദ്ധം ഉടനടി നിർലാഹാമാക്കിയാൽ പോലും, തകിടം മറിഞ്ഞ ആഗോള മാനുഷിക വിതരണ ശൃംഖലകൾ 2027-ന് മുൻപ് പൂർണ്ണസ്ഥിതിയിലാകില്ലെന്ന് ഐക്യരാഷ്ട്രസഭ മുന്നറിയിപ്പ് നൽകി. ഫെബ്രുവരി 28-ന് ഇറാനുനേരെ അമേരിക്കയും ഇസ്രായേലും നടത്തിയ ആക്രമണത്തെത്തുടർന്ന് പൊട്ടിപ്പുറപ്പെട്ട പശ്ചിമേഷ്യൻ യുദ്ധം നൂറു ദിവസത്തോടടുക്കുമ്പോൾ, ഇതിന്റെ പ്രത്യാഘാതങ്ങൾ മിഡിൽ ഈസ്റ്റ് മേഖലയ്ക്കും അപ്പുറത്തേക്ക് ആഗോളതലത്തിൽ പടർന്നിരിക്കുകയാണെന്ന് യുണിസെഫിന്റെ ആഗോള ഗതാഗത-ലോജിസ്റ്റിക്സ് വിഭാഗം മേധാവി ജീൻ സെഡ്രിക് മീവസ് വ്യക്തമാക്കി. ജനീവയിൽ നടന്ന വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഈ ആശങ്ക പങ്കുവെച്ചത്.
ആഗോളതലത്തിലുള്ള വിതരണ ശൃംഖലകളിലുണ്ടായ തടസ്സങ്ങളും ഗതാഗത റൂട്ടുകളിലെ കടുത്ത തിരക്കും ഉയർന്ന ചെലവുകളും ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് കുട്ടികളുടെ ജീവിതത്തെയാണ് നേരിട്ട് ബാധിക്കുന്നത്. പശ്ചിമേഷ്യയിലേക്കുള്ള പ്രധാന കപ്പൽ പാതകളിലും തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിലും ഉണ്ടായ തടസ്സങ്ങൾ വളരെ പെട്ടെന്നാണ് ലോകവ്യാപകമായ ഒരു മാനുഷിക പ്രതിസന്ധിയായി മാറിയത്. ആഗോളതലത്തിൽ തന്നെ സാമ്പത്തിക പ്രതിസന്ധി നിലനിൽക്കുന്ന ഈ സാഹചര്യത്തിൽ, വിതരണ ശൃംഖലയിലെ വിട്ടുമാറാത്ത കാലതാമസവും ഉയർന്ന പ്രവർത്തനച്ചെലവും കാരണം യുണിസെഫ് പോലുള്ള സംഘടനകൾക്ക് അങ്ങേയറ്റം ബുദ്ധിമുട്ടേറിയ തീരുമാനങ്ങൾ എടുക്കേണ്ടി വരികയാണ്.
വരുന്ന ദിവസങ്ങളിൽ എന്തെങ്കിലും തരത്തിലുള്ള സമാധാന കരാറുകൾ നിലവിൽ വരികയും ഹോർമുസ് കടലിടുക്ക് വീണ്ടും തുറന്നു കൊടുക്കുകയും ചെയ്താൽ പോലും, ഈ വർഷം അവസാനിക്കുന്നതിന് മുൻപ് യുണിസെഫിന്റെ വിതരണ ശൃംഖലകളിൽ യാതൊരുവിധ പുരോഗതിയും ഉണ്ടാകാൻ സാധ്യതയില്ലെന്ന് ജീൻ സെഡ്രിക് മീവസ് കൂട്ടിച്ചേർത്തു. യുദ്ധം തകർത്ത പശ്ചിമേഷ്യൻ ജനതയ്ക്ക് മാത്രമല്ല, ലോകമെമ്പാടുമുള്ള അശരണരായ ജനവിഭാഗങ്ങളിലേക്കും കുട്ടികളിലേക്കും അവശ്യസാധനങ്ങളും മരുന്നുകളും എത്തിക്കുന്ന പ്രക്രിയ വരും വർഷങ്ങളിലും കടുത്ത വെല്ലുവിളിയായി തുടരുമെന്നാണ് യുഎൻ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.













